തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങിനെ മൃഗശാലയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന് പരിസരത്തെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇവിടെനിന്ന് താഴെയിറിക്കി ഇതിനെ കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വൈകീട്ട് ഹനുമാൻ കുരങ്ങ് അനിമൽ കീപ്പർമാരുടെ കണ്ണുവെട്ടിച്ച് വലിയ മരത്തിലേക്കു ചാടിക്കയറുകയായിരുന്നു. തുടർന്ന് മരങ്ങളിൽനിന്നു ചാടി മൃഗശാലയ്ക്കു പുറത്തെത്തി. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃഗശാലയ്ക്കുള്ളിൽ നിന്നു തന്നെ കുരങ്ങിനെ കണ്ടെത്തിയത്.വലിയ മരങ്ങളിൽനിന്നു കൂടുതൽ ഉയരങ്ങളിലേക്കു ചാടിക്കയറുന്നതിനാൽ ഇവയെ പിടിക്കുന്നത് വളരെ ശ്രമകരമാണ്. കൂടാതെ ഇവയ്ക്ക് ആരോഗ്യവും കൂടുതലാണ്.