വയനാട്: കാട്ടാന ശല്യം രൂക്ഷമായ ചെതലയം റേഞ്ചിലെ ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് വനംവകുപ്പുദ്യോഗസ്ഥർ. ഇരുളം, മരിയനാട്, പാമ്പ്ര, ചേലക്കൊല്ലി മേഖലകളിൽ കുങ്കിയാനകളെ ഉപയോഗിച്ച് ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങളാണ് ഇന്ന് പുരോഗമിക്കുന്നത്. മുത്തങ്ങയിൽ നിന്നുള്ള ഉണ്ണികൃഷ്ണൻ, കുഞ്ചു എന്നീ കുങ്കികളെയാണ് ഇതിനായി ഇവിടെയെത്തിച്ചിരിക്കുന്നത്. ഇരുളം മേഖലയിൽ രാപകലെന്യേ വ്യാപക നാശനഷ്ടങ്ങൾ വരുത്തുന്ന കാട്ടാനകൾ, വനത്തിലേക്ക് തിരികെ പോകാതെ പകൽ സമയങ്ങളിൽ സമീപത്തെ എസ്റ്റേറ്റിനുള്ളിൽ തമ്പടിക്കുകയാണ്. ഇന്നലെ മാത്രം പാമ്പ്ര ചേലകൊല്ലിയിലെ സ്വകാര്യ തോട്ടത്തിൽ ആന് കാട്ടാനകൾ തമ്പടിച്ചു. ഈ സാഹചര്യത്തിലാണ് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കാട്ടാനകളെ തുരത്താൻ വനം വകുപ്പ് തീരുമാനിച്ചത്. നേരത്തെ തൃശ്ശൂരിൽ ഇതേരീതിയിൽ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തിയത് വനംവകുപ്പിന് ആത്മവിശ്വാസം പകർന്നിരുന്നു