വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ

 

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള തര്‍ക്കം. കാലങ്ങളായി കള്ളക്കടത്തുകാരെ സഹായിച്ച ഉദ്യോഗസ്ഥര്‍ ഒരുവര്‍ഷത്തോളമായി കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തിരുന്നു. വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിന്തുണ അനിവാര്യമാണ്. കള്ളക്കടത്ത് പിടിക്കുന്നതും ഇങ്ങനെ തന്നെ. കള്ളക്കടത്തുകാരും കളങ്കിതരായ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളികള്‍ അങ്ങനെ പലവിധമുണ്ട്.
വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ കൂട്ടുനിന്നതിനാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരായ കെ.എ. അനീഷിനെയും എസ്. നിധിനെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ അറിവോടെ പലവട്ടം സ്വര്‍ണം കടത്തിയിട്ടുണ്ടെന്നന്ന് അബുദാബിയില്‍നിന്നെത്തിയ രണ്ടുപേര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ രേഖാമൂലം അറിയിച്ചതാണ് അറസ്റ്റിലേക്ക് വഴിവെച്ചത്.
ജൂണ്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണം പിടികൂടുന്നത്. തുടര്‍ന്ന് ജൂണ്‍ ആറിനാണ് അബുദാബിയില്‍നിന്നെത്തിയ രണ്ടുപേര്‍ അനീഷിനും നിധിനുമെതിരേ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്. അനീഷിന്റെ അറിവോടെയാണ് നാലാം തീയതി സ്വര്‍ണം കൊണ്ടുവന്നതെന്നും തങ്ങളെ ഒറ്റിയത് കൊണ്ടാണ് സ്വര്‍ണം പിടിക്കപ്പെട്ടതെന്നും പറഞ്ഞ് അവര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.
അനീഷിനും നിധിനുമെതിരായ പരാതി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറിയ ശേഷം ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലിയില്‍നിന്ന് പിൻവലിക്കുകയും കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡി.ആര്‍.ഐ. വിഭാഗം നടത്തിയ പരിശോധനയില്‍ നിധിന്റെയും അനീഷിന്റെയും പങ്ക് വ്യക്തമായതോടെയാണ് വ്യാഴാഴ്ച അറസ്റ്റുണ്ടായത്. എറണാകുളത്തെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
സാധാരണഗതിയില്‍ കള്ളക്കടത്ത് പിടികൂടിയാല്‍ അതിന് കൂട്ടുനിന്നവര്‍ കസ്റ്റഡിയിലാവുകയാണ് പതിവ്. വലിയ കടത്തല്ലെങ്കില്‍ പിഴ അടച്ച്‌ ആളുകളെ വിടും. എന്നാല്‍ ഇത്തവണ സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍, പിടിയിലായവര്‍ പ്രതിഷേധിച്ചു. ആ പ്രതിഷേധം ചെന്നെത്തിയതോ അനീഷിന്റെയും നിധിന്റെയും അറസ്റ്റിലും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കസ്റ്റംസ് ഇൻസ്പെക്ടര്‍മാരായ ഇരുവരും
ചേര്‍ന്ന് സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തു വരികയായിരുന്നു.
ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരും തമ്മിലുള്ള കോക്കസ് – ‘സെറ്റിങ്’ എന്നാണ് അറിയപ്പെടുന്നത്. ഉദ്യോഗസ്ഥൻ ആരാണെന്ന് സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍ അറിയണമെന്നില്ല. എന്നാല്‍ ഉദ്യോഗസ്ഥന് ആരാണ് സ്വര്‍ണം കടത്തുന്നതെന്ന് വ്യക്തമായ വിവരങ്ങളുമുണ്ടാകും. കാരിയര്‍ വരുമ്ബോള്‍ ഉദ്യോഗസ്ഥൻ കണ്ണടയ്ക്കും. ശുഭം, ആര്‍ക്കും സംശയമില്ലാതെ സ്വര്‍ണം വെളിയിലെത്തും.
എന്നാല്‍ ജൂണ്‍ നാലിന്, 2.25 കോടിയില്‍ അധികം വിലവരുന്ന നാല് കിലോ സ്വര്‍ണം പിടിച്ചപ്പോഴാണ് സ്വര്‍ണക്കടത്തുകാരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിവരങ്ങള്‍ ചോര്‍ന്നത്. ഇത്രയും വലിയ അളവില്‍ സ്വര്‍ണം വിമാനത്താവളം വഴി കടത്താൻ തയ്യാറായെങ്കില്‍ അതിനര്‍ഥം തങ്ങളുടെ ആള്‍ എല്ലാം നോക്കിക്കോളും എന്നുള്ള ഉറപ്പ് ഉള്ളതുകൊണ്ടായിരുന്നു. കള്ളക്കടത്ത് സംഘവുമായി തെറ്റിയ അനീഷാണ് നാല് കിലോ സ്വര്‍ണം കടത്തുന്ന വിവരം ഡി.ആര്‍.ഐയ്ക്ക് ചോര്‍ത്തി നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്വര്‍ണത്തിന്റെ വിലയുടെ 20% പാരിതോഷികം ഇൻഫോര്‍മര്‍ക്കു ലഭിക്കും. ഇതായിരുന്നു ലക്ഷ്യമെന്നാണ് കള്ളക്കടത്ത് സംഘം സംശയിക്കുന്നത്. ഇതോടെ ഉദ്യോഗസ്ഥൻ പറ്റിച്ചെന്ന് മനസ്സിലാക്കി കാരിയര്‍മാര്‍ വിമാനത്താവളത്തില്‍ ബഹളം വെച്ചത്. അതിന് ധൈര്യം വരാൻ കാരണമെന്താണെന്നതാണ് ഇപ്പോഴത്തെ സംശയം. സാധാരണഗതിയില്‍ സ്വര്‍ണം പിടിച്ചാലും ഇത്തരം പ്രകോപനങ്ങള്‍ സംഭവിക്കാറില്ല. കൂട്ടത്തിലുള്ളവരെ ഒറ്റുക്കൊടുക്കാറുമില്ല. ഇത് ഉദ്യോഗസ്ഥര്‍ക്കിടയിലും കടത്തുകാര്‍ക്കിടയിലുമുള്ള ചേരിപ്പോരാണെന്ന സംശയവും ഉയരുന്നുണ്ട്.
ജൂണ്‍ നാലിന് നടന്നത് കള്ളക്കടത്തുകാരും ഉദ്യോഗസ്ഥനും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ വിള്ളലിന്റെ ആകെത്തുകയാണ്. ഒരുകൊല്ലമായി നിര്‍ബാധം തുടര്‍ന്നുവന്ന കള്ളക്കടത്തിന് തടസമുണ്ടാക്കിയ വനിതാ ഉദ്യോഗസ്ഥയെ കുടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന് കള്ളക്കടത്തുകാരുമായി നടത്തിയ വോയ്സ് ക്ലിപ്പാണ് പുതിയ തെളിവ്. സ്വര്‍ണം പിടിച്ച സമയത്ത് കള്ളക്കടത്തുകാര്‍ കസ്റ്റംസ് കമ്മിഷണറെ കാണാൻ ശ്രമിച്ചെങ്കിലും അകത്തേക്ക് കടത്തിവിടാൻ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പിന്നാലെ കൊച്ചിക്ക് വണ്ടിപിടിച്ച സംഘം അവിടുന്ന് ഗള്‍ഫിലേക്ക് കടന്ന് വീണ്ടും തിരുവനന്തപുരത്തെത്തി, അങ്ങനെ കസ്റ്റംസ് കമ്മിഷണറെ കണ്ടാണ് ‘സെറ്റിങ്ങിന്റെ’ വിവരങ്ങള്‍ പുറത്താക്കിയത്.
ഒരു കസ്റ്റംസ് ഇൻസ്പെക്ടര്‍ തങ്ങളോടു പറയുന്ന വോയ്സ് ക്ലിപ്പടക്കമുള്ള തെളിവുകള്‍ ഇവര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതോടെ വലിയൊരു ചതി കൂടെയാണ് പുറത്തായത്. ’80 കിലോഗ്രാം സ്വര്‍ണം ഞാൻ കലക്കനായി ഇറക്കിത്തന്നിട്ടില്ലേ’ എന്നുവരെ ഇതില്‍ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. വിമാനത്താവളത്തിലെ വനിതാ ഓഫീസറെ വിമാനത്താവളത്തില്‍നിന്ന് സ്ഥലം മാറ്റാൻ കള്ളക്കടത്തു സംഘത്തിന്റെ സഹായത്തോടെ ശ്രമം നടന്നിരുന്നു. സ്വര്‍ണം കടത്തുന്നുണ്ട് എന്ന വ്യാജവിവരം വെച്ച്‌ ഒരു സ്ത്രീയുടെ വിവരങ്ങള്‍ ഈ ഉദ്യോഗസ്ഥയ്ക്ക് നല്‍കുകയും അവരെക്കൊണ്ട് ആ വനിതയെ പരിശോധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. സ്വാഭാവികമായും വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ ഉദ്യോഗസ്ഥ യാത്രക്കാരിയെ പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കിട്ടാത്തതിനാല്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇങ്ങനെ പരിശോധിച്ചെങ്കിലും അവര്‍ പരാതി നല്‍കാൻ കൂട്ടാക്കിയില്ല. എന്നാല്‍ ഇതിന് കാരണം കള്ളക്കടത്ത് സംഘങ്ങളാണെന്നാണ് ഉദ്യോഗസ്ഥൻ ധരിച്ചത്.
ഇതിന് പിന്നാലെയാണ് ഫോണ്‍ വിളിയുണ്ടായതും അത് അവര്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത്. ഇതില്‍ സ്വര്‍ണക്കടത്തിനു കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരുടെ പേരുകളും അവരെ സ്ഥലം മാറ്റാനുള്ള തന്ത്രങ്ങളും പങ്കുവെയ്ക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അതീവ സമ്മര്‍ദ്ദത്തിലാണ്. കൂടെയുള്ളവര്‍ തന്നെ ചതിച്ചേക്കാമെന്ന ഭയവുമായി എങ്ങനെ കാര്യക്ഷമമായി ജോലി ചെയ്യാനൊക്കും? കൂടെയുള്ളവര്‍ ചതിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ തന്റെ മേലുദ്യോഗസ്ഥന് ഒരാഴ്ച മുമ്ബാണ് കത്തെഴുതിയത്. അതും തിരുവനന്തപുരത്ത്.
സ്വര്‍ക്കടത്ത് പിടിക്കാൻ സാധാരണ കള്ളക്കടത്ത് സംഘത്തിന്റെ എതിരാളികളില്‍നിന്നാണ് മിക്കപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിക്കുക. വിപണിയിലെ മേധാവിത്വത്തിന് പരസ്പരം പോരടിക്കുന്ന സംഘങ്ങള്‍ എതിരാളികള്‍ മുന്നിലെത്തുന്നത് തടയാൻ അവരെ ഒറ്റാറുണ്ട്. അത് പക്ഷെ അറ്റകൈ പ്രയോഗമെന്ന പോലെയാണ്. എന്നാല്‍ ഇങ്ങനെ കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് അവരുടെ സഹായികളായി മാറാതിരിക്കാനുള്ള ജാഗ്രത പക്ഷെ വിമാനത്താവളങ്ങളിലോ ആഭ്യന്തര നിരീക്ഷണങ്ങളിലോ ഉണ്ടാകുന്നില്ല. അതാണ് സംസ്ഥാനത്തുടനീളം വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്ത് നടക്കുന്നതിന് കാരണം. നേരത്തെ കോഴിക്കോട് കേന്ദ്രീകരിച്ച നടന്നിരുന്ന കള്ളക്കടത്ത് ഇപ്പോള്‍ കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും മംഗലാപുരവുമൊക്കെ നടക്കുന്നുണ്ട്. ഒരേ സ്ഥലത്ത് എല്ലാം കേന്ദ്രീകരിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാതിരിക്കാനാണ്. അങ്ങനെ വരുമ്ബോള്‍ വിദേശത്തേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വരുന്ന വിമാനത്താവളങ്ങളില്‍ ഉള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ ശൃംഘല തന്നെ പപ്പോഴും കള്ളക്കടത്തുകാര്‍ക്കുണ്ടാകും. അത് കണ്ടെത്താൻ പക്ഷെ സംവിധാനങ്ങളില്ല. തിരുവനന്തപുരത്തെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തെങ്കിലും അത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കള്ളക്കടത്തുകാരെ പിണക്കി ഉദ്യോഗസ്ഥര്‍ക്കും അവരെ പിണക്കി കള്ളക്കടത്തുകാര്‍ക്കും നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ പരസ്പരം കൈകോര്‍ത്ത സെറ്റിങ്ങാണ് ഇതിലെ കണക്കുകള്‍. ഇനി വിഴിഞ്ഞം തുറമുഖം കൂടി തുറന്നാൽ തലസ്ഥാനം ലഹരിയുടേയും സ്വർണ്ണക്കടത്തിന്റേയും ഒരു ഹബ് ആയി മാറും