സ്വപ്നാ സുരേഷിൻ്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൻ്റെ തുടർച്ചയല്ലെ ;പുതിയ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദവും.

തിരുഃ നമ്മുടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോൾ കുത്തഴിഞ്ഞ് താറുമാറായി കിടക്കുന്ന അവസ്ഥയിലാണ്. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒന്നു കഴിയുമ്പോഴേയ്ക്കും അടുത്ത വിവാദം വരുന്നു. ഇപ്പോൾ വിദ്യാഭ്യാസ വെറും കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ധനം ആർജ്ജിക്കാനുള്ള എളുപ്പവഴിയായി അത് മാറിയിരിക്കുന്നു. വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് അധ്യാപക ജോലി നേടാൻ ശ്രമിച്ചതും ഡിഗ്രി ജയിക്കാതെ പി.ജി യ്ക്ക് അഡ് മിഷൻ ലഭിച്ചതുമെല്ലാം സർക്കാർ സ്ഥാപനങ്ങളുടെ വിശ്വാസ്തതയെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിനാൽ തന്നെയാണ് മിടുക്കരായ വിദ്യാർത്ഥികൾ തുടർപഠനത്തിനായി കേരളം വിട്ടുപോകുന്ന സ്ഥിതി കുറെക്കാലമായി നിലവിലുള്ളത്. ഇവിടെ നിന്നും വിദ്യാർത്ഥികൾ എന്തു വില കൊടുത്തും ലോ കോത്തരമെന്ന് കൊട്ടിഘോഷിക്കപെടുന്നയിടങ്ങളിലേക്ക് ചെക്കേറുന്നതിൻ്റെ പിന്നിലെ യഥാർത്ഥ വസ്തുത നമ്മുടെ സർക്കാർ സർവ്വകലാശാലകളുടെ നിലവാര തകർത്തകർച്ച തന്നെ. ഗുരുതരമായ മസ്തിഷ്ക്ക ചോർച്ചയാണ് സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുള്ള വിദ്യാർത്ഥിയെ അനധികൃതമായി കോളേജിൽ പ്രവേശിപ്പിക്കാൻ എല്ലാ സംവിധാങ്ങളും ഒരുമിച്ച കാഴ്ചയാണ് ഇവിടെ കണ്ടത്. രാഷ്ട്രിയ സ്വാധീനത്താൽ വിദ്യാർത്ഥികൾക്കും ഒരു കൂട്ടം അധ്യാപകർക്കും ജീവനക്കാർക്കും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ പന്താടാൻ പറ്റുന്നു എന്നത് ലജ്ജാവഹമാണ്. ബിരുദങ്ങൾ വിലയ്ക്കു വെച്ചിരിക്കുന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങളുടെ പോക്ക്. ഫലമോ, തകരുന്നത് നമ്മുടെ അക്കാദമിക് രംഗവും. പരീക്ഷ പാസാകത്തവരും മാർക്ക് കുറഞ്ഞവരും എന്ത് വില കൊടുത്തും വ്യാജ ബിരുദങ്ങൾ സമ്പാദിച്ചും സർവ്വകലാശാലകളിലും കോളേജുകളിലും പള്ളിക്കൂടം പോലും കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ദല്ലാളുകളുടെ ഒത്താശയോടെ കയറിക്കൂടി അക്കാദമിക് രംഗം താറുമാറാക്കി കൊണ്ടിരിക്കുന്നു എന്നത് നാടിനെ സ്നേഹിക്കുന്നവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. പക്ഷേ അതാണ് ഇപ്പോൾ ഇവിടെ നടമാടിക്കൊണ്ടിരിക്കുന്നത്. വൈസ് ചാൻസലമാർ മുതൽ അദ്ധ്യാപകർ വരെ കലാലയത്തിൽ രാഷ്ട്രീയ ചേരിതിരിവ് സൃഷ്ടിച്ച് അവയെ കലാപ കേന്ദ്രങ്ങളാക്കി മാറ്റി കൊണ്ടിരിക്കുന്നു. അച്ചടക്കത്തിനും ബഹുമാനത്തിനുമൊക്കെ ഇന്ന് അന്ത്യം വന്നിരിക്കുന്നു. വൈസ് ചാൻസലർ മുതൽ പ്രിൻസിപ്പൾമാരും അധ്യാപകരും അടക്കം രാഷ്ട്രീയ ലേബലിൽ വിലസുന്ന ക്രിമിനലുകളായ ശിഷ്യഗണങ്ങളാൽ ഭൽസിക്കപെട്ട് ഭീതിയോടെ കഴിയുന്നു. പല ഹയർ സെക്കൻഡറി സ്ക്കുളിലും പ്രിൻസിപ്പൽ മാരും വേണ്ടത്ര അധ്യാപകരും ഇല്ല. പുതിയ കാലത്തിൻ്റെ കോഴ്സുകളും മികച്ച സാങ്കേതിക കലാലയങ്ങളും കേരളത്തിൽ കുറവാണ്. അധ്യാപക നിയമനങ്ങൾ വലിയൊരളവുവരെ രാഷ്ട്രിയ വത്ക്കരിച്ചു. ഫലമോ കലാലയങ്ങൾ രാഷ്ട്രിയക്കളരികളായി അധപതിച്ചു.
അതിൻ്റെയൊക്കെ തുടർച്ചതന്നെയാണ് ഇത്തരം തട്ടിപ്പുകൾ. പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഇതെല്ലാം ജനമറിയുന്നത്. ഇനിയും പിടികൊടുക്കാതെ എത്ര വ്യാജന്മാർ വിലസുന്നുണ്ടെന്ന് ആർക്കുമറിയില്ല. .അച്ചടക്കവും ഗുരുശിഷ്യബന്ധവും കിട്ടാക്കനിയായി മാറിയിരിക്കുന്നു .ഈ ക്രിമിനൽ മനസ്ഥിതിയുള്ള ശിഷ്യഗണങ്ങൾ നാളെ ഇതേ സ്ഥാനങ്ങളിൽ അനർഹമായി കയറി കൂടുമ്പോൾ അക്കാദമിക് രംഗം ചന്തയായി അധപതിക്കുന്നു. അച്ചടക്കവും വിവരവും വൈദഗ്ദ്യവും കൈമുതലായുള്ള മിടുക്കരെ പുകച്ച് പുറത്ത് ചാടിച്ച് വിദേശ രാജ്യങ്ങളിലേക്ക് നാടുകടത്തുമ്പോൾ ഇവിടുത്തെ സർവ്വകലാശാലകളും വിദ്യാലയങ്ങളും ഒന്നിനും കൊള്ളാത്ത, വിദ്വേഷം ചീറ്റുന്ന ക്രിമിനലുകളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളായി മാറുന്നു. അയോഗ്യതകൾ യോഗ്യതകൾക്ക് വഴിമാറുമ്പോൾ അക്കാദമിക് സ്ഥാപനങ്ങൾ ഒന്നിനും കൊള്ളാത്ത സ്ഥാപനങ്ങളായി മാറുന്നു. ഒരു പരീക്ഷ കൂടി സത്യസന്ധതയോടെ നടത്താനാകാത്ത ഈ സർവ്വകലാശാലകൾ ആർക്കു വേണ്ടി? എന്തിന് വേണ്ടി.? എന്ന് സാധാരണ ജനം ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ. സർവ്വകാലാശാലകളുടെ എണ്ണം കൂടുംതോറും അഴിമതികളും വർദ്ധിക്കുന്നു എന്നത് വാസ്തവമാണ്. സ്വന്തംഅഴിമതിക്കാരെ ഭരണകൂടം രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇവിടെ ഇല്ലാതാകന്നത് അവയുടെ വിശ്വസ്തതയാണ്. ഇൻറ വ്യൂ കളം പരീക്ഷകളും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള അവസരമാക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്നത് ഇവിടുത്തെ സാധാരണ പൗരൻമാർക്കാണ്. ഉറക്കമൊഴിച്ച് പഠിച്ചും പരീക്ഷയെഴുതിയും ഇൻറർവ്യൂ എന്ന പ്രഹസനത്തിൽ പങ്കെടുത്തും തങ്ങളെ തഴഞ്ഞ് മണ്ടൻമാരും ക്രിമിനൽ മനസ്ഥിതിക്കാരും മുന്നിലെത്തുമ്പോൾ ഇവിടെ തകരുന്നത് വിശ്വാസ്യതയും നീതിയും സത്യസന്ധതയും ജനാധിപത്യാശയങ്ങളുമാണ്. യോഗ്യത രാഷ്ടീയ പാർട്ടി അംഗത്വവും കുറുമായി മാറുമ്പോൾ ഇവിടെ തകർന്നടിയുന്നത് മികവുറ്റ ഗുണനിലവാരമുള്ളതാകേണ്ട അക്കാദമിക് സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ്. അപ്പോഴും ഭരണകൂടം ഇല്ലാത്ത സ്ഥിതിവിവരകണക്കുകൾ നിരത്തിച്ച് ഇവയെ ലോകോത്തര സ്ഥാപനങ്ങളായി പാടിപുകഴ്ത്തുന്നു. ഒരു കാലത്ത് ലോകോത്തര നിലവാരം പുലർത്തിയിരുന്ന നളന്ദ, തക്ഷ ശിലകൾ വാർത്തെടുത്തിരുന്നത് പതിനായിരകണക്കിന് മികവുറ്റ ശിഷ്യഗണങ്ങളെയാണ്.ഇവർ തന്നെയായിരുന്നു അക്കാദമിക് രംഗത്ത് വാണരുളിയിരുന്നതും, ഉന്നത വിദ്യാഭ്യാസ നിലവാരം നിലനിറുത്തിയിരുന്നതും, അത് തലമുറകളിലേക്ക് വിന്യസിച്ചിരുന്നതും. ഭാരതത്തിലെ ഈ സ്ഥാപനങ്ങളാണ് അന്ന് ലോകത്തിനു് മാതൃകകളായിരുന്നത്. പകരം ഇന്ന് ഇവിടുത്തെ ബിരുദങ്ങളെല്ലാം അക്ഷരത്തിൽ ഒതുങ്ങുന്നു. അധർമ്മ മാർഗങ്ങളിലൂടെ കയറി കൂടിയവർ നാളത്തെ ഒന്നിനും കൊള്ളാത്ത ശിഷ്യന്മാർക്ക് ജൻമം നൽകുന്നു.ഇവർ അക്കാദമിക് സ്ഥാപനങ്ങളെ, ലക്ഷ്യങ്ങളെ ശിഥിലമാക്കുന്നു. മിടുക്കർ വിലയുള്ള ബിരുദങ്ങൾക്കായി രാജ്യം വിടുന്നു.അവിടെ അതിനു ശേഷം താവളമാക്കുന്നു. ഇവിടുത്തെ വിലക്കു വാങ്ങിയ വ്യാജ ബിരുദങ്ങളുമായി കഴിവ് കുറഞ്ഞ ബിരുദധാരികൾ ഭരണകർത്താക്കളുടെ ഇഷ്ടക്കാരായി,ആ ജ്ഞാനുവർത്തികളായി തെറ്റുകൾ ആവർത്തിക്കുന്നു, ഭരണഘടന നൽകിയ തുല്യതകളും അവകാശങ്ങളും കാറ്റിൽ പറത്തി കൊണ്ട്, ജനാധിപത്യാശയങ്ങളെ ശിഥിലമാക്കി കൊണ്ട്, ഭൂരിപക്ഷത്തെ വിഡ്ഡികളാക്കി കൊണ്ട് . എന്ന് അക്കാദമിക് രംഗത്തെ രാഷ്ട്രീയ വിമുക്തമാക്കുന്നുവോ അന്നേ നമ്മുടെ അക്കാദമിക് രംഗം മികവുറ്റവയായി മാറുകയുള്ളൂ. അതില്ലാത്ത കാലത്തോളും കുരുടൻമാരും അയോഗ്യരും കപട ഗുരുക്കൻമാരുമടങ്ങുന്ന അന്ധൻമാർ ഇവക്ക് ചിതയൊരുക്കം തീർച്ച.
പണ്ട് സ്വർണ്ണക്കടത്ത് വിവാദം ഇവിടെ കൊടുമ്പിരിക്കൊണ്ടപ്പോൾ സ്വപ്ന സുരേഷിൻ്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പേരിൽ ഇവിടെ എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്. പിന്നീട് അതെപ്പറ്റി മാധ്യമങ്ങൾ പോലും മറന്ന കാഴ്ചയാണ് കണ്ടത്. അതിൻ്റെ തുടർച്ചയല്ലെ ഈ വിവാദവും. വ്യാജ ബിരൂ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകാൻ ഇവിടെ ഒരു ലോബി പ്രവർത്തിക്കുന്നു എന്നുള്ളത് തീർച്ചയാണ്.എന്തായാലും നമ്മുടെ സർവകലാശാലകൾ സംശയത്തിൻ്റെ മുൾ മുനയിലായിരിക്കുകയാണ്. ഇത് ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിക്കും എന്നുള്ളത് തീർച്ചയാണ്. ആയതിനാൽ തന്നെ ഈ മേഖലയുടെ വിശ്വാസ്യത തിരിച്ചു പിടിക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ്…..