പൂച്ചക്കാര് ,സോറി , “യോഗയ്ക്ക്” ആര് മണികെട്ടും.

 

യോഗ” ദിനമൊക്കെ കഴിഞ്ഞിരിക്കുന്നു.!
രാജ്യം മുഴുവന്‍ കേരളം ഉള്‍പ്പെടെ യോഗ ദിനം ആചരിച്ച് തകര്‍ത്തു!
കഴിഞ്ഞ ഏറെ നാളുകളായി യോഗയുടെ ആരോഗ്യ പരമായ ഗുണങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ അറിവ് നേടാൻ ശ്രമിക്കുകയായിരുന്നു ഞാൻ .
യോഗയെക്കുറിച്ചുള്ള ലഭ്യമായ പഠനങ്ങളൊക്കെ ഒന്ന് വിശദമായി നോക്കാന്‍ ശ്രമിച്ചു …
എനിക്ക് മനസിലായത് യോഗയെപ്പറ്റിപ്പറയാന്‍ പലര്‍ക്കും ഭയമോ, അല്ലെങ്കില്‍ ഒരു സോഫ്റ്റ് കോര്‍ണറോ ആണ് എന്നാണ്.
പക്ഷേ ഇതിനെപ്പറ്റിയുള്ള ശാസ്ത്രീയവശങ്ങള്‍ പറഞ്ഞ് കൊടുക്കേണ്ടത്, പറഞ്ഞ് പ്രചരിപ്പിക്കേണ്ടത് ഡോക്ടറുടെ ധര്‍മ്മം കൂടിയാണ്.
മേല്‍പ്പറഞ്ഞ പഠനങ്ങളൊക്കെ ഓടിച്ചു നോക്കുകയും പതിറ്റാണ്ടുകളിലെ ആരോഗ്യ രംഗത്തുള്ള പരിചയവും ,മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പിൻബലവും ഒക്കെ വച്ച് ചിലകാര്യങ്ങള്‍ പറയാതെ വയ്യ.
യോഗ ഒരു വ്യായാമം എന്ന രീതിയില്‍ നല്ലതായിരിക്കാം. അത് മറ്റുള്ള വ്യായമങ്ങളെപ്പോലെ മാത്രം. എന്നാല്‍ യോഗ ഏറ്റവും നല്ല വ്യായാമവും, യോഗ പലരോഗങ്ങളുടേയും ഉത്തരവും എന്നു പറയാൻ ഒരു കാരണവും കാണുന്നില്ല.
ഇത് പറയാന്‍ കാരണം യോഗയെക്കുറിച്ചുള്ള ആധികാരികമായ പഠനങ്ങള്‍ കുറവാണ് എന്നുള്ളത് തന്നെ. ലഭ്യമായ പഠനങ്ങള്‍ ഉള്ളതൊക്കെ തന്നെ ആധികാരികത നിലനിര്‍ത്തുന്നില്ല എന്ന് മാത്രമല്ല വളരെ ചെറിയ പോപ്പുലേഷനില്‍ നടത്തിയ അധികമാരും ശ്രദ്ധ കൊടുക്കാത്ത ചില പഠനങ്ങള്‍ മാത്രമാണ്.
ആധികാരിക വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലോ, കൂടുതല്‍ ആധികാരിതയുള്ള മെഡിക്കല്‍ ജേര്‍ണലുകളിലോ ഒന്നും തന്നെയും ഇവയൊന്നും അംഗീകരിക്കപ്പെട്ട് കണ്ടില്ല.
പ്രസിദ്ധീകരിക്കപ്പെട്ട പലതിലും വീണ്ടും പഠനം ആവശ്യമുണ്ടെന്നും ലഭ്യമായ പഠനങ്ങള്‍ അപര്യാപ്തമാണെന്നും , പഠന നിരീക്ഷണങ്ങള്‍ യോഗ പരിപൂര്‍ണമായും ഫലപ്രദമാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞില്ല എന്നുമൊക്കെയാണ്‌.
അതായത് യോഗക്ക് നടത്തം പോലെയോ, നീന്തല്‍ പോലയോ, മറ്റ് കായിക വിനോദങ്ങള്‍ പോലെയോ ഒന്നും തന്നെയുള്ള ഗുണഗണങ്ങള്‍ ഇല്ല എന്ന് തന്നെയാണ്. ചുരുക്കം ചില പഠനങ്ങല്‍ പറയുന്നത് യോഗ ചില മാനസിക, വിഷാദ രോഗങ്ങളില്‍ നിന്നൊക്കെ റിലീഫ് കിട്ടുമെന്നാണ്. അതൊരുപക്ഷേ, സംഗീതം കേള്‍ക്കുന്നത് പോലെ, അടുത്ത സുഹൃര്‍ത്തിനോടോ, ജീവിത പങ്കാളിയോടോ, വിമഷഘട്ടം പങ്കിടുന്ന പോലെയുള്ള ഒരു ചെറിയ കാര്യം മാത്രം.
അതായത് ലോകത്താകമാനം അംഗീകരിക്കപ്പെട്ട വ്യായമ മുറകളുമായി താരതമ്യം ചെയ്യുമ്പോള്‍ യോഗക്ക് ഇത്തരം വ്യായാമ മുറകളെക്കാലും ഒരു കണിക പോലും കൂടുതല്‍ പ്രയോജനം ഇല്ല എന്ന് മാത്രമല്ല, ദിവസവും ഉള്ള മറ്റ് വ്യായാമ മുറകളുടെ അടുത്തെന്നും എത്തുകയുമില്ല എന്നുള്ളതാണ്.
അതിനാല്‍ തന്നെ യോഗയെ ഒരു സ്മ്പൂര്‍ണ ആരോഗ്യ സംരക്ഷണ ഒറ്റമൂലിയായി കാണുന്നത് വലിയ വില നൽകേണ്ട കാര്യമാകും.
അതിന് കാരണം കേരളത്തില്‍ ,ഭാരതത്തില്‍, ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്ന ജീവിത ശൈലി രോഗങ്ങളുടെ ഒരു കണിക പോലും കുറക്കാന്‍ യോഗക്കാകില്ല എന്നുള്ളത്‌ തന്നെ.
അപ്പോള്‍ പിന്നെ എന്തിന് യോഗ?
അതിനേക്കാല്‍ ആയിരം മടങ്ങ് ഗുണമുള്ള മറ്റ് വ്യായാമ മുറകള്‍ ഇവിടെ വേറെയുള്ളപ്പോള്‍ .
ഇത് പറയുമ്പോള്‍ മറ്റൊന്ന് കൂടി പറയണ്ടി വരും . യോഗ എന്നത് ഏതെങ്കിലും ഒരു ജാതി മത വിഭാഗത്തിന്റെ അഭ്യാസമുറയല്ല. ആ കണ്ണ് കൊണ്ട് ഇതിനെ കാണാതിരിക്കുകയും അതിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യണം.
പാരസെറ്റാമോള്‍ എന്ന ഗുളിക പ്രോസ്‌റ്റോഗ്ലാന്റീന്റെ നിര്‍മ്മാണം കുറച്ച് വേദന,പനി ഇവ കുറക്കുന്നു എന്ന് പറയുന്നത് ശാസ്ത്രീയ അടിത്തറയുള്ളതാണ്.
ആ അടിത്തറ ദശാബ്ധങ്ങളുടെ ഗവേഷണ നിരീക്ഷണ ഫലമാണ്.
നിപ പടരുന്നത് വവ്വാലുകളിലൂടെ എന്ന് പറയുന്നതും അത് പോലെ തന്നെ,
പുക വലി ക്യാന്‍സറിന് കാരണമെന്ന് പറയുന്നതും മറ്റൊരു ഉദാഹരണം,
അതായത് പുകവലി നിര്‍ത്തുന്നതും, വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതും നിപ്പയും , കാന്‍സറും വരാതിരിക്കാമെന്നു നിസ്സംശയം തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ യോഗ മൂലം ജീവിതശൈലി രോഗങ്ങളോ, മറ്റ് രോഗങ്ങളോ കുറയുമെന്ന് ഇത് വരെ നിസ്സംശയം തെളിയിക്കപ്പെട്ടിട്ടുമില്ല.
അത് കൊണ്ട് തന്നെ വൈദ്യശാസ്ത്ര സമൂഹം ജനങ്ങള്‍ക്കും, ഭരണാധികാരികള്‍ക്കും ഇതു പറഞ്ഞു കൊടുക്കണം
അവരെ മനസിലാപ്പിക്കണം.
സത്യം പറയാന്‍ പലര്‍ക്കും മടിയാണ്.
അതിന് ഭയമോ അല്ലെങ്കില്‍ ചില സോഫ്റ്റ് കോര്‍ണറുകളോ തടസമാകാന്‍ പാടില്ല.
ശാസ്ത്രം ജയിക്കണം. ശാസ്ത്രം ജയച്ചേ തീരു, ശാസ്ത്രം ജയിച്ചില്ലെങ്കില്‍ ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഭാരതവും, കേരളവും അപഹാസ്യരാവും.
യോഗ ഒരു ചെറിയ വ്യായാമം മാത്രം.
മറ്റ് വ്യായാമങ്ങളുടെ പിന്നില്‍ നില്‍ക്കുന്ന ഒരു വ്യായാമ മുറ . കൂടുതല്‍ ഗുണം ചെയ്യുന്ന വ്യായാമ മുറകള്‍ പരിശീലിക്കുന്നതാണ് ജീവിത ശൈലി രോഗങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യാന്‍ കഴിയുന്നത്.
ഇത് സത്യം ,
ഇത് ശാസ്ത്രം.
പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചപ്പോള്‍ ഇവിടെ ഹോമിയോ പ്രതിരോധ ഗുളിക മൂലം ഇത് ഇല്ലാതാക്കാം എന്ന് ചിലര്‍ പറഞ്ഞ് പ്രചരിപ്പിച്ചു. എന്നാല്‍ ഡെങ്കി ഇവിടെ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്ന് തന്നെ വൈദ്യശാസ്ത്ര സമൂഹം പറഞ്ഞതാണ്, ഡെങ്കിപ്പനിയുടെ കാരണം, എഡീസ് കൊതുകാണെന്നും ,ഏഡീസ് കൊതുക് പെറ്റുപെരുകുന്ന ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നതാണ് ഇതിന് പരിഹാരമെന്നും.
അന്നൊക്കെ ഒരു എളുപ്പ വഴി ചിലർ നോക്കി. മധുരമുള്ള ഒരു ഗുളിക.
എളുപ്പവഴി പരിഹാരമാകില്ല എന്ന് കാലം തെളിയിച്ചിരിക്കുന്നു.
കടുപ്പമുള്ള വഴിഇനിയും നാം താണ്ടേണ്ടിയിരിക്കുന്നു. ഡെങ്കിപ്പനി ഇവിടെയുണ്ട് ചെറിയ തോതിലെങ്കിലും .
അത് പോലെ ആകരുത് യോഗ.
യോഗ ജീവിത ശൈലി രോഗങ്ങള്‍ ഇല്ലാതാക്കും എന്ന ധാരണ ഉണ്ടാക്കിയാല്‍ ശരിക്കുള്ള വ്യായമ മുറകള്‍ ചെയ്യാതെ കൂടുതല്‍ കൂടുതല്‍ ജീവിത ശൈലി രോഗങ്ങള്‍ ഉണ്ടാകുകയും , കൂടുതല്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുകയും ചെയ്യും
യോഗയെക്കുറിച്ച് പറയുമ്പോള്‍ ഒക്കെ ശാസ്ത്രസമൂഹത്തിലെ ചിലരുടെ നിശബ്ധത എന്നെ ഭയപ്പെടുത്തുന്നു.
ശാസ്ത്രം പറയാന്‍ പോലും മടിച്ച് ഭയന്ന് കീഴടങ്ങുന്ന സമൂഹമായി പോകരുത് നമ്മുടെ ശാസ്ത്ര സമൂഹം
ശാസ്ത്രം മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും വരെ പറഞ്ഞ് കൊടുക്കേണ്ട ചുമതല നമുക്ക് ഉണ്ടെന്ന് ഓര്‍ക്കണം …
ശാസ്ത്രത്തെക്കുറിച്ചുള്ള ഈ മൗനം എന്തിനെന്ന് മികച്ച ശാസ്ത്ര അവബോധമുള്ള പലരോടും ഞാന്‍ സംവദിച്ചു.
അവരുടെ ഉത്തരം എന്നെ കൂടുതല്‍ ഭയപ്പെടുത്തി.
ഉത്തരം , ഇങ്ങനെ.
ആധുനിക വൈദ്യശാസ്ത്രം ഒരു വലിയ കപ്പലാണ് ,ഒരു സമുദ്രം നിറഞ്ഞു നില്‍ക്കുന്ന വലിയ കപ്പല്‍ . അസത്യത്തിന്റെ ഈ കുഞ്ഞ് തിരമാലകള്‍ ആധുനിക വൈദ്യശാസ്ത്രത്തെ തട്ടിമറിക്കില്ല.
അത് കൊണ്ട് തന്നെ അതിന് വേണ്ടി സമയം കളയേണ്ടതില്ല.
ആ നിലപാട് ഒരു പരിധി വരെ ശരിയാണ്.
എന്നാലും,
പൂച്ചക്ക് ആരെങ്കിലും മണികെട്ടിയേ തീരൂ.
മണി കെട്ടപ്പെടും ഒരിക്കൽ. അതിനാൽ മണിയുമായി നാം നടക്കണം. ആ മണി അവരുടെ കഴുത്തില്‍ വീഴുന്നത് വരെ . രാജ്യദ്രോഹി എന്ന് വിളിപ്പേര് കിട്ടുമോ എന്നറിയില്ല.പക്ഷേ അസന്ദിഗ്ധമായി തെളിയിക്കപ്പെട്ട പഠനങ്ങൾ വേണം, നിലപാട് മാറ്റാൻ .
എനിക്ക് തലകറക്കം കുറഞ്ഞു ,മൈഗ്രൈൻ പോയി എന്നുള്ള അവകാശ വാദങ്ങൾ സ്വീകാര്യമല്ല.