കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. മഹാരാജാസ് കോളജിന് മുമ്ബില്‍ ആയിരുന്നു സംഭവം.
ചോറ്റാനിക്കര – ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടര്‍ ജെഫിന് നേരെയാണു ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് കോളജിനു മുമ്ബില്‍ ബസ് എസ്‌എഫ്‌ഐക്കാര്‍ തടഞ്ഞിടുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറെ ബസില്‍നിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണു കാരണം.
രണ്ടാഴ്ച മുമ്ബാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് രാവിലെ ആറുമണികഴിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ ബസ് കണ്‍സെഷൻ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴുമണിമുതലാണ് ബസ് കണ്‍സെഷൻ സമയമെന്നും മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. ഇതില്‍ രണ്ടു കൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ പരാതി പോവുകയും കേസെടുക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നു നടന്ന ആക്രമണമെന്നു ബസ് ജീവനക്കാര്‍ പറയുന്നു. എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് ജെഫിൻ പറഞ്ഞു.