മട്ടാഞ്ചേരിയില്‍ എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍

മട്ടാഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മട്ടാഞ്ചേരിയില്‍ യുവാവ് പോലീസ് പിടിയിലായി. പെരുമ്പടപ്പില്‍ കോവേന്ത റോഡിനടുത്ത് താമസിക്കുന്ന നഹാസ് (24) ആണ് പിടിയിലായത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയാണിയാള്‍. കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവിലാണ് 2.38 ഗ്രാം എം.ഡി.എം.എ.യുമായി ഇയാള്‍ പിടിയിലായത്. മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ കെ.ആര്‍. മനോജ്, ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍, മട്ടാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ ജിന്‍സന്‍ ഡൊമിനിക്, എസ്.ഐ. ജയപ്രകാശ്, എസ്.ഐ. മധുസൂദനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എഡ്വിന്‍ റോസ്, ബൈജുമോന്‍, സുനില്‍കുമാര്‍, എ.ടി. ശ്രീകുമാര്‍, ബേബിലാല്‍, അബുതാലിബ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കൊച്ചിയിലെ പല സ്റ്റേഷനുകളിലും പോക്സോ, മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.