മൂന്നാം സീറ്റ് ഇല്ലെങ്കിൽ മുന്നണി വിടാൻ മുസ്ലിം ലീഗ്

വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയാൽ തട്ട് കിട്ടുമെന്ന് ചില നേതാക്കൾ

കേരളത്തിലെ കോൺഗ്രസ് പാർട്ടി നയിക്കുന്ന യുഡിഎഫ് എന്ന ഐക്യ ജനാധിപത്യം മുന്നണിയുടെ ഒപ്പമുള്ള രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗ്. നിലവിൽ രണ്ട് ലോകസഭാ സീറ്റുകളിൽ ആണ് മുസ്ലിം ലീഗ് മത്സരിക്കാറുള്ളത്. മലപ്പുറം പൊന്നാനി സീറ്റുകളാണ് യുഡിഎഫ് ലീഗിന് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ രണ്ട് സീറ്റിനു പുറമേ മൂന്നാമത് ഒരു സീറ്റ് കൂടി ലഭിച്ചേ മതിയാവൂ എന്ന തീരുമാനത്തിൽ കുറച്ചു നിൽക്കുകയാണ് ലീഗിൻറെ നേതാക്കൾ ‘ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡൻറ് കെ സുധാകരനും ലീഗിനെ അനുനയിപ്പിക്കാൻ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ലീഗ് ഇതേവരെ വഴങ്ങിയിട്ടില്ല. മൂന്നാമത്തെ സീറ്റ് കൂടി ലഭിച്ചില്ല എങ്കിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിയിൽ നിന്നിട്ട് കാര്യമില്ല എന്ന് വരെ ചില ലീഗ് നേതാക്കൾ പാർട്ടി നേതൃത്വത്തിൽ പറഞ്ഞതായിട്ടാണ് റിപ്പോർട്ട്

മൂന്നാമത്തെ സീറ്റിനു വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ നിരത്തുന്ന ന്യായവാദങ്ങൾ തള്ളിക്കളയാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. സിപിഎം നയിക്കുന്ന എൽഡിഎഫ് മുന്നണിയിൽ രണ്ടാമത്തെ പാർട്ടിയായ സിപിഐ ക്ക് ഇടതുമുന്നണി അനുവദിച്ചു നൽകിയത് എടുത്ത കാണിച്ചുകൊണ്ടാണ് ലീഗ് നേതാക്കൾ അവകാശവാദം ഉന്നയിക്കുന്നത്. ഇടതുപക്ഷ മുന്നണിയിലെ സിപിഐ എന്ന രണ്ടാമത്തെ പാർട്ടിക്ക് കേരളത്തിൽ ഉള്ള ശക്തിയെക്കാൾ കൂടിയ പ്രവർത്തനശേഷിയുള്ളതാണ് മുസ്ലിം ലീഗ് എന്ന പാർട്ടി പ്രസിഡൻറ് പാണക്കാട് തങ്ങളും കോൺഗ്രസ് നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്

ഇതൊക്കെയാണെങ്കിലും യുഡിഎഫിൽ ഒരു സീറ്റ് ലീഗിനായി മാറ്റിവയ്ക്കുക എന്നത് അത്ര എളുപ്പം നടത്താവുന്ന കാര്യമല്ല. മുസ്ലിം ലീഗ് പാർട്ടിക്ക് മൂന്നാമത്തെ സീറ്റ് അനുവദിച്ചാൽ അതിൻറെ പേരിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് രണ്ടാമത്തെ സീറ്റിനു വേണ്ടിയുള്ള അവകാശവാദം ശക്തമാക്കും ഒരു സീറ്റ് എങ്കിലും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫിലെ മറ്റുചില ചെറിയ പാർട്ടികളും നിലയുറപ്പിച്ചിട്ടുണ്ട്

എന്നാൽ മുൻ തെരഞ്ഞെടുപ്പ് അവസരങ്ങളിലേതു പോലെ ഇക്കുറി വിട്ടുവീഴ്ചയ്ക്ക് നേതാക്കൾ ഒരു കാരണവശാലും തയ്യാറാകരുത് എന്ന് മുസ്ലിം ലീഗിൻറെ നേതൃനിരയിലെ പകുതിയിലധികം ആൾക്കാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയമായ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പ്രതിസന്ധികൾ വരുമ്പോഴും പ്രശ്നപരിഹാരത്തിന് ഇടനിലക്കാരനായി എത്തുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ ഈ കാര്യത്തിൽ താക്കീത് ചെയ്യണം എന്നു വരെ ചില നേതാക്കൾ അഭിപ്രായപ്പെട്ടു കഴിഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അടക്കമുള്ളവർ മൂന്നാം സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിലപാട് എടുത്തിട്ടുള്ളവരാണ്. ഈ തിരഞ്ഞെടുപ്പിലും മൂന്നാം സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി അനുകൂല തീരുമാനം എടുത്തില്ല എങ്കിൽ യുഡിഎഫ് വിടുന്ന കാര്യം ആലോചിക്കണം എന്നുവരെ മുസ്ലിം ലീഗിൻറെ നേതാക്കളിൽ നല്ലൊരു ഭാഗം ആൾക്കാർ അഭിപ്രായപ്പെടുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് പാർട്ടിയെക്കാൾ ശക്തമായി നിൽക്കുന്ന സിപിഎം പോലും മുന്നണിയിലെ കക്ഷികളോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് രണ്ടാം കക്ഷിയായ സിപിഐ ക്ക് നാലു സീറ്റ് ലഭിക്കുന്നത് എന്ന് നേതാക്കൾ കർക്കശമായി പറയുന്നുണ്ട്

മുസ്ലിം ലീഗ് പ്രസിഡന്റായ തങ്ങളുമായി കോൺഗ്രസ് നേതാക്കൾ നിത്യേന എന്നോണം ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പാർട്ടിയിൽ നേതൃനിരയിലുള്ള ആൾക്കാരുടെ പൊതുവായ അഭിപ്രായത്തെ തള്ളിക്കൊണ്ട് എന്തെങ്കിലും ഒരു നിലപാട് എടുക്കാൻ കഴിയാത്ത സ്ഥിതിയിലാണ് തങ്ങളും എത്തിനിൽക്കുന്നത്. തങ്ങളെ എങ്ങനെയെങ്കിലും സ്വാധീനിച്ചുകൊണ്ട് മുന്നണിയിൽ ഐക്യം ഉറപ്പിച്ച് യുഡിഎഫിൽ തന്നെ നിൽക്കുക എന്ന ആശയവുമായി കുഞ്ഞാലിക്കുട്ടി മുന്നിൽ നിന്ന് നീക്കങ്ങൾ നടത്തുന്നുണ്ട്. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു സീറ്റ് വിട്ടുകൊടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. കെപിസിസി പ്രസിഡണ്ടായ കെ സുധാകരൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ മണ്ഡലമാണ് ലീഗ് ഉന്നമ്മയ്ക്കുന്നത്. താൻ ഇനി ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ല എന്ന് നേരത്തെ സുധാകരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. ഈ ആവശ്യം പുറത്തുവന്നതോടുകൂടി പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാകും എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞതോടുകൂടിയാണ് കണ്ണൂരിൽ താൻ തന്നെ മത്സരിക്കും എന്ന നിലപാട് മാറ്റത്തിന് സുധാകരൻ ഇപ്പോൾ തയ്യാറായി ഇരിക്കുന്നത്. സുധാകരന്റെ ഈ പ്രസ്താവന പുറത്തുവന്നതോടു കൂടി മുസ്ലിം ലീഗും അടവ് മാറ്റി. കണ്ണൂർ ഇല്ലെങ്കിൽ കാസർഗോഡ് സീറ്റ് നൽകണമെന്ന് ആവശ്യമാണ് ഇപ്പോൾ മുസ്ലിം ലീഗ് മുന്നോട്ടു വച്ചിരിക്കുന്നത്

ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് അകത്ത് ഏറ്റവും രൂക്ഷമായ പ്രതിസന്ധി വന്നു പെട്ടിരിക്കുന്നത് മുസ്ലിം ലീഗിന് അകത്താണ്. പരസ്യമായി മൂന്നാം സീറ്റ് ആവശ്യപ്പെടുകയും അത് കിട്ടിയില്ല എങ്കിൽ മുന്നണി വിടും എന്ന് പറയുകയും ചെയ്തു കഴിഞ്ഞാൽ സ്ഥിതിയിൽ ഇനി ആ സീറ്റ് ലഭിക്കാതെ ഏതു നിലപാടുമായി മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ലീഗിൻറെ നേതാക്കൾ ‘ പാർട്ടി പ്രവർത്തകരെ ആവേശത്തോടെ നിലനിർത്തി പോകാൻ മൂന്നാം സീറ്റ് എന്നത് മുസ്ലിം ലീഗിന് അത്യാവശ്യമായി മാറിയിരിക്കുന്നു. ഈ സ്ഥിതി തുടരുന്ന സാഹചര്യത്തിൽ മൂന്നാം സീറ്റ് ലഭിച്ചില്ല എങ്കിൽ ശക്തമായി നിലപാട് എടുക്കുക എന്നതിന്റെ ഭാഗമായി ഒരുപക്ഷേ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിടുന്നതിന് ഒരു തീരുമാനം മുസ്ലിം ലീഗ് നേതൃത്വം കൈക്കൊണ്ടാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല