പണമില്ല – പഞ്ചായത്തുകൾ എല്ലാം പഞ്ചറായി
ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്രതിസന്ധിയിൽ
വികസനം എന്നും വികസന കുതിപ്പ് എന്നും എൽഡിഎഫ് ഉറപ്പും ബിജെപി ഗ്യാരണ്ടിയും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും കേരളം വികസന കാര്യത്തിൽ പിറകോട്ട് അടിക്കുന്നു എന്ന സ്ഥിതിയിലാണ് എത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടും മെയിൻറനൻസ് ഗ്രാൻൻ്റും ഒക്കെ ഉപയോഗിച്ചാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നാട്ടിലെ വികസന പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും ഒക്കെ നടത്തി വരുന്നത് എന്നാൽ ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിൽ നിന്നും കാര്യമായി പണം ലഭിക്കാതെ വന്നതിന്റെ പേരിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ എല്ലാം പ്രതിസന്ധിയിലായിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സാമ്പത്തിക വർഷം മാർച്ച് 31ന് അവസാനിക്കുകയാണ്. സമയം അവസാനിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പോലും പണം എങ്ങനെ കിട്ടും എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല . തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിക്കാരെ വിശ്വാസത്തിൽ എടുത്ത് വികസന പ്രവർത്തനങ്ങൾ നടത്താൻ തയ്യാറായ കോൺട്രാക്ടർമാർ ഇപ്പോൾ കുടുങ്ങിയ അവസ്ഥയിലാണ് കരാറുകാർക്കെല്ലാം വലിയ തുക കുടിശിക കിടക്കുകയാണ്. കഴിഞ്ഞ ബജറ്റിലൂടെ ഈ സാമ്പത്തിക വർഷത്തേക്ക് സർക്കാർ നീക്കിവെച്ചത് 9201 കോടി രൂപ ആയിരുന്നു എന്നാൽ വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ഈ തുകയിൽ 30 ശതമാനം വരെ മാത്രമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്
തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി നവീകരണ പ്രവർത്തികൾ കരാറുകാർ വഴി ബാങ്ക് വായ്പകളിലൂടെ എടുത്ത് നടത്തുക എന്ന ഒരു നിർദ്ദേശം ധനകാര്യ വകുപ്പ് മുന്നോട്ടുവച്ചു എങ്കിലും ഇതും ഫലം കണ്ടിട്ടില്ല ഒരു പദ്ധതിയുടെ ടെൻഡർ തുകയ്ക്ക് തുല്യമായ ബാങ്ക് വായ്പ എടുക്കുകയും ആ തുക ക്ക് സർക്കാർ ട്രഷറി ഗ്യാരണ്ടി നിൽക്കുകയും ചെയ്യുന്ന പദ്ധതിയാണ് മുന്നോട്ടുവെച്ചത് എങ്കിലും കരാറുകാർ ഈ ഇടപാടിന് താൽപര്യം കാണിച്ചിട്ടില്ല. നാളായി നിലനിൽക്കുന്ന ട്രഷറി നിയന്ത്രണം ഒരു ലക്ഷം രൂപയ്ക്ക് മേൽ വരുന്ന ഒരു ബില്ല് പോലും പാസാക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കി. ഇതാണ് കരാറുകാരെയും വലച്ചത്.സാമ്പത്തിക വർഷം അവസാനിക്കാൻ ഇരിക്കെ കഴിഞ്ഞ വർഷത്തെ ഒരു ഗഡു പ്ലാൻ ഫണ്ടും ഒരു ഗഡു മേന്റനൻസ് ഗ്രാൻറും മാത്രമാണ് ഇതേവരെ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയിട്ടുള്ളത്. ഇങ്ങനെ കൈമാറിയ തുക പോലും ടെൻഡർ കാർക്കും മറ്റും വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം ട്രഷറി നിയന്ത്രണ മൂലം തുടരുകയാണ്. മറ്റൊരു വലിയ ഭീഷണി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള തുക ട്രഷറി നിയന്ത്രണവും മറ്റും കൊണ്ട് ചെലവാക്കാൻ കഴിഞ്ഞില്ല എങ്കിൽ മാർച്ച് 31 കഴിയുമ്പോൾ ഈ തുക സർക്കാർ ട്രഷറിയിലേക്ക് തിരികെ മാറ്റപ്പെടും എന്നതാണ് മുൻകാലങ്ങളിൽ സാമ്പത്തിക വർഷം അവസാനം കഴിഞ്ഞാലും തുക വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകിയിരുന്നതാണ് ഈ സമ്പ്രദായം ഇപ്പോൾ നിലവിലില്ല
2023 – 24 സാമ്പത്തിക വർഷത്തേക്ക് 553 കോടി രൂപ പ്ലാൻ ഫണ്ട് ആയും 3648 കോടി രൂപ മെയിൻറനൻസ് ഗ്രാൻഡ് ആയും നൽകുന്നതിനാണ് തീരുമാനിച്ചത്. ഇതിൽ ഗ്രാമ – ബ്ലോക്ക് പഞ്ചായത്തുകൾ അവരുടെ ആസൂത്രണ പദ്ധതികൾ വഴി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്കാണ് പ്ലാൻ ഫണ്ട് ഉപയോഗിക്കേണ്ടത്. ‘ റോഡുകൾ പാലങ്ങൾ കെട്ടിടങ്ങൾ തുടങ്ങിയവയുടെ നവീകരണത്തിനും ഉപയോഗിക്കുന്നതിനാണ് മെയിൻറനൻസ് ഗ്രാൻഡ് സർക്കാർ നൽകുന്നത്. ഈ രണ്ട് ദിനത്തിൽപ്പെട്ട കാര്യങ്ങൾക്കും സർക്കാരിൽ നിന്നും പകുതി തുക പോലും ഇതേവരെ അനുവദിച്ചു കിട്ടാത്തത് കേരളത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.ഗ്രാമപഞ്ചായത്തുകൾ യഥാർത്ഥത്തിൽ കേരളത്തിൻറെ സാധാരണ ജനങ്ങളുടെ വികസന താൽപര്യങ്ങളെ നടപ്പിൽ വരുത്തുന്ന സ്ഥാപനങ്ങളാണ്. നഗരങ്ങളിലും മറ്റും പല പ്രവർത്തനങ്ങളും നടത്തുന്നതിന് വലിയ കമ്പനികളുടെ സി എസ് ആർ ഫണ്ടും സ്പോൺസർഷിപ്പും ഒക്കെ കിട്ടുന്നതിന് സൗകര്യമുണ്ടെങ്കിൽ ഗ്രാമപഞ്ചായത്തുകൾ പ്രവർത്തിക്കുന്ന നാട്ടിൻപുറങ്ങളിൽ ഇതിനുള്ള ഒരു സാധ്യതയും ഇല്ല . കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ കനത്ത മഴയിലും മറ്റു കാലവർഷക്കെടുതികളിലും തകർച്ചയിൽ ആയ റോഡുകൾനന്നാക്കുന്നതിന് പോലും പഞ്ചായത്തുകൾക്ക് പണം ഇല്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി’ ‘ 946 ഗ്രാമ പഞ്ചായത്തുകളാണ് കേരളത്തിൽ ഉള്ളത്. ഈ പഞ്ചായത്തുകളിൽ ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടുന്ന പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തുകൾ കെട്ടിടസൗകര്യവും മറ്റും ഒരുക്കി പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെൻററുകൾ ‘ കൃഷിഭവനകൾ മൃഗ ആശുപത്രികൾ ലൈബ്രറികൾ തുടങ്ങിയവയെല്ലാം സർക്കാർ ധനസഹായത്തെ കൂടി ആശ്രയിച്ച് പ്രവർത്തിച്ചു പോകുന്നതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്ന പല കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി നടത്തുവാൻ പോലും കഴിയാതെ ഗ്രാമപഞ്ചായത്തുകൾ വിഷമിക്കുന്നുണ്ട്. കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും നികുതി ആയിട്ടും മറ്റുതരത്തിലും വലിയ സാമ്പത്തിക വരുമാനത്തിന് വഴികൾ ഉണ്ട്. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെ സ്ഥിതി ഇതല്ല സ്ഥിതി ഇതല്ല . വീടുകളുടെ പേരിൽ ഈടാക്കുന്ന നികുതിയും വസ്തു നികുതിയും വളരെ കുറഞ്ഞ അളവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ നികുതിയും ഒക്കെയാണ് ഗ്രാമപഞ്ചായത്തുകൾക്ക് വരുമാനമായി ലഭിക്കുന്നത്. ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം മാറുന്ന കാലത്തിന് അനുസരിച്ച് ആധുനികവൽക്കരണത്തിന്റെ ഭാഗമായി പല പ്രവർത്തനങ്ങളും നടത്തുന്ന പ്രവണത ഉണ്ട്. ഈ പ്രവർത്തനങ്ങൾ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ഇത് നടത്തിപ്പോകുന്നതിന് ആവശ്യമാകുന്ന തുക ഗ്രാമപഞ്ചായത്തുകൾ തനത് ഫണ്ട് എന്ന ഇനത്തിൽ സ്വന്തമായി സ്വരൂപിക്കേണ്ടതാണ്. ഇത്തരത്തിൽ ചെലവിന് തുല്യമായ തുക വരുമാനമായി ലഭിക്കുക ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ സാധ്യമായ ഒന്നല്ല. അതുകൊണ്ട് കൂടിയാണ് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും എല്ലാം സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുന്നത്
കേരളം വികസന കുതിപ്പിലേക്കും മറ്റും നീങ്ങുന്നു എന്ന് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അതല്ല നടക്കുന്നത് എന്ന് തെളിയിക്കുന്നതാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി ‘കേരളത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യയിൽ ഭൂരിഭാഗവും താമസിക്കുന്നത് ഗ്രാമ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ്, ഒരു സംസ്ഥാനത്തിന്റെ വികസനത്തിന്റെ മുഖമുദ്രയായി എടുത്ത കാണിക്കുക ഗ്രാമങ്ങളുടെ വികസനം തന്നെ ആയിരിക്കും. ഇപ്പോഴത്തെ സാമൂഹിക സാമ്പത്തിക നില വെച്ച് പരിശോധിച്ചാൽ കേരളത്തിലെ പഞ്ചായത്തുകൾ മൊത്തത്തിൽ പഞ്ചറായി കിടക്കുന്നു എന്ന പറയേണ്ടിവരും. ഒരു സാമ്പത്തിക വർഷം യാതൊരു വികസനവും നടക്കാതെ കടന്നുപോവുക എന്ന് പറയുമ്പോൾ സമൂഹത്തെ ഒരു വർഷക്കാലം പിറകോട്ട് തള്ളിയിട്ടു എന്ന സ്ഥിതിയാണ് അനുഭവത്തിൽ ഉണ്ടാവുന്നത്. സർക്കാർ സ്ഥിരമായി സാമ്പത്തിക പരിമിതിയെക്കുറിച്ച് പറയുന്നു എങ്കിലും ബജറ്റിലൂടെ അവതരിപ്പിക്കുകയും വാഗ്ദാനം ചെയ്യുകയും ചെയ്ത തുകയെങ്കിലും പഞ്ചായത്തുകൾക്ക് നൽകി ഗ്രാമീണ കേരളത്തിൻറെ മുരടിപ്പ് മാറ്റുവാൻ അടിയന്തര നീക്കം നടത്തുകയാണ് ചെയ്യേണ്ടത് എന്ന് ഞങ്ങളും അഭ്യർത്ഥിക്കുന്നു