സമരാഗ്‌നിക്ക് തീ പിടിക്കുന്നു

കോൺഗ്രസ് യാത്രയല്ല സുധ - സതീ യാത്രയെന്ന് പരിഹാസം

കെപിസിസിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച സമര അഗ്നി യാത്രയിൽ തുടക്കത്തിൽ തന്നെ കല്ലുകടി ‘ കോൺഗ്രസ് പാർട്ടിയുടെ യാത്രയല്ല ഇത് എന്നും വെറും സുധാകരൻ സതീശൻ യാത്രയാണ് നടക്കുന്നത് എന്നും നേതാക്കൾ പരിഹസിക്കുന്നു. കാസർഗോഡ് നിന്ന് ആരംഭിച്ച സമര അഗ്നി യാത്ര വടകരയിൽ എത്തിയപ്പോൾ ഈ യോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിന് എത്തിയത് പോലുമില്ല. കോഴിക്കോട് ജില്ലയിലെ പരിപാടികളിൽ നിന്നും പ്രതിഷേധ സൂചകമായി വിട്ടുനിൽക്കാൻ സ്ഥലം എംപി കൂടിയായ കെ മുരളീധരനും തീരുമാനിച്ചു എന്നാണ് റിപ്പോർട്ട് ‘ കെപിസിസി നടത്തുന്ന സമര അഗ്നി യാത്രയിൽ സീനിയർ നേതാക്കളെ ഗ്രൂപ്പ് നോക്കി തഴഞ്ഞു എന്നും പ്രസിഡന്റും പ്രതിപക്ഷ നേതാവും സ്വന്തം ഇമേജിനു വേണ്ടി നടത്തുന്ന യാത്രയായി സമര അഗ്നിയാത്ര മാറി എന്നും മുൻ കെ. പി. സി.സി പ്രസിഡൻറ് വി എം സുധീരനും അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. മറ്റു പല സീനിയർ നേതാക്കളും ഇതേ നിലപാട് എടുത്ത് നീങ്ങുകയാണ്. ഔപചാരികമായി സമ്മേളന വേദികളിൽ എത്തി മുഖം കാണിച്ച് പിരിയുക എന്ന നിലപാടാണ് പല മുതിർന്ന നേതാക്കളും സ്വീകരിച്ചിരിക്കുന്നത്

ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗം കൂടിയായി ആണ് കെപിസിസി സമര അഗ്നി എന്ന പേരിൽ കേരളയാത്ര നടത്താൻ തീരുമാനിച്ചത് ‘ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നയിക്കുന്ന യാത്ര എന്നതായിരുന്നു പരിപാടിയുടെ പ്ലാൻ’ എന്നാൽ ഇതുമായി യോജിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറായില്ല. എന്ന് മാത്രമല്ല ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്ര എന്ന നിലയിൽ യുഡിഎഫിന്റെ യാത്രയാണ് ഇത് എന്നും യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവാണ് യാത്രയെ നയിക്കേണ്ടത് എന്നും സതീശൻ അവകാശവാദം ഉന്നയിച്ചു. ഈ രീതിയിൽ അല്ലെങ്കിൽ താൻ പങ്കെടുക്കില്ല എന്ന് ഭീഷണിയും മുഴക്കിയതോടെ രണ്ടുപേരും ചേർന്ന് സമര അഗ്നി യാത്ര നടത്തട്ടെ എന്ന് തീരുമാനിക്കുകയാണ് ഉണ്ടായത്

കോൺഗ്രസ് പാർട്ടിയുടെ യാത്ര എന്ന രീതിയിൽ മാറിയ സമര അഗ്നി യാത്ര നടത്തിപ്പ് കാര്യങ്ങളിൽ മറ്റു സീനിയർ നേതാക്കൾക്ക് ഒരു പങ്കും സതീശനും സുധാകരനും നൽകിയില്ല. മുൻ കെപിസിസി പ്രസിഡണ്ടും വടകര എംപിയും ആയ കെ മുരളീധരനെ നേരിട്ട് വിളിക്കുകയോ അവിടെ യാത്രയുടെ പ്രചരണത്തിന് ഇറക്കിയ ബോർഡുകളിലും പോസ്റ്ററുകളിലും മുരളീധരന്റെ പടം വയ്ക്കുകയോ ചെയ്തില്ല എന്നത് മുരളീധരന് വല്ലാത്ത ക്ഷീണം ഉണ്ടാക്കി, ഈ വിവരം തുറന്നു പറഞ്ഞുകൊണ്ട് അവിടെ നടന്ന സ്വീകരണ പരിപാടികളിൽ നിസ്സഹകരണം എന്ന നിലപാട് സ്വീകരിക്കുകയാണ് മുരളീധരൻ ചെയ്തത്. വടകരയിലാണ് മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വീട്’ സമര അഗ്നി യാത്ര ആ സ്വന്തം നാട്ടിൽ എത്തിയപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രന് ഒരു പ്രാധാന്യവും പരിഗണനയും നൽകിയില്ല എന്ന് പ്രതിഷേധിച്ചുകൊണ്ടാണ് യാത്രയുടെ സ്വീകരണ പരിപാടിയിൽ നിന്നും മുല്ലപ്പള്ളി വിട്ടുനിന്നത്

ഇപ്പോഴും പദവികൾ ഒന്നും ഇല്ലെങ്കിലും നല്ലൊരു വിഭാഗം പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ആരാധനയോടെ നിറഞ്ഞുനിൽക്കുന്ന ഒരു നേതാവാണ് വി എം സുധീരൻ’ ഏതുകാലത്തും സ്വന്തമായ നിലപാടുകൾ വെട്ടി തുറന്ന് പറഞ്ഞുകൊണ്ട് ആദർശത്തിന്റെ അളവ് തെറ്റാതെ രാഷ്ട്രീയ രംഗത്ത് നിലയുറപ്പിച്ച സുധീരനെ സമര അഗ്നി യാത്രയുടെ ഒരു വേദിയിലും ഉൾപ്പെടുത്തിയില്ല എന്നത് സുധീരനെ മാത്രമല്ല പ്രവർത്തകരിലുംവലിയ പ്രതിഷേധത്തിന് കാരണം ആക്കിയിട്ടുണ്ട്

ലോകസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ 20 സീറ്റിൽ 19 എണ്ണം മാത്രമല്ല ഈ കുറി 20 സീറ്റിലും ജയിക്കുക എന്ന മുദ്രാവാക്യവും ആയിട്ടാണ് യാത്ര നടത്താൻ തീരുമാനിച്ചത്. 20 ൽ 20 സീറ്റും ഉറപ്പ് എന്ന് പറഞ്ഞുകൊണ്ട് സുധാകരനും സതീശനും യാത്ര നയിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയം പോലും ഈ കുറി ഉണ്ടാകില്ല എന്ന് മറ്റു നേതാക്കൾ പറയുന്നുണ്ട് ദേശീയ തലത്തിൽ കോൺഗ്രസിന് ഉണ്ടായിട്ടുള്ള ക്ഷീണവും ഇപ്പോഴും പല സംസ്ഥാനങ്ങളിലെയും മുതിർന്ന നേതാക്കൾ അടക്കം കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിലേക്ക് പോയിക്കൊണ്ടിരിക്കുന്നതും കേരളത്തിൽ പ്രവർത്തകർക്കിടയിൽ നിരാശയ്ക്കും ആശങ്കയ്ക്കും വഴിയൊരുക്കിയിട്ടുണ്ട് മാത്രവുമല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും കോൺഗ്രസ് പാർട്ടി അധികാരത്തിൽ വരില്ല എന്നും കോൺഗ്രസ് നേതൃത്വം കൊടുത്ത ഇന്ത്യ മുന്നണി തകർന്നതും കോൺഗ്രസ് പ്രവർത്തകരിൽ ഒട്ടും ആവേശം ഇല്ലാത്ത സ്ഥിതി ഉണ്ടാക്കിയിട്ടുണ്ട്.

ലോകസഭ തെരഞ്ഞെടുപ്പിലെ വലിയ വിജയം ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളോടെ ആരംഭിച്ച കെപിസിസിയുടെ സമര അഗ്നിയാത്ര രണ്ടുമൂന്ന് ജില്ലകൾ കടക്കുമ്പോൾ തന്നെ പരസ്പര കലഹത്തിന്റെയും നേതാക്കളുടെ ഒഴിഞ്ഞു മാറലിൻ്റെയും പേരിൽ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന പാർട്ടിയുടെ ഇത്തരം യാത്രകളിൽ വലിയ ആവേശവും പ്രവർത്തക പങ്കാളിത്തവും ഉണ്ടാകാറുള്ളതാണ്. കോൺഗ്രസിനെ ഏറെ സ്വാധീനമുള്ള വടക്കൻ ജില്ലകളിൽ പോലും ആവേശം കുറയുന്നത് നേതാക്കളിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്

കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം മനസ്സുമടിപ്പിക്കുന്ന മറ്റൊരു വിഷയം കൂടി ഉണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിൽ നടന്നുവന്ന പ്രതിപക്ഷ സമരങ്ങളിൽ പങ്കെടുത്ത കേസുകളിൽ പെട്ട പാവപ്പെട്ട പ്രവർത്തകരുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ പോലും ഒരു നേതാവും ഇതേവരെ തയ്യാറായിട്ടില്ല എന്നത് താഴെത്തട്ടിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിരന്തരം എന്നോണം പാർട്ടി പിരിവ് അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് തൃശ്ശൂരിൽ കോൺഗ്രസ് പ്രസിഡൻറ് ഖാർഗെ പങ്കെടുത്ത യോഗത്തിൽ എത്തുന്നതിന് കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പണപ്പിരിവ് നടത്തിയിരുന്നു. ഇപ്പോൾ കെപിസിസിയുടെ സമര യാത്രയ്ക്കായി വീണ്ടും പണം പിരിക്കാൻ രസീത് ബുക്കുകൾ മണ്ഡലം കമ്മിറ്റികളിലും ബൂത്ത് കമ്മിറ്റികളിലും എത്തിച്ചിരിക്കുകയാണ്. പാർട്ടിയുടെ ഒരു ബൂത്ത് കമ്മിറ്റി അമ്പതിനായിരം രൂപ പിരിക്കണം എന്നാണ് നിർദ്ദേശം. ഇതിൽ 25,000 രൂപ മുകൾതട്ടിലേക്ക് കൊടുക്കണം. എല്ലാത്തരത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് നിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് വീണ്ടും വീണ്ടും പിരിവിനായി ഇറങ്ങുന്നതിൽ ബൂത്ത് ഭരണസമിതിക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് മടിയുണ്ട്. കോൺഗ്രസ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ സ്ഥിരം പിരിവ് സംഘങ്ങളായി മാറി എന്ന പേരുദോഷം ഉണ്ടാകുമെന്ന് വരെ സാധാരണ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്