കാലഹരണപ്പെട്ട നേതാക്കളും സ്ഥാനാർത്ഥികൾ
എൽഡിഎഫ് പ്രവർത്തകരിലും നിരാശ പടർത്തി സ്ഥാനാർത്ഥി പട്ടിക
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ളഐക്യ ജനാധിപത്യം മുന്നണി 20 സീറ്റിൽ 19 സീറ്റിലും വിജയിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ അത് ആവർത്തിക്കപ്പെടരുത് എന്നും കുറഞ്ഞത് 10 സീറ്റ് എങ്കിലും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് മുന്നണിയുടെയും സർക്കാരിന്റെയും നിലനിൽപ്പിന് അനിവാര്യമാണ് എന്നും എൽഡിഎഫ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വലിയ ആഗ്രഹം ഉണ്ടായിരുന്നുവലിയ ആഗ്രഹം ഉണ്ടായിരുന്നു എൽഡിഎഫ് മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് കക്ഷികൾ സിപിഎമ്മും സിപിഐയും ആണ് സിപിഎം 15 സീറ്റുകളിലും സിപിഐ 4 സീറ്റുകളിലും ആണ് മത്സരിക്കുന്നത് ഒരു സീറ്റിൽ മാണി കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും
ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടുകൂടി ഈ രണ്ടു പാർട്ടിയിലെയും പ്രവർത്തകർ വലിയ നിരാശയിലാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. രണ്ട് പാർട്ടികളിലെയും യുവജന സംഘടനകൾ ആയ ഡിവൈഎഫ്ഐ യും എ ഐ വൈ എഫ് ഉം ആണ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. സിപിഎം പുറത്തുവിട്ട സ്ഥാനാർഥികളിൽ മൂന്ന് നാല് പേർ വലിയ പ്രായാധിക്യത്തിൽ എത്തി രാഷ്ട്രീയത്തിൽ തന്നെ കാലഹരണപ്പെട്ട നേതാക്കളാണ് എന്ന ആക്ഷേപമാണ് യുവജന സംഘടന പറയുന്നത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ മത്സരിക്കുന്നത് നാല് സീറ്റുകളിൽ ആണ്. ഇതിൽ തിരുവനന്തപുരം വയനാട് നിയോജക മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച സ്ഥാനാർഥികളായ പന്നിയന്‍ രവീന്ദ്രൻ ആനി രാജ എന്നിവർ കാലഹരണപ്പെട്ട നേതാക്കൾ ആണെന്നും എന്തിനാണ് ഇവരെ ബലിയാടുകൾ ആക്കാൻ സ്ഥാനാർഥികൾ ആക്കിയത് എന്നും ഉള്ള ചോദ്യമാണ് സിപിഐയുടെ യുവജന സംഘടനയും ഉയർത്തുന്നത്
വയനാട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി ആയിരുന്നു. നാലേകാൽ ലക്ഷത്തോളം വരുന്ന വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളത്തിൻറെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി എഴുതിയ വിജയം രാഹുൽഗാന്ധി നേടിയെടുത്തത്. ഇപ്പോഴും യുവത്വം വിടാത്ത രാഹുൽ ഗാന്ധിയെ എതിർക്കാൻ പ്രായാധിക്യത്തിൽ എത്തിയ ആനി രാജാ എന്ന സ്ഥാനാർത്ഥിയെ കണ്ടെത്തിയതിലുള്ള അനൗചിത്യം സിപിഐയുടെ ജില്ലാ നേതാക്കളിലും പ്രവർത്തകരിലും നിറഞ്ഞുനിൽക്കുന്നുണ്ട്
സിപിഎം സ്ഥാനാർത്ഥികളായി നിശ്ചയിച്ചിട്ടുള്ള കോഴിക്കോട് മത്സരിക്കുന്ന എളമരം കരീം നിലവിൽ രാജ്യസഭാ അംഗമാണ്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അടുത്തകാലത്ത് ഉയർന്നുവന്ന ചില ജനകീയ പ്രക്ഷോഭങ്ങളിൽ ജനങ്ങൾക്ക് എതിരായ നിലപാട് എടുത്ത് വിരോധം നേടിയെടുത്ത നേതാവാണ് എളമരം കരീം എന്ന പരാതിയാണ് അവിടെ ചർച്ചയായിരിക്കുന്നത്. ഇടുക്കി
നിയോജക മണ്ഡലത്തിൽ വീണ്ടും ഒരിക്കൽ കൂടി ജോയ്സ് ജോർജ് എന്നയാളെ സ്ഥാനാർത്ഥിയാക്കിയതിൽ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർക്ക് നിരാശ ഉണ്ട്. ഭൂമി തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട ഇപ്പോഴും അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്ന സംഭവത്തിലെ കഥാപാത്രമായ ആളെ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയാക്കിയത് വേണ്ടത്ര ആലോചന ഇല്ലാതെയും സിപിഎമ്മിന്റെ ഇടുക്കി ജില്ലാ ഘടകത്തിന്റെ നിർദ്ദേശങ്ങളെ തള്ളികൊണ്ടും ആണ് എന്ന പരാതിയും ഉയരുന്നുണ്ട്
ഇതുപോലെ തന്നെയാണ് കൊല്ലം നിയോജകമണ്ഡലത്തിലെയും എറണാകുളം നിയോജക മണ്ഡലത്തിലെയും സ്ഥാനാർഥികളെ നിശ്ചയിച്ച രീതിയിൽ അപാകത വന്നിട്ടുള്ള വിഷയവും ‘ കൊല്ലം ലോക്സഭാ സീറ്റിൽ സിപിഎം സ്ഥാനാർത്ഥി നിലവിൽ എം എൽ എ ആയ ചലച്ചിത്ര നടൻ മുകേഷ് ആണ്. ഇപ്പോൾ ഒരു പാർലമെൻററി പദവിയിൽ ഇരിക്കുന്ന മുകേഷിനെ തന്നെ വാശിപിടിച്ച് സ്ഥാനാർത്ഥിയാക്കിയത് കൊല്ലം ജില്ലയിൽ സിപിഎമ്മിന് കഴിവുള്ള ഒരു നേതാവും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം പ്രവർത്തകരിൽ നിന്നു തന്നെ ഉയരുന്നുണ്ട്
ഈ തരത്തിലുള്ള തർക്കവും വിവാദവും ആണ് എറണാകുളം നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയുടെ കാര്യത്തിലും ഉയർന്നുവരുന്നത്. ജില്ലയിൽ പോലും ജനങ്ങൾക്ക് മുന്നിൽ തിരിച്ചറിയപ്പെടാത്ത ഒരാളെയാണ് സിപിഎം ഇവിടെ സ്ഥാനാർഥി ആക്കിയിരിക്കുന്നത്. പറവൂർ മുനിസിപ്പാലിറ്റിയിലെ ഒരു അംഗം എന്ന നിലയിൽ ഉള്ള പ്രവർത്തനം മാത്രമാണ് സ്ഥാനാർഥിയായി വന്നിട്ടുള്ള യുവതി കെ ജെ ഷൈൻ ഇതുവരെ നടത്തിയിട്ടുള്ളത്. കേരളത്തിലെ മറ്റു ഏതൊരു ലോകസഭാ മണ്ഡലവും പോലെയല്ല എറണാകുളം മണ്ഡലം ഹൈക്കോടതിയും കളക്ടറേറ്റും നിരവധിയായ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളും അതിനെല്ലാം ഉപരിയായി കേരളത്തിൻറെ വ്യാപസായിക തലസ്ഥാനം എന്ന് കൂടി അറിയപ്പെടുന്ന ഈ മണ്ഡലം പ്രബുദ്ധരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള വരും പാർക്കുന്ന സ്ഥലമാണ്. ഇത്തരത്തിൽ ഒരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആളെ അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തി തെരഞ്ഞെടുക്കുന്ന രീതിയാണ് വോട്ടർമാർ കാണിക്കാറുള്ളത്. വളരെ പ്രശസ്തരും ജനകീയരും ഒക്കെയായ ആൾക്കാരാണ് മുൻകാലങ്ങളിൽ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്. ഈ കഴിഞ്ഞകാല യാഥാർത്ഥ്യങ്ങൾ ഗൗരവത്തോടെ പരിഗണിക്കാതെ രാഷ്ട്രീയമായിട്ടോ മറ്റെന്തെങ്കിലും തരത്തിലോ പ്രവർത്തിച്ച ജനങ്ങൾക്കിടയിൽ സ്വാധീനം ഉണ്ടാക്കിയ ഒരാളെ സിപിഎം എന്ന പാർട്ടിക്ക് സ്ഥാനാർഥിയായി കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് ഇവിടുത്തെ ഇടതുമുന്നണി പ്രവർത്തകരിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്
ഏതായാലും കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചുകൊണ്ട് വലിയ വിജയം നേടണം എന്ന് പ്രതീക്ഷയോടെ കൂടി കഴിയുന്ന കേരളത്തിലെ എൽഡിഎഫ് പ്രവർത്തകരിൽ നിരാശ ഉണ്ടാക്കുന്ന ചില സ്ഥാനാർത്ഥികൾ എങ്കിലും എൽഡിഎഫ് പട്ടികയിൽ വന്നിരിക്കുന്നു എന്നത് ഇടതുമുന്നണി ഗൗരവമായി കാണേണ്ടതായിരുന്നു.സ്ഥാനാർഥിനിർണയത്തിൽ പാർട്ടി പ്രാതിനിധ്യം പലപ്പോഴും മാറ്റിവെച്ചുകൊണ്ട് സ്വതന്ത്ര രെകൊണ്ടുവന്ന് പരീക്ഷണം നടത്തി പരാജയം ഏറ്റുവാങ്ങിയ പല അനുഭവങ്ങളും എൽഡിഎഫിന് ഉള്ളതാണ്. ഈ സർക്കാർ അധികാരമേറ്റ ശേഷം ഉണ്ടായ രണ്ട് നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ സ്ഥാനാർഥിനികത്തിലെ പാളിച്ചകൾ കനത്ത തോൽവിക്ക് വഴിയൊരുക്കി എന്നത് തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിലെ സിപിഎം ജില്ലാ കമ്മിറ്റികളിലും ഇടതുമുന്നണി യോഗങ്ങളിലും ചർച്ചയായി വന്നിരുന്നതാണ്. പ്രധാനമായ ഒരു തെരഞ്ഞെടുപ്പ് – സർക്കാരിനെയും ഇടതുപക്ഷ മുന്നണിയെയും പ്രത്യക്ഷത്തിൽ തന്നെ ബാധിക്കുന്ന ഒരു പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള രാഷ്ട്രീയ നേതൃത്വങ്ങളെ സ്ഥാനാർത്ഥികളായി അവതരിപ്പിച്ച യഥാർത്ഥ രാഷ്ട്രീയ മത്സരത്തിന് വഴിയൊരുക്കാൻ ശ്രമിക്കുകയായിരുന്നു സിപിഎമ്മും സിപിഐയും ചെയ്യേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട് എന്ന കാര്യം കൂടി എൽഡിഎഫ് നേതൃത്വം തിരിച്ചറിയണം എന്നാണ് ഞങ്ങളുടെ അഭ്യർത്ഥന