പാലോട് രവിക്ക് പത്മഭൂഷൻ കൊടുത്താലോ…

കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ജനഗണമന പാഠശാലയും തുടങ്ങാം... പാലോട് രവി ആള് വെറും ചില്ലറക്കാരനൊന്നുമല്ല....

പാലോട് രവിക്ക് പത്മഭൂഷൻ കൊടുത്താലോ…കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ജനഗണമന പാഠശാലയും തുടങ്ങാം… പാലോട് രവി ആള് വെറും ചില്ലറക്കാരനൊന്നുമല്ല…. ഒരിക്കൽ രാജ്യം അടക്കി വാണിരുന്ന കോൺഗ്രസ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ആണ്…. ഏറെക്കാലം അദ്ദേഹം കെപിസിസിയുടെ കലാസാംസ്കാരിക വിഭാഗത്തിന്റെ സംസ്ഥാന ചെയർമാനുമായിരുന്നു… ജനഗണമന എന്ന് തുടങ്ങുന്ന ടാഗോറിന്റെ കൃതി നമ്മുടെ രാജ്യത്തിൻറെ ദേശീയ ഗാനമാണ്…. പണ്ടുമുതലേ സ്കൂൾ കുട്ടികളിൽ ദേശീയ ഗാനം പഠിപ്പിച്ചു തുടങ്ങുന്നതാണ്…. കോൺഗ്രസ് പാർട്ടിയുടെ മാത്രമല്ല പൊതുവായി നടക്കുന്ന ഏത് ചടങ്ങിൻ്റെയും പരിസമാപ്തി ദേശീയഗാനാലാപനത്തോടെ ആയിരിക്കണം എന്നത് ഒരു കീഴ്വഴക്കമാണ്…കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് സതീശനും സംയുക്തമായി നയിച്ച കോൺഗ്രസ് പാർട്ടിയുടെ സമരാഗ്നി യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു…. ഏത് പരിപാടി സംഘടിപ്പിച്ചു നടത്തിയാലും അതിൽ എന്തെങ്കിലും ഒരു പ്രത്യേകത ഉണ്ടാക്കുക എന്നത് അടുത്തകാലത്തായി കോൺഗ്രസ് പാർട്ടിയുടെ ഒരു ശീലമായി മാറിയിട്ടുണ്ട്…. സമരാഗ്നിയുടെ സമാപന സദസ്സിനെക്കാളേറെ, നിറഞ്ഞുനിന്ന വേദി കൊണ്ടു തന്നെ പരിപാടി പ്രത്യേകത നേടിയിരുന്നു…. നൂറിലധികം പേരാണ് സ്റ്റേജിൽ കയറി കൂടിയത്. സ്വാഗതം പറയാനെത്തിയ ആൾ മനുഷ്യച്ചങ്ങലയിലെ ആൾക്കാരുടെ പേര് പറയുന്ന ഗതികേടിലേക്കെത്തി… പറഞ്ഞിട്ടും പറഞ്ഞിട്ടും സ്റ്റേജിലിരിക്കുന്നവരുടെ തല പിന്നെയും അവശേഷിക്കുകയാണ്… ഒടുവിൽ സഹികെട്ട് സകലമാനപേർക്കും സ്വാഗതം എന്നു പറഞ്ഞ് അവസാനിപ്പിച്ചു…..ഇതുകൊണ്ടും കോൺഗ്രസ് സമ്മേളനത്തിന്റെ സവിശേഷത അവസാനിച്ചില്ല…. നിരവധി നേതാക്കൾ നീട്ടി നീട്ടി പ്രസംഗിച്ച് അവസാനം രാത്രി പത്തുമണിയോടടുത്തപ്പോൾ പരിപാടി അവസാനിപ്പിച്ച് കൃതജ്ഞത പറയാൻ കെപിസിസി പ്രസിഡൻറ് മൈക്ക് കയ്യിലെടുത്തു…. അദ്ദേഹം മുന്നോട്ടു നോക്കിയപ്പോൾ കാലിയായ കസേരയാണ് സദസ്സിൽ അവശേഷിച്ചത്… ആരെ നോക്കിയാണ് നന്ദി പറയേണ്ടത് എന്നറിയാതെ സുധാകരന്റെ പതിവ് രീതിയിലുള്ള സിംഹഗർജനം പുറത്തുവന്നു. പരിപാടി തീരു വരെ ഇരിക്കാൻ പറ്റാത്ത ഒരു പ്രവർത്തകനും ഈ പാർട്ടിയിൽ വേണ്ട എന്ന് അദ്ദേഹം തട്ടിവിട്ടു. ഇത് കേട്ടപ്പോൾ എല്ലാരും വലിയ ആശങ്കയിലായി. അവശേഷിച്ച പ്രവർത്തകർ സുധാകരനെ കളിയാക്കുന്നുമുണ്ടായിരുന്നു… ഏതായാലും ക്ഷണനേരത്തിൽ പ്രതിപക്ഷ നേതാവ് ചാടി എണീറ്റ് മൈക്ക് പിടിച്ചു വാങ്ങി പ്രസിഡണ്ടിനെ സമാധാനിപ്പിച്ചു… ഒപ്പം സദസിൽ അവശേഷിച്ച ആൾക്കാരെയും…
ഇതിനൊപ്പമാണ് വലിയൊരു മഹാസംഭവം കൂടി അരങ്ങേറിയത്… കോൺഗ്രസ് പാർട്ടി നടത്തിയ മഹാസമ്മേളനത്തിന്റെ സമാപനം എന്നത് ജനഗണമന എന്ന ദേശീയഗാനം ആലപിച്ചാണല്ലോ…. ജില്ലാ പ്രസിഡണ്ടായ പാലോട് രവി യോഗം അവസാനിക്കുകയാണ്, ദേശീയഗാന ആലാപനത്തോടെ എന്നാഹ്വാനം ചെയ്ത് ശ്രുതിയും പക്കമേളവും ഒന്നുമില്ലാതെ ഒറ്റയ്ക്ക് നിന്ന് ദേശീയ ഗാനം സമൂഹഗാനമായി പാടി തുടങ്ങി… ദേശീയഗാനത്തിന്റെ രണ്ടാം വരിയിലെത്തിയപ്പോൾ കേട്ടുനിന്ന നേതാക്കൾ അന്തംവിട്ടു…. പാലോട് രവി പാലുപോലെ ഒഴുക്കിയ ദേശീയ ഗാനം തെറ്റിച്ചിരിക്കുന്നു. ഉടൻതന്നെ പാർട്ടിയുടെ രണ്ടാം അധ്യക്ഷനായ സിദ്ദിഖ് ചാടി എണീറ്റ് ദേശീയ ഗാനം ആരും പാടി വിഷമിക്കേണ്ട… അതിൻറെ സിഡി ഇപ്പോൾ ഇടുന്നതാണ് എന്ന് അറിയിച്ചു…. ഏതായാലും ദേശീയ ഗാനത്തിന്റെ ഓഡിയോ സിഡിയിൽ തെറ്റില്ലാതെ വരികൾ പാടിയിരിക്കുന്നതിനാൽ,, സകലമാന നേതാക്കളും സ്റ്റേജിൽ എണീറ്റു നിന്ന് ദേശീയ ഗാനത്തിന് കൊഴുപ്പുകൂട്ടി…..ഇവിടെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്… കോൺഗ്രസ് പാർട്ടി ഒരു രാഷ്ട്രീയ പാർട്ടിയാണ്… അവർക്ക് ഏതുതരത്തിലുള്ള സമ്മേളനവും , എവിടെ വെച്ച് നടത്തുവാനും എപ്പോൾ നടത്തുവാനും അവകാശമുണ്ട്….. ഈ സമ്മേളനത്തിന്റെ സ്റ്റേജിൽ കയറി നിന്ന് ഇഷ്ടമില്ലാത്ത അച്ചിമാരെയൊക്കെ എന്ത് ചീത്ത വിളിക്കാനും അവർക്കവകാശമുണ്ട്….. പക്ഷേ പരിപാടിയുടെ ഏതവസരത്തിലാണെങ്കിലും ദേശീയ ഗാനത്തിൽ കൈ വയ്ക്കുമ്പോൾ അത് പാർട്ടിയുടെ കാര്യമായി കാണുവാൻ കഴിയില്ല….ഒരു രാഷ്ട്രീയപ്പാർട്ടിയിൽ സമുന്നതമായ പദവിയിലിരിക്കുകയും പാർട്ടി പ്രവർത്തകരെ എല്ലാം ഉപദേശിച്ചു നേരെയാക്കി കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു നേതാവിനു, തെറ്റുകൂടാതെ ദേശീയ ഗാനം പാടാനറിയില്ല എന്നത് നാണക്കേട് മാത്രമല്ല ഈ കൂട്ടരെയെല്ലാം രാഷ്ട്രീയ നേതാക്കന്മാരുടെ പട്ടികയിൽ നിന്നും വെട്ടി മാറ്റുകയാണ് വേണ്ടത്…. ഇവിടെ ഞങ്ങൾക്ക് പറയാനുള്ളത് ഇത്ര മാത്രം,, ബഹുമാന്യനായ പാലോട് രവി.. അങ്ങ് അങ്ങയുടെ നാട്ടിലെ ഏതെങ്കിലും ഒരു അങ്കണവാടിയിൽ ചെന്ന് അവിടുത്തെ കൊച്ചു കുട്ടികൾ അക്ഷരത്തെറ്റു കൂടാതെ ദേശീയ ഗാനം പാടുന്നത് കേൾക്കുക, പഠിക്കുക … കുറച്ചുനാൾ പാർട്ടിയുടെ ജില്ലാ പ്രസിഡൻറ് പദവിയിൽ നിന്നും അവധിയെടുത്താലും ഒരു കുഴപ്പവും വരാനില്ല…സ്വാതന്ത്ര്യ സമരത്തിന്റെയും അതിനുശേഷം സ്വതന്ത്ര ഭാരതത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലും സുപ്രധാനമായ പങ്കുവഹിച്ച ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിലാണ് കോൺഗ്രസിനെ പൊതുജനം കാണുന്നത്….’ആ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിലെ ദേശീയഗാനാലാപനം ആക്ഷേപത്തിന് വഴിയൊരുക്കിയെങ്കിൽ കോൺഗ്രസ് പാർട്ടിയെ കേരളത്തിൽ നയിക്കുന്ന നേതാക്കൾ അടിയന്തരമായി ഒരു കാര്യം ചെയ്യേണ്ടതുണ്ട്… ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ പ്രവർത്തിക്കുന്ന നേതാക്കളെ വിളിച്ചിരുത്തി തെറ്റുകൂടാതെ ദേശീയഗാനം ആലപിക്കാൻ മത്സരവേദി ഒരുക്കുക… തെറ്റായി ഗാനാലാപനം നടത്തുന്ന നേതാക്കളെ രഹസ്യമായി തന്നെ എവിടെയെങ്കിലും താമസിപ്പിച്ചു അവർക്ക് ദേശീയഗാന പഠന ക്ലാസ് ഒരുക്കുക…. ഇതല്ലാതെ മറ്റൊരു മാർഗവും ഇത്തരം നാണംകെട്ട അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പറയാനാവില്ല ……