ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ലൈഫ് മിഷന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സൂരജ് ഷാജിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് സ്ലീബയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സോഷ്യല്‍ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ എസ് എം വിനോദ്, അസിസ്റ്റന്‍റ് മാനേജര്‍ ടാനിയ ചെറിയാന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ അതിദരിദ്ര വിഭാഗത്തില്‍ ഭൂമിയും വീടും വേണ്ടവർക്കാണ് പ്രധമ പരിഗണന. ഭൂമി വാങ്ങാൻ ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെയാണ് അനുവദിക്കുക. എല്ലാ ജില്ലകളിലേയും അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമായി ഭൂമി ലഭ്യമാക്കും. ഭൂമി ലഭ്യമായാലുടൻ ലൈഫ് മിഷന്‍ മുഖേന അടച്ചുറപ്പുള്ള വീടുകൾ ഒരുക്കും.
ഭൂരഹിത ഭവനരഹിതരായ ലൈഫ് ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളിൽ പങ്കാളിയായ പ്രമുഖ സ്ഥാപനമാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ലൈഫ് മിഷനും കൈകോര്‍ത്ത് കൊണ്ട് നടപ്പിലാക്കിയ ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ ആദ്യ ഭാഗമായി എറണാകുളം, ആലപ്പുഴ, കാസറഗോഡ് എന്നീ ജില്ലകളിലെ 1000 ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഇതിനായി ചെലവഴിച്ചത്. ഇപ്രകാരം ഭൂമി ലഭിച്ചവരില്‍ 911 ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണം ലൈഫ് മിഷൻ വഴി ആരംഭിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ്, 1000 ഭൂരഹിതര്‍ക്ക് കൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൌണ്ടഷൻ താത്പര്യം അറിയിച്ചത്. ഇതിനുള്ള ധാരണാപത്രത്തിലാണ് ഇന്ന് ഒപ്പിട്ടത്.
എല്ലാവർക്കും അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള സർക്കാരിന്റെ പരിശ്രമങ്ങളിൽ സജീവമായി പങ്കാളികളാകുന്ന കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ഇടപെടലുകൾക്കുള്ള മാതൃകയാണ് കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ കാട്ടിത്തന്നിരിക്കുന്നത്. സർക്കാരിനൊപ്പവും ലൈഫ് മിഷനോടൊപ്പവും ചേർന്ന് നാടിനായി പ്രവർത്തിക്കാൻ കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷന് കഴിഞ്ഞു. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാം ഘട്ടമായ ഭൂരഹിതരുടെ പുനരധിവാസം ഏറെ ശ്രമകരമാണ്. ഇത് പ്രായോഗികമാക്കുന്നതിന് സുമനസ്സുകളുടേയും സന്നദ്ധസംഘടനകളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷനെ മാതൃകയാക്കി, ഭൂരഹിത ഭവനരഹിതർക്ക് ഭൂമി സംഭാവന ചെയ്യാൻ സുമനസുകൾ രംഗത്തുവരണമെന്നും മന്ത്രി അഭ്യർഥിച്ചു.
ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി 2017 മുതല്‍ 2024 നവംബർ 30 വരെ 5,30,904 ഗുണഭോക്താക്കള്‍ക്കാണ് വീട് അനുവദിച്ചത്. ഇതില്‍ 4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. 1,07,350 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുന്നു. ഭൂരഹിത ഭവന രഹിതർക്കായി ഭൂമി കണ്ടെത്താൻ സർക്കാര്‍ ആവിഷ്കരിച്ച മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 20.38 ഏക്കര്‍ ഭൂമി ഇതിനോടകം ലഭിച്ചിട്ടുണ്ട്.