NCD ഒരു ഭാഗ്യപരീക്ഷണം

Non Convertable Debenture (NCD) എന്ന് പേരിൽ ഇറക്കുന്ന കടപ്പത്രങ്ങൾ വഴി നിക്ഷേപകരുടെ പോക്കറ്റടിക്കുന്ന NBFC കളുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്. കോടികൾ മുടക്കി കമ്പനി മുതലാളിയുടെ മുഴുനീളൻ ചിത്രങ്ങളടക്കം വച്ച് പരസ്യം. അതുമല്ലെങ്കിൽ സിനിമ താരങ്ങളെ വെച്ച് പരസ്യം ചെയ്യും. നിക്ഷേപകരെ വിശ്വസിപ്പിച്ച് ചാക്കിലാക്കും. കേട്ടാൽ കൊതിക്കുന്ന വാഗ്ദാനങ്ങളും മറ്റും നൽകി പണം കൈക്കലാക്കും. ഒടുവിൽ കാലാവധിയെത്തുമ്പോൾ കൈമലർത്തും. അല്ലെങ്കിൽ NCD പുതുക്കിയിടാൻ പ്രേരിപ്പിക്കും. നൽകാൻ പണമില്ലാത്ത കമ്പനികളുടെ അടുത്ത അടവാണിത്. ഇന്ന് കേരളത്തിൽ പല സ്ഥാപനങ്ങളിലും സംഭവിക്കുന്നത് ഇതാണ്.

നല്ല നിലയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഒഴിച്ചു നിർത്തിയാൽ പലരുടെയും ലക്ഷ്യം നിക്ഷേപകരെ കൊള്ളയടിക്കുകയെന്നതു തന്നെയാണ്. ചോര കുടിക്കാൻ വെമ്പുന്ന ചെന്നാക്കളെപ്പോലെയാണ് പലരുടെയും നടപടി. യാതൊരു ഗ്യാരണ്ടിയുമില്ലാത്ത കടപ്പത്രങ്ങൾ വന്‍ വാഗ്ദാനങ്ങളോടെയാണ് പലരും നിക്ഷേപകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. പലരും ഇവരുടെ വാഗ്ദാനങ്ങളില്‍ കുരുങ്ങി ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നു. അവസാനം പലിശയും മുതലും നഷ്ടപ്പെട്ട് വിലപിക്കുകയാണ് പലരും.

റിസർവ്വ് ബാങ്കിൻ്റെയും സെബിയുടെയും ഗ്യാരണ്ടിയുണ്ടെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തിലാണ് മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും പരസ്യം. എന്നാൽ ആരും വായിച്ചെടുക്കാത്ത തരത്തിൽ ആർബിഐയുടെയും സെബിയുടെയും ക്രെഡിറ്റ് ഏജൻസിയുടെയും
മുന്നറിയിപ്പുകൾ NCD കളുടെ പരസ്യങ്ങളിൽ ഇവർ ഒളിപ്പിച്ചു വെക്കുകയും ചെയ്യും. RBl, SEBl തുടങ്ങിയ റെഗുലേസിന് NCD കളുടെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്ന വിവരം കമ്പനികൾ അവരുടെ പരസ്യത്തിൽ ഉൾപ്പെടുത്തണമെന്ന നിബന്ധനകൾ നിലവിലുള്ളതുകൊണ്ട് പാലിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ട് ആരും വായിക്കരുതെന്ന ഉദ്ദേശത്തിൽ വളരെ ചെറിയ അക്ഷരത്തിൽ ഇത് എഴുതിച്ചേർക്കും.

നിക്ഷേപകരെ കബളിപ്പിക്കാനും തങ്ങള്‍ക്ക് രക്ഷപെടാനുമുള്ള എല്ലാ നിയമങ്ങളും നിബന്ധനകളും പരസ്യത്തില്‍ ഇവര്‍ ഉള്‍പ്പെടുത്തും. കമ്പനിയുടെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും NCD യുടെ പണം നിക്ഷേപകന് തിരികെ ലഭിക്കുക എന്ന് കമ്പനികള്‍ തന്നെ പറയുന്നുണ്ട്. കമ്പനി നഷ്ടത്തിലായാൽ നിക്ഷേപകന്റെ പണം നഷ്ടമാകാനാണ് സാധ്യത. കൃത്യമായി പറഞ്ഞാൽ NCD കൾ വഴി നിക്ഷേപിക്കുന്ന പണത്തിന്റെ ഉത്തരവാദിത്വം നിക്ഷേപകന് മാത്രമായിരിക്കും. ഒരു ഭാഗ്യപരീക്ഷമെന്ന് ഇതിനെ വിശേഷിപ്പിക്കാം. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത് പ്രസിദ്ധീകരിക്കുന്നതെങ്കിലും മനുഷ്യരുടെ നഗ്ന നേത്രങ്ങള്‍ കൊണ്ടോ ലെന്‍സ്‌ ഉപയോഗിച്ചോ ഇത് വായിക്കുവാന്‍ കഴിയില്ല. ലക്ഷങ്ങളും കോടികളും NCD യിലൂടെ നിക്ഷേപിക്കുന്നവര്‍ ആരും ഈ നിബന്ധനകള്‍ വായിക്കുവാന്‍ ശ്രമിക്കാറുമില്ല. എന്നാല്‍ ഒരിക്കല്‍ ഈ നിബന്ധനകള്‍ വായിക്കുന്ന ഒരാളും പിന്നീട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങളില്‍ പണം നിക്ഷേപിക്കുവാന്‍ തയ്യാറാകില്ല.

റേറ്റിംങ്ങാണ് മറ്റൊരു പ്രചരണ വിഷയം. കമ്പനികൾ നൽകുന്ന വിവരങ്ങളുടെയും പുറത്ത് നിന്നുള്ള ചില വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് റേറ്റിംഗ് ഏജൻസികൾ റേറ്റിംങ്ങ് നൽകുന്നത്. ഇതിൽ പ്രധാനമായും ഇവർ ആശ്രയിക്കുന്നത് കമ്പനികൾ നൽകുന്ന വിവരങ്ങളെത്തന്നെയാണ്. ഇക്കാര്യങ്ങൾ റേറ്റിംങ്ങ് ഏജൻസികളും NCD ഇറക്കുന്ന കമ്പനികളും വ്യക്തമാക്കുന്നുണ്ട്. ഇവിടെയാണ് റേറ്റിംഗ് കൂട്ടാൻ വേണ്ടിയുള്ള കമ്പനികളുടെ കള്ളക്കളികൾ സംബന്ധിച്ച ചില വിവരങ്ങൾ പ്രസക്തമാകുന്നത്. സ്വന്തം കമ്പനിയിൽ മുക്കുപണ്ടം പണയം വച്ച് സ്വർണ്ണപ്പണയ ബിസിനസ് പെരുപ്പിച്ച് കാണിക്കുന്ന NBFC കൾ ധാരാളമാണ് ഇന്ന്. തങ്ങളുടെ ബിസിനസ് പെരുപ്പിച്ച് കാണിച്ച് റേറ്റിംങ്ങ് ഏജൻസികളെ കബളിപ്പിക്കും ഒപ്പം നിക്ഷേപകരെയും ഷെയർ ഹോൾഡേഴ്സിനെയും.

സ്വന്തം കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച് നിക്ഷേപകരുടെ പണം കമ്പനിക്ക് പുറത്തേക്ക് കടത്തുകയാണ് പലരും. ടൺ കണക്കിന് മുക്കുപണ്ടങ്ങളാണ് ഇന്ന് പല NBFC കളുടെയും ബ്രാഞ്ചുകളിൽ പണയപ്പണ്ടമായി ഇരിക്കുന്നത്. സ്വണ്ണപ്പണയം പെരുപ്പിച്ച് കാണിച്ച് റേറ്റിംഗ് കൂട്ടാനും നിക്ഷേപം കമ്പനിക്ക് പുറത്തേക്ക് കടത്താനുമാണ് ഇവർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
പല കമ്പനികളും ഇറക്കുന്ന NCD കളുടെയും ഗ്യാരണ്ടി പോലും ഈ മുക്കുപണ്ടങ്ങളാണ്. ഇത്തരത്തിലുള്ള മുക്കുപണ്ട പണയങ്ങൾ കാണിച്ചാണ് പല NBFC കളും ഷെഡ്യൂൾഡ് ബാങ്കിൽ നിന്ന് ലോണെടുക്കുന്നതും റേറ്റിംഗ് കൂട്ടി NCD കൾ ഇറക്കുന്നതും. മാത്രമല്ല ചില NBFC കൾ ഇത്തരം മുക്കുപണ്ടങ്ങൾ ലേലം ചെയ്യുന്ന സ്വർണ്ണത്തിൽ ചേർത്ത്, ലേലം കൊള്ളുന്നവരെ കബളിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്.