സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍

പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സര്‍ക്കാരിന്റെ ഗൂഢാലോചന

പി വി അന്‍വറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. വന നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ പി വി അന്‍വറിനെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയില്‍ നിന്ന് വിട്ടു നിന്നിരുന്നു. എങ്കിലും പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസും ഉൾപ്പെടെ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വീടു വളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. റോഡ് അടച്ച്‌ സ്റ്റേജ് കെട്ടിയ കേസില്‍ എം വി ഗോവിന്ദന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ആത്മാര്‍ഥത അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും, അറസ്റ്റിന് പിന്നിലെ ഉദ്ദേശശുദ്ധി ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചിരുന്നു.