ഓൺലൈൻ ആപ്പ്; കടമക്കുടിയിലെ ദമ്പതികളുടെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: കടമക്കുടിയില്‍ മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പക്കുരുക്ക് മാത്രമല്ലെന്ന് പോലീസിന് സംശയം. ഓണ്‍ലൈന്‍ ആപ്പുകള്‍ക്ക് പുറമേ, ബാങ്കില്‍ നിന്നും ദമ്പതികള്‍ വായ്പ എടുത്തിരുന്നു. ബാങ്കിന്റെ ജപ്തി നോട്ടീസ് ദമ്പതികള്‍ക്ക് കിട്ടിയിരുന്നു എന്നതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചു.

ദമ്പതികളുടെ ഫോണിലേക്ക് രണ്ട് എസ്എംഎസ് എത്തിയിരുന്നതായി പോലീസ് കണ്ടെത്തി. സിഡിആര്‍ പരിശോധനയിലാണ് ഇതു വ്യക്തമായത്. ദമ്പതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പാണ് ഈ എസ്എംഎസ് വന്നിരിക്കുന്നത്. സംശയാസ്പദമായ ഈ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഫോണിന്റെ സൈബര്‍ ഫോറന്‍സിക് പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു