സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

കളമശ്ശേരി: സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ കോടശേരി ചട്ടികുളം ചെമ്പകശേരി വീട്ടില്‍ എബിന്‍ ലോയ്ഡ് (20), മേട്ടിപ്പാടം കടമ്പോടന്‍ വീട്ടില്‍ ആനന്ദ് കൃഷ്ണന്‍ (20), കൊരട്ടി തെക്കുമുറി മുരിങ്ങൂര്‍ പുളിക്കല്‍ വീട്ടില്‍ സുജിത്ത് ശങ്കര്‍ (18) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആലുവ സ്വദേശിനിയെ ബൈക്കിലെത്തിയ മൂവരും ഇടപ്പള്ളി മുതല്‍ പിന്തുടര്‍ന്ന് കമന്റടിക്കുകയും കൈകള്‍ കൊണ്ട് മോശപ്പെട്ട ആംഗ്യങ്ങള്‍ കാണിച്ച് ശല്യപ്പെടുത്തുകയുംചെയ്തു. യുവാക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ നിയന്ത്രണം തെറ്റി റോഡില്‍ മറിഞ്ഞുവീണു യുവതിക്ക് പരിക്കുപറ്റി. ചാലക്കുടി ഭാഗത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.