ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം ∙ നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സംക്രാന്തി ചിറയിൽ സുലൈമാന്റെ മകൻ റിയാസ് (32) ആണു മരിച്ചത്. റെയിൽവേ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. ഓട്ടം പോയി തിരികെ വരുംവഴി, കഞ്ഞിക്കുഴി മടുക്കാനി വളവിനു സമീപം ഇന്നലെ രാത്രി 10.15ന് ആണ് അപകടം. ഓട്ടോ ഓടിക്കുന്നതിനിടെ റിയാസിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതായും തുടർന്നാണ് അപകടം ഉണ്ടായതെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.

ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ ഈസ്റ്റ് പൊലീസ് പുറത്തെടുത്തു ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്നു മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മാതാവ്: റംല. സഹോദരങ്ങൾ: റഫീക്ക്, റിയാദ്.