വാഗമണ്‍ റൂട്ടില്‍ ഉരുള്‍പൊട്ടല്‍; വ്യാപകനാശം

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ തീക്കോയി, തലനാട്‌ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ കനത്ത മഴയെത്തുടര്‍ന്ന്‌ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. തലനാട്‌ പഞ്ചായത്തിലെ അടുക്കത്ത്‌ വെള്ളാനിയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷി നാശമുണ്ടായി. മീനച്ചിലാറിന്റെ കൈവഴികളില്‍ പല സ്‌ഥലങ്ങളിലും ജലനിരപ്പ്‌ ഉയര്‍ന്നു.
തീക്കോയി പഞ്ചായത്തിലെ ഒറ്റയീട്ടി ഇഞ്ചിപ്പാറയിലും ആനിപ്ലാവിലും രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടി. തീക്കോയി ആറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്ന്‌ പാലം വെള്ളത്തില്‍ മുങ്ങി. പഞ്ചായത്തിലെ വിവിധ റോഡുകളില്‍ ഗതാഗതം തടസപ്പെട്ട നിലയിലാണ്‌. നിലവില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.വാഗമണ്‍ റോഡില്‍ 50 മീറ്ററോളം കല്ലും മണ്ണും നിറഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു. കെ.എസ്‌.ആര്‍.ടി.സി. ബസടക്കം നിരവധി വാഹനങ്ങളാണ്‌ വഴിയില്‍ കുടുങ്ങിയത്‌. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തടസങ്ങള്‍ നീക്കി രാത്രി ഏഴരയോടെയാണ്‌ ഗതാഗതം പുനസ്‌ഥാപിച്ചത്‌