ഡൽഹിയിലെ ആറ് ആശുപത്രികളിൽ മങ്കിപോക്സ് രോഗികൾക്കായി 70 ഐസൊലേഷൻ മുറികൾ

ഡൽഹി : ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ച്‌ മൂന്നാമത്തെ കേസ് റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യതലസ്ഥാനത്തെ ആറ് ആശുപത്രികളിലായി 70 ഐസൊലേഷൻ റൂമുകൾ സജ്ജമാക്കിയതായി ഡൽഹി സർക്കാർ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിൽ 20 ഐസൊലേഷൻ റൂമുകളും ഗുരു തേഗ് ബഹാദൂർ ആശുപത്രിയിൽ പത്ത് ഐസൊലേഷൻ മുറികളും ഡോ ബാബാസാഹേബ് അംബേദ്കർ ആശുപത്രിയിൽ 10 ഐസൊലേഷൻ റൂമുകളും ഡൽഹി സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.

മങ്കിപോക്സ് കേസുകൾക്കായി കുറഞ്ഞത് 10 ഐസൊലേഷൻ മുറികളെങ്കിലും നിർമ്മിക്കാൻ ഡൽഹി സർക്കാർ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. കിഴക്കൻ ഡൽഹിയിലെ കൈലാഷ് ദീപക് ആശുപത്രി നോർത്ത് ഡൽഹിയിലെ എംഡി സിറ്റി ഹോസ്പിറ്റൽ, തുഗ്ലക്കാബാദ് സൗത്ത് ഡൽഹിയിലെ ബത്ര ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ ആണ് മൂന്ന് ആശുപത്രികൾ.

ഡൽഹിയിൽ ഇതുവരെ മൂന്ന് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്ന് പോസിറ്റീവ് കേസുകളിൽ ഒരാൾ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്തു. രണ്ട് പേര് ഇപ്പോഴും ചികിത്സയിലാണ്. ഡൽഹിയിലെ ആദ്യത്തെ മങ്കിപോക്സ് രോഗിയെ വിജയകരമായി ഡിസ്ചാർജ് ചെയ്തതായി എൽഎൻജെപി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.സുരേഷ് കുമാർ പറഞ്ഞു. രോഗലക്ഷണങ്ങളെല്ലാം അപ്രത്യക്ഷമായതിനെ തുടർന്ന് 25 ദിവസത്തിനുള്ളിൽ അദ്ദേഹം സുഖം പ്രാപിച്ചു. അദ്ദേഹം വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയും മടങ്ങി.”