കാണാതായത് 41,621 സ്ത്രീകളാണെന്നും അവരില്‍ ഏകദേശം 95 ശതമാനം സ്ത്രീകളെയും കണ്ടെത്തി .

ഗുജറാത്ത് :  ഗുജറാത്തില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ 40,000 ത്തിലധികം സ്ത്രീകളെ കാണാതായി എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും തള്ളി ഗുജറാത്ത് പോലീസ് .2016 – 20 കാലയളവില്‍ ഇത്രയധികം സ്ത്രീകളെ സംസ്ഥാനത്ത് നിന്നും കാണാതായ സംഭവത്തില്‍ 95 ശതമാനം സ്ത്രീകളെയും തെരഞ്ഞ് കണ്ടെത്തി വീട്ടുകാര്‍ക്കൊപ്പം വിട്ടെന്ന് ഗുജറാത്ത് പോലീസ് പറയുന്നു.

പോസ്റ്റുകള്‍ വിദ്വേഷകരമായ റിപ്പോര്‍ട്ടുകളാണെന്നും പോലീസ് ആരോപിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കാണാതായത് 41,621 സ്ത്രീകളാണെന്നും അവരില്‍ 39,497 അല്ലെങ്കില്‍ ഏകദേശം 95 ശതമാനം സ്ത്രീകളെയും കണ്ടെത്തി അവരുടെ കുടുംബങ്ങളിലേക്ക് അയച്ചെന്നും ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു. കാണാതായവരുടെ കാര്യത്തില്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഉദ്ധരിച്ച നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഭാഗം തന്നെയാണ് ഈ ഡാറ്റയെന്നും പറഞ്ഞു.കുടുംബതര്‍ക്കം, ഒളിച്ചോട്ടം, പരീക്ഷയിലുണ്ടായ പരാജയം തുടങ്ങിയവകളാണ് സ്ത്രീകളെ കാണാതാകുന്നതിന് പിന്നിലെന്ന് അന്വേഷണങ്ങള്‍ തെളിയിക്കുന്നതായും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മനുഷ്യക്കടത്ത്, ലൈംഗികചൂഷണം, അവയവക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ഒരു കാര്യവുമില്ല താനും. 32,000 ത്തിലധികം സ്ത്രീകളെ സംസ്ഥാനത്ത് കാണാതാകുകയും ഇസ്ലാമിക തീവ്രവാദത്തിന് ഇരയാകുകയും ചെയ്തിട്ടുണ്ടെന്ന് ദ കേരള സ്റ്റോറി സിനിമയുടെ പശ്ചാത്തലത്തില്‍ ഗുജറാത്തിനെ ലക്ഷ്യമിടുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് ഗുജറാത്ത് പോലീസിന്റെ ട്വീറ്റ്.

സുപ്രീം കോടതി മാനദണ്ഡങ്ങള്‍ക്കനുസൃതമായി, കാണാതായ വ്യക്തികളുടെ കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം നടത്തുണ്ടെന്നും ദേശീയതലത്തിലുള്ള ഏകോപനത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകള്‍ ട്രാക്കിംഗിനായി ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് ഡാറ്റ നല്‍കുമെന്നും ഗുജറാത്ത് പോലീസിന്റെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു.ലൗ ജിഹാദ് കെണിയില്‍ അകപ്പെട്ട് ബ്രെയിന്‍വാഷിന് ഇരയായി മലയാളി പെണ്‍കുട്ടികള്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു എന്ന് പരാമര്‍ശിക്കുന്ന ‘ദി കേരള സ്റ്റോറി’ വിവാദമുണ്ടാക്കുമ്ബോഴാണ് ഗുജറാത്തില്‍ നിന്നും കാണാതായവരുടെ കണക്കുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഗുജറാത്ത് പോലീസ് അവകാശപ്പെടുന്നത് പോലെ 95 ശതമാനം പേരോ 39,400-ലധികമോ പേരെ കണ്ടെത്തി വീണ്ടും ഒന്നിച്ചു എന്ന വിവരം നല്‍കാതെയാണ് കഴിഞ്ഞദിവസം നിരവധി മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.