മാധ്യമ വേട്ട, മാധ്യമ വിചാരണ, മാധ്യമ മാരത്തോൺ തുടങ്ങിയ പ്രയോഗങ്ങൾ ഒന്നും പുതുമയില്ല
റോക്കറ്റ്റി മൂവിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ അത് ഇറങ്ങിയാലുടനെ കാണണം എന്ന് കരുതിയതാണ്. എന്നാൽ ഒരു accident പറ്റി ഒരു മാസം ഫാൻ കറങ്ങുന്നത് മാത്രമേ കാണാൻ പറ്റിയുള്ളൂ.(അത് മറ്റൊരു നല്ല കാര്യത്തിന് വേണ്ടിയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ട് സഹതാപം പ്രകടിപ്പിക്കാൻ വരുന്നവരെ unfriend ചെയ്യുന്നതായിരിക്കും. സാവധാനം കാണാം എന്ന് കരുതി ഇരുന്നപ്പോഴാണ് പടം ഇന്നോ നാളെയോ തീയറ്റർ വിട്ടേക്കാം എന്നൊരു അപകട സൈറൺ കേട്ടത്. അപ്പോൾ പിന്നെ ഒന്നും നോക്കിയില്ല, സകല സന്നാഹങ്ങളോടെയും ഇരുട്ട് വാക്കിൽ തീയറ്ററിൽ എത്തിപ്പെട്ടു. കണ്ടു.
തീയറ്ററിൽ മിക്ക സീറ്റും കാലി ആയിരുന്നു. പടം തുടങ്ങിയപ്പോൾ പ്രേക്ഷകരെ കുറ്റം പറയാൻ തോന്നിയില്ല. ഒന്നാമതായി, ഫിസിക്സ് പഠിക്കാത്ത സാധാരണക്കാരനോട് സിനിമ അല്പം കോക്രിക്കുന്നുണ്ടാവാം. KGF ,RRR തുടങ്ങിയ സിനിമകളിലൂടെ ഡബ്ബിങ് ഒരു കലാരൂപമായി ആസ്വദിച്ചു തുടങ്ങിയ മലയാളികളോട് ചെയ്ത ക്രൂരതയായി തോന്നി, ഫ്രഞ്ചുകാരും റഷ്യക്കാരുമൊക്കെ ‘മൽയാലം’ പറയുന്നത്. പിന്നെ, അനവസരത്തിലെ തമാശകൾ, നാടകീയതകൾ, protagonist നൊഴികെ ബാക്കി ആർക്കും കാര്യമായ പരിഗണന കൊടുക്കാത്തത്…അങ്ങനെ പലതും ദഹിച്ചില്ല. ചാരക്കഥ പറയുന്ന ത്രില്ലറോ റോക്കറ്റ് ടെക്നോളജി പറയുന്ന ചിത്രമോ അല്ല എന്നതും അത്തരം കഥകൾ മോഹിച്ചു വരുന്നവരെ നിരാശപ്പെടുത്തിയേക്കാം.
അങ്ങനെ സിനിമ എന്ന കലാരൂപത്തിന്റെ angle ലൂടെ നോക്കുമ്പോൾ ഒരുപാട് പരാധീനതകൾ ഉണ്ടെങ്കിലും ഇന്ത്യക്കാർ എല്ലാവരും ഇത് കാണണമെന്ന് തന്നെയാണ് പറയാനുള്ളത്. അതിന്റെ കാരണം പോസ്റ്റ് മുഴുവനും വായിച്ചാൽ ചിലപ്പോൾ മനസിലാവും.
സിനിമയുടെ അവസാനം സാക്ഷാൽ നമ്പി നാരായണൻ വന്ന് തനിക്ക് പറയാനുള്ളത് ലോകത്തെ മുഴുവനും കേൾപ്പിച്ച സൂര്യ/ ഷാരൂഖ് ഖാനോട് Your intention was good എന്ന് പറയുന്നുണ്ട്.
അതേ. R Madhavan എന്ന നിർമ്മാതാവിന്റെ സംവിധായകന്റെ തിരക്കഥാകൃത്തിന്റെ intention was good. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തമായ ഒരു goodness കൂടിയാണ് എന്ന കാര്യമാണ് ഈ സിനിമയെ അതിന്റെ കലാമൂല്യത്തിനപ്പുറത്തേക്ക് കാണാൻ പ്രേരിപ്പിക്കുന്നത്.
ഇതെന്താ മനസ്സിലാവാൻ ഇത്ര ബുദ്ധിമുട്ട്.. ഇത് റോക്കറ്റ് സയൻസ് ഒന്നുമല്ലല്ലോ
എന്നൊരു ചൊല്ല് തന്നെ നമുക്കിടയിൽ ഉണ്ട്. അതായത് റോക്കറ്റ് സയൻസ് മനസ്സിലാവാൻ അല്പം കൂടുതൽ ബുദ്ധി വേണം എന്ന് തന്നെ അർത്ഥം. എന്നിട്ടാണ്
നമ്പി നാരായണൻ എന്ന പേര് കേൾക്കുമ്പോൾ ഉടനെ തന്നെ ചാരക്കേസ് എന്ന് പറഞ്ഞുപോവുന്ന ഒന്ന് രണ്ട് തലമുറകൾ ഇവിടെ ജീവിച്ചിരിക്കുന്നത്…ഓർക്കുക.
ബഹിരാകാശത്തെ വൻശക്തികൾക്കിടയിൽ തലയുയർത്തിപിടിച്ചു നിൽക്കാൻ ഇന്ത്യയെ പ്രാപ്തരാക്കി കൊണ്ടിരുന്ന രണ്ട് റോക്കറ്റ് സയന്റിസ്റ്റ് കളെയാണ് ഒരു ഇക്കിളിക്കഥയുണ്ടാക്കി ചായക്കട-കുളിക്കടവ്-വെള്ളമടി ചർച്ചകളിലേക്ക് കേരളം തള്ളിവിട്ടത്.
ഇന്നിപ്പോൾ ലോകം മുഴുവനും റിലീസ് ചെയ്ത rocketry എന്ന സിനിമ കാണുന്ന ജനം ഒരു നിമിഷമെങ്കിലും കേരളത്തിന്റെ പൾസ് എന്താണെന്ന് മനസിലാക്കുന്നുണ്ടെങ്കിൽ മാധവൻ എന്ന സിനിമാക്കാരൻ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.
റോക്കറ്റ് സയൻസ്സിനെ കുറിച്ചോ ടെക്നോളജി യെ കുറിച്ചോ യാതൊരു അവഗാഹവുമില്ലാത്ത മാധ്യമ പ്രവർത്തകർ അതേ നിലവാരത്തിലുള്ള പോലീസ് ഉദ്യൊഗസ്ഥരിൽ നിന്നും രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും എടുത്ത ബ്രീഫിങ് കളിൽ സ്വന്തം ഊഹാപോഹങ്ങൾ കലർത്തി investigative ജേണലിസം എന്ന പേരിൽ പടച്ചുണ്ടാക്കിയ കഥകൾ. മലയാളമാധ്യമ ചരിത്രത്തിലെ ഇരുണ്ട അധ്യായമെന്നാണ് അത് അറിയപ്പെടുന്നത്. മാധ്യമ സിൻഡിക്കേറ്റ് എന്ന ആന ആ ഇരുട്ടിൽ നിന്നാണ് ആദ്യമായി ചിന്നം വിളിക്കാൻ തുടങ്ങിയത്. മാധ്യമ വേട്ട, മാധ്യമ വിചാരണ, മാധ്യമ മാരത്തൊൺ തുടങ്ങിയ പ്രയോഗങ്ങൾ ഒന്നും പുതിയതല്ല എന്ന് സാരം.
1995 ജനുവരി 31 ന്റെ ഇൻഡ്യാ ടുഡേ യിൽ ” The great espionage mess” എന്ന 6 പേജ് സ്റ്റോറി വരുന്നത് വരെ മലയാള പത്രങ്ങൾ ഇക്കിളി കഥകൾ കൊണ്ട് അക്ഷരാർത്ഥത്തിൽ ആറാടുകയായിരുന്നു. അക്കാലത്ത് തന്നെയാണ് ഇന്ത്യൻ എക്സ്പ്രസ് ന്റെ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ശേഖർ ഗുപ്ത ഒരു വിമാനയാത്രക്കിടയിൽ ISRO യിലെ സീനിയർ സയന്റിസ്റ്റ് ആയിരുന്ന അബ്ദുൾ കലാമിനെ പരിചയപ്പെടുന്നതും അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതും. ഒരു ഇൻഫർമേഷൻ സാഹചര്യം ആണെങ്കിൽ കൂടിയും, ഓരോ മറുപടിയും അത്രമേൽ സൂക്ഷിച്ചായിരുന്നു അദ്ദേഹം തന്നിരുന്നത് എന്ന് ശേഖർ ഗുപ്ത ഓർക്കുന്നു. ആരോപണത്തിൽ പറയുന്ന രേഖകളും ഡ്രോയിങ്ങുകളും കടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ “ISRO is an open organisation. At ISRO we don’t classify anything” എന്ന് മറുപടി പറഞ്ഞ അദ്ദേഹം ISRO യിൽ നേരിട്ട് വന്ന് കാര്യങ്ങൾ അന്വേഷിച്ച് അറിഞ്ഞു റിപ്പോർട്ട് ചെയ്യാനാണ് ശേഖർ ഗുപ്തയോട് ആവശ്യപ്പെട്ടത്. അതായത്, ഞാൻ പറയില്ല. നിങ്ങൾക്ക് താത്പര്യം ഉണ്ടെങ്കിൽ നിങ്ങൾ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടിഗ് നടത്തൂ. മോസ്റ്റ് വെർക്കം എന്ന് സാരം. അങ്ങനെയാണ് ഇന്ത്യാ ടുഡേ യിലെ ആ ലേഖനം ഉണ്ടാവുന്നതും അക്ഷരാർത്ഥത്തിൽ മഞ്ഞച്ചു പോയിരുന്ന മലയാള പത്രങ്ങൾ ഗ്രേ ഷെയ്ഡിലേക്ക് മടങ്ങുന്നതും.
എന്നാൽ, കേസ് സിബിഐ പൂട്ടിക്കെട്ടി യതിന് ശേഷവും ആത്മകഥകളുടെയും സർവീസ് സ്റ്റോറികളുടെയും രൂപത്തിൽ ഒരുപാട് പുസ്തകങ്ങൾ അവിടവിടെയായി പൊട്ടലും ചീറ്റലും തുടർന്നു. പ്രൈമറി സോഴ്സ് ആയ നമ്പി നാരായണനെയോ ശശി കുമാരനെയോ ISRO എന്ന സ്ഥാപനത്തെയോ ഒരിക്കൽ പോലും കണ്ടിട്ടില്ലാതെ, വിക്കിപീഡിയ യും യുട്യൂബും നോക്കി തട്ടിക്കൂട്ടി അച്ചടിച്ചു വിറ്റ കഥകൾ മാർക്കറ്റിൽ നിന്ന് പിൻ വലിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നത് സ്വാഭാവികം. ഇന്ത്യയുടെ ദേശീയ പതാക നെറ്റിയിൽ ചേർത്ത ഒരു റോക്കറ്റ് ബഹിരാകാശ മാർക്കറ്റിലേക്ക് പറക്കുന്നത് സ്വപ്നം കണ്ട വിക്രം സാരാഭായിയുടെ ഇടംകയ്യും വലംകയ്യും, റോക്കറ്റും മിസൈലും തമ്മിൽ തിരിച്ചറിയാത്ത ഗുണ്ടകൾ ചവിട്ടി ഒടിക്കുമ്പോൾ കുറ്റകരമായ മൗനം പാലിച്ച ISRO സഹപ്രവർത്തകരുടെ ഭയവും സ്വാഭാവികം.
സ്വന്തം അധികാരമണ്ഡലത്തിൽ IB യും സിബിഐ യും കേറി മേയുന്നത് കണ്ടിട്ടും വാലും മടക്കി ഇരിക്കേണ്ടി വന്ന കേരളാ പൊലീസിന് നഷ്ടപരിഹാര കേസിന് മേൽ പാര വയ്ക്കാൻ തോന്നുന്നതും സ്വാഭാവികം. കിട്ടിയ താപ്പിന് രണ്ട് പെണ്ണുങ്ങളെ ഉപയോഗിച്ച് അധികാര കസേരകൾ തള്ളി മറിച്ചിടാൻ കഴിഞ്ഞ രാഷ്ട്രീയ കോമരങ്ങൾക്കും അസാധാരണമായി ഇതിലൊന്നും തോന്നാത്തതും സ്വാഭാവികം.
ആകാശത്തേക്ക് വാണം വിട്ടാൽ നാട്ടിലെ പട്ടിണി മാറുമോ എന്ന് ഇ മെയിലും വാട്സ് ആപ്പും ഉപയോഗിച്ച് പരസ്യം ചെയ്യുന്ന നാട്ടുകാർക്കും ഇതിലൊന്നും ഇപ്പോഴും ഒരു തെറ്റും കാണാൻ കഴിയാത്തത് സ്വാഭാവികം.
ഇക്കണ്ട സ്വാഭാവികതകളുടെ മലയാളി ത്തത്തിലേക്കാണ് , 2017ൽ നമ്പി നാരായണന്റെ ആത്മകഥ ഇറങ്ങുന്നത്. അതിനെ അവലംബിച്ചാണ് rocketry എന്ന സിനിമ എടുത്തിരിക്കുന്നതും. പുസ്തകം എഴുതിയ പ്രജേഷ് സെന്നും സിനിമ എടുത്ത മാധവനും പ്രൈമറി സോഴ്സുകൾ ഒന്നും വിട്ടുകളഞ്ഞിട്ടില്ല എന്നത് തന്നെ അവരുടെ സൃഷ്ടികളുടെ വിശ്വാസ്യത നിലനിർത്തുന്നു. മുൻപ് പറഞ്ഞ തട്ടിക്കൂട്ട് ജാമ്യക്കഥകളിൽ നിന്നും കൊച്ചു പുസ്തകങ്ങളിൽ നിന്നും സത്യത്തിന്റെ വെളിച്ചം കൊണ്ട് ഇവ വേറിട്ട് നിൽക്കുന്നു.
വിവാദപരവും വാർത്താ പ്രാധാന്യം ഉള്ളതുമായ ചാരക്കേസ് അല്ല പുസ്തകത്തിന്റെയും സിനിമയുടെയും ഫോക്കസ് എന്നതാണ് അതിന്റെ മറ്റൊരു സൗന്ദര്യം. കിടമത്സരവും, അസൂയയും, ഫ്രസ്ട്രേഷനും, ലൈംഗിക ദാരിദ്ര്യവും, അലസതയും, ഭീരുത്വവും കൊണ്ട് ദുഷിച്ചു പോയ ഒരു തലമുറയ്ക്ക് ആ വെളിച്ചത്തിലും കാഴ്ച്ച അത്ര സുന്ദരമായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ സ്വന്തം കണ്ടെത്തലുകളിൽ മാത്രം അഭിരമിക്കുന്ന ജാമ്യക്കഥകൾ പരമോന്നത നീതി പീഠത്തെ പോലും പഴി പറഞ്ഞുകൊണ്ട് തുടരും.
അതേസമയം, ഐവി ലീഗ് യൂണിവേഴ്സിറ്റി യിൽ ഒരു അഡ്മിഷൻ കിട്ടുന്നത് പോലും എത്രമേൽ മഹത്തരമാണ് എന്ന് തിരിച്ചറിയുന്ന ഒരു തലമുറ ഇന്ന് ലോകമെമ്പാടും ഉണ്ട്. അതിൽ തന്നെ റിസ്ക് എടുക്കാൻ തയ്യാറുളള തലച്ചോർ ഉപയോഗിക്കാൻ തയ്യാറുളള ഹാർഡ് വർക്ക് ചെയ്യാൻ തയ്യാറുളള സെന്റിഫിക് ട്രീറ്റ്മെന്റ് ഉള്ള രാജ്യസ്നേഹമുള്ള, ചുരുക്കം ചിലരെങ്കിലും അങ്ങനെയൊരു യൂണിവേഴ്സിറ്റിയിൽ ഫെല്ലോഷിപ്പോടെ പഠിക്കാൻ പോയ ഒരു ISRO ശാസ്ത്രജ്ഞൻ ഒരു സാധാരണക്കാരൻ അല്ലെന്ന് എളുപ്പം മനസിലാക്കും. ആദ്യത്തെ മൂൺ മിഷന്റെ ബുദ്ധികേന്ദ്രമായിരുന്ന ലൂജി ക്രോക്കോയുടെ കീഴിൽ വെറും പത്ത് മാസത്തിൽ തീസിസ് പൂർത്തിയാക്കാൻ കഴിഞ്ഞ ആ ശാസ്ത്രജ്ഞന് ഏത് ഗ്രേഡ് ൽ ഇരുന്നാലും ഒരു മിഷൻ ഡയറക്റ്റർ ആവാനുള്ള സാധ്യതകൾ ഒരുപാടുണ്ടെന്നു കണ്ടെത്താൻ അവർക്ക് കഴിയും. ടെക്നോളജി ട്രാൻസ്ഫറും എൻജിൻ ട്രാൻസ്ഫറും രണ്ടാണെന്ന് അവർ തിരിച്ചറിയും. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് രാജ്യത്തിന്റെ അഭിമാനത്തെ ഉയർത്തിവിടാൻ വേണ്ടി നടന്ന ഒരുപാട് ശാസ്ത്രജ്ഞരുടെ കഷ്ടപ്പാടുകളെ, സമർപ്പണങ്ങളെ അവർ നന്ദിയോടെ ഓർക്കും. ചാന്ദ്രയാനുകളും മംഗൾ യാനും വരാൻ പോകുന്ന അനേകമനേകം ബഹിരാകാശ യാനങ്ങളും ഇൻഡ്യൻ പതാകയണിഞ്ഞ് പ്രപഞ്ച രഹസ്യങ്ങൾ തേടുമ്പോൾ, അവരാ ഓർമ്മകൾക്ക് മുന്നിൽ വിനയാന്വിതരാവും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രജ്ഞരായ ഹോമി ഭാഭയുടെയും വിക്രംസാരാഭായിയുടെയും മരണം പോലെ ചാരക്കഥയും സമസ്യയായി മാറുന്നതിന്റെ കാരണങ്ങൾ മുൻ വിധികളില്ലാതെ തിരയും.
അതിലേക്കാണ് അവരിലേക്കാണ് മാധവനും പ്രജേഷ് സെന്നും അവരുടെ സ്വപ്നങ്ങൾ ലോഞ്ച് ചെയ്തിരിക്കുന്നത്. കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ഈ സിനിമ സ്വീകരിക്കപ്പെടുന്നത് അതിന്റെ വ്യക്തമായ തെളിവാണ്.