മണിപ്പൂർ കത്തിയെരിയുമ്പോൾ കേന്ദ്ര സർക്കാർ വീണവായിക്കുന്നോ
മണിപ്പൂർ : മണിപ്പൂരിൽ ഒരോ ദിവസവും കലാപം ആളിപ്പടരുകയാണ്. അപ്പോൾ നമ്മുടെ കേന്ദ്രസർക്കാരോ മൗന വ്രതത്തിലും. മണിപ്പൂർ കത്തിയെരിയാൻ തുടങ്ങിയിട്ട് ഇന്ന് 50 ദിവസം പിന്നീട്ടിരിക്കുകയാണ്. മണിപ്പൂരിൻ്റെ വിവിധയിടങ്ങളിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മണിപ്പൂരിൽ നിന്ന് കുടുംബത്തോടൊപ്പം പാലായനം ചെയ്ത 1500 ലധികം കുട്ടികൾ മിസോറാമിലെ വിവിധ സ്ക്കുളുകളിൽ ചേർന്നതായി പറയപ്പെടുന്നു.
2023 മെയ് മൂന്ന് മുതൽ മണിപ്പൂർ സംസ്ഥാനത്ത് മുമ്പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള അതിക്രമങ്ങളും അസ്വസ്ഥതകളുമാണ് വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1700 ൽ പരം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെടുകയും, 220 ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും 45000 ലേറെ പേർ അഭയാർത്ഥി ക്യാമ്പുകളിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടോളം ഹൈന്ദവ ക്ഷേത്രങ്ങളും തകർക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്ന് സ്ഥാപിക്കും വിധത്തിലാണ് റിപ്പോർട്ടുകളും വിവരണങ്ങളും ഏറെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. മുമ്പും മണിപ്പൂരിന്റെ മണ്ണ് പലപ്പോഴായി നിരവധി വംശീയ ലഹളകളും പോരാട്ടങ്ങളും കണ്ടിട്ടുള്ളതാണ്. മണിപ്പൂർ 1949 ഓടെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയത്.
എന്നാൽ സംസ്ഥാന പദവി ലഭിക്കുന്നത് 23 വർഷങ്ങൾക്ക് ശേഷമാണ്. 1964 മുതൽ ഇങ്ങോട്ട് പലപ്പോഴായി നിരവധി വിഘടനവാദ സംഘടനകൾ മണിപ്പൂരിൽ രൂപംകൊണ്ടിട്ടുണ്ട്. മണിപ്പൂരിലെ വരേണ്യ വർഗ്ഗമായി ഗണിക്കപ്പെട്ടിരുന്ന മെയ്തെയി വിഭാഗത്തിൽനിന്ന് രൂപപ്പെട്ടവയാണ് മിക്കതും. സ്വന്തം സംസ്കാരവും സ്വത്വവും സംരക്ഷിക്കാൻ സ്വന്തം രാജ്യം വേണമെന്ന തീവ്ര നിലപാടാണ് മെയ്തെയികൾക്ക് ഉണ്ടായിരുന്നത് എന്നതിനാൽ, അവരിൽ ഒരു വിഭാഗം ആരംഭം മുതലേ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരുന്നു.
അത്തരത്തിൽ ആദ്യമായി, 1964 ൽ മെയ്തെയികൾക്കിടയിൽനിന്ന് രൂപംകൊണ്ട സംഘടനയായിരുന്നു യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിന് ശേഷം രൂപംകൊണ്ട റവല്യൂഷനറി ഗവണ്മെന്റ് ഓഫ് മണിപ്പൂർ എന്ന സായുധ സംഘടനയുടെ പ്രവർത്തകനായിരുന്ന എൻ. ബിശേശ്വർ സിങ് നക്സലേറ്റ് സ്വാധീനം ഉൾക്കൊണ്ടുകൊണ്ട് 1978 ൽ ആരംഭിച്ചതാണ് പീപ്പിൾസ് ലിബറേഷൻ ആർമി മണിപ്പൂർ.
ബംഗ്ലാദേശിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള സ്വാതന്ത്ര്യമുക്തിയായിരുന്നു പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രഖ്യാപിത ലക്ഷ്യം. സായുധ സമരമാണ് സ്വതന്ത്ര്യത്തിനുള്ള മാർഗ്ഗമായി അവർ സ്വീകരിച്ചത്. 1964 ൽ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ആരംഭിച്ച കാലം മുതൽ മെയ്തെയി വംശത്തിൽ പെട്ട ചില വിഭാഗങ്ങൾ സ്വാതന്ത്ര്യത്തിനും സ്വത്വ സംരക്ഷണത്തിനും വേണ്ടി മുറവിളികൂട്ടുകയും രാജ്യവുമായി കലഹത്തിൽ ഏർപ്പെടുകയും സായുധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നെങ്കിൽ, കുക്കി, നാഗ തുടങ്ങിയ ഗോത്രവർഗ്ഗങ്ങൾ ഇത്തരം പോരാട്ടങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. തൊണ്ണൂറുകളുടെ ആരംഭത്തിലാണ് നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്റിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. മണിപ്പൂരിലെയും, നാഗാലാന്റിലെയും നാഗ ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. ഈ സംഘടനയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിൽ ഒട്ടേറെ സൈനികരും മറ്റു വംശജരും കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്.
മണിപ്പൂരിലെ മലമ്പ്രദേശങ്ങളിൽ അധിവസിച്ചിരുന്ന ഗോത്രവർഗ്ഗങ്ങളായ നാഗ, കുക്കി സമൂഹങ്ങൾക്കിടയിലും ഇതേ കാലയളവിൽ കലാപങ്ങൾ പൊട്ടി പുറപ്പെടുകയും ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു. അതുപോലെതന്നെ, മറ്റൊരു ഗോത്രവർഗ്ഗമായ പെയ്ത്തെ വംശവും കുക്കികളും തമ്മിലും കലാപങ്ങൾ ഉണ്ടാവുകയും അനേകർ കൊല്ലപ്പെടുകയും ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിൽ കലാപങ്ങളുടെയും പോരാട്ടങ്ങളുടെയും ഒട്ടേറെ കഥകളാണ് മണിപ്പൂരിന്റെ മണ്ണിന് പറയാനുള്ളത്. ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള കുടിപ്പകകൾ, തർക്കങ്ങൾ, സ്വന്തമായി രാജ്യം വേണമെന്ന ആവശ്യം, മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ അത്തരം പോരാട്ടങ്ങൾക്ക് പിന്നിൽ കാണാനാവും. മതവിശ്വാസങ്ങൾക്ക് അതീതമായിരുന്നു മണിപ്പൂരിൽ വംശീയ ബോധ്യങ്ങൾ. ആദിവാസി ഗോത്രങ്ങൾക്കും മെയ്തെയി വിഭാഗത്തിനും മുമ്പുണ്ടായിരുന്ന പ്രാചീന മതവിശ്വാസങ്ങളെ പതിനേഴാം നൂറ്റാണ്ടോടെ അവർ കൈവിട്ടു തുടങ്ങി.
മണിപ്പൂരിലെ താഴ്‌വരകളിൽ അധിവസിക്കുന്ന മെയ്തെയി വിഭാഗക്കാരിൽ ഭൂരിപക്ഷവും ഹൈന്ദവരായി മാറുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ഹൈന്ദവ മത പ്രചാരകരുടെ കടന്നുവരവോടെയാണ് അത്. മുമ്പ് സനാമഹി എന്ന പ്രാചീന മതസ്ഥരായിരുന്നു അവർ. മെയ്തെയി വിഭാഗത്തിന്റെ തനത് മതമായ “സനാമഹിസം”, “മെയ്തെയിസം” എന്നും അറിയപ്പെടുന്നു. ഇന്ന് മെയ്തെയി വിഭാഗത്തിൽ 70 ശതമാനത്തിനടുത്ത് ഹൈന്ദവരും പതിനാല് ശതമാനത്തോളം മുസ്ലീങ്ങളും അത്രത്തോളം തന്നെ സനാമഹികളും ചെറിയൊരു വിഭാഗം ക്രൈസ്തവരും ആണുള്ളത്. മെയ്തെയി വിഭാഗത്തിൽപെട്ട മുസ്ലീങ്ങൾ മെയ്തെയി പംഗൽസ് എന്ന് അറിയപ്പെടുന്നു. ഇടക്കാലത്ത് ദുർബ്ബലമായിമാറിയ മണിപ്പൂരിലെ പീപ്പിൾസ് ലിബറേഷൻ ആർമി തൊണ്ണൂറുകളുടെ ആരംഭത്തിൽ വീണ്ടും ശക്തി പ്രാപിച്ചപ്പോൾ പഴയ മെയ്തെയി സംസ്കാരത്തിലേയ്ക്കും ബംഗാളി ഭാഷ ഉപേക്ഷിച്ച് പഴയ ലിപിയിലേയ്ക്കും തിരികെ പോകാൻ ശ്രമം നടത്തി. സനാമഹി എന്ന പഴയ മതത്തെ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും അവർ നടത്തുകയുണ്ടായി. അക്കാലത്ത്തന്നെ മെയ്തെയി വംശജരായ മുസ്ലീങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിക്കുകയും അവർക്കെതിരെ തിരിയുകയും ചെയ്തു. അനുബന്ധമായി 1993 ൽ നടന്ന കലാപത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ മണിപ്പൂരിൽ പുകഞ്ഞുകൊണ്ടിരിക്കുന്നതും, കഴിഞ്ഞ ചില നാളുകൾക്കിടയിൽ അത്യന്തം രൂക്ഷമായതുമായ വിഷയങ്ങൾ ചരിത്ര പശ്ചാത്തലങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ്. മുൻകാലങ്ങളിൽ ഗോത്രവിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന ഭിന്നതകൾക്കും വിദ്വേഷചിന്തകൾക്കും കാരണമായ വിഷയങ്ങളല്ല കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന കലാപങ്ങൾക്ക് പിന്നിലുണ്ടായിരുന്നത്. ഇവിടെ മതം ഒരു ഘടകമായി മാറി എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു വ്യത്യാസവും പുതുമയും. മുൻകാലങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി മതപരവും വർഗീയവുമായ ധ്രുവീകരണം മണിപ്പൂരിലെ ജനതകൾക്കിടയിൽ സംഭവിച്ചിരിക്കുന്നു എന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു യാഥാർഥ്യമാണ്.
ഗോത്രവർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടം എന്ന വിശേഷണം ഇപ്പോഴും നിലനിൽക്കുന്നെങ്കിലും മണിപ്പൂരിൽ കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതലുള്ള ഏതാനും ദിവസങ്ങൾക്കിടയിൽ സംഭവിച്ചവയ്ക്ക് മറ്റു ചില സംസ്ഥാനങ്ങളിൽ മുമ്പുണ്ടായ ഏകപക്ഷീയ കലാപങ്ങളുടെയും വംശഹത്യകളുടെയും ഛായയുണ്ട്. മതത്തിന്റെ മറവിൽ കലാപകാരികൾ അഴിഞ്ഞാടിയ, അനേകായിരങ്ങൾക്ക് സ്വത്തും കിടപ്പാടവും നഷ്ടപ്പെട്ട, ഇനിയും മുറിവുണങ്ങാത്ത ചില അക്രമസംഭവങ്ങൾക്ക് സമാനമായേ ഇതിനെയും വിലയിരുത്താൻ കഴിയൂ. ഇത്തരം അക്രമ സംഭവങ്ങൾക്കു പിന്നിൽ ചില നിഗൂഢ ശക്തികളുടെ ഇടപെടലുകളും പ്രാദേശികമായ ചില തീവ്ര വർഗീയ സംഘടനകളുടെ പ്രവർത്തനങ്ങളും പലപ്പോഴും ദൃശ്യമാണ്. അതിനാൽത്തന്നെ രാജ്യവ്യാപകമായി സാമുദായികവും മതപരവുമായ വിള്ളലുകൾ സൃഷ്ടിക്കാൻ ചില തല്പര കക്ഷികൾ ശ്രമിക്കുന്നുണ്ട് എന്ന് വ്യക്തം. എന്തായാലും മണിപ്പൂരിൽ കലാപം അതിൻ്റെ മൂർച്ചയ്ക്ക് ഒട്ടും കുറവില്ലാത്ത രീതിയിൽ തുടരുന്ന കാഴ്ചയാണ് കാണുന്നത്.
പല വലിയ കലാപവും യുദ്ധങ്ങൾ പോലും ഞൊടിയിട നേരം കൊണ്ട് അവസാനിപ്പിക്കാൻ കഴിഞ്ഞ കേന്ദ്ര സർക്കരിന് ഈ കലാപം എന്തുകൊണ്ട് അടിച്ചമർത്താൻ പറ്റുന്നില്ലെന്ന ചോദ്യമാണ് സമൂഹത്തിൽ നിന്ന് ഉയരുന്നത്. ഒട്ടേറെ വിഷയങ്ങളിൽ വിഞ്ജാനം വിളമ്പുന്ന പ്രധാനമന്ത്രി മണിപ്പൂരിനെ വിഴുങ്ങിയ ഈ ദുരന്തത്തെക്കുറിച്ച് ഇതുവരെ ഒരു വാക്ക് മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയാണ്. മണിപ്പൂരിൽ കലാപം ആളിപ്പടരുമ്പോൾ കേന്ദ്രസർക്കാർ വീണവായിക്കുന്നോ ?. ഇതിനാണ് കേന്ദ്രസർക്കാർ ഉത്തരം പറയേണ്ടത്….