തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശുപാര്‍ശ കൂടാതെത്തന്നെ, മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി

ചരിത്രത്തില്‍ മുമ്പ്  കേട്ടിട്ടില്ലാത്ത നടപടിയിലൂടെ, തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശുപാര്‍ശ കൂടാതെത്തന്നെ, മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി ഉത്തരവിറക്കിയിരിക്കുന്നു വിവാദമായതോടെ പിന്നീട് നടപടി മരവിപ്പിച്ചു.ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, അതു ശരിവയ്ക്കുംവിധം തമിഴ്‌നാട് ഗവര്‍ണര്‍ ടി.എന്‍ രവി രംഗത്തെത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സമാന ചെയ്തികള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നുകൂടി മനസിലാക്കുക. നേരത്തെ, രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട ക്യാബിനറ്റ് നിര്‍ദേശം വച്ചുതാമസിപ്പിച്ച നടപടി വിവാദമായിരുന്നു. നിശ്ചയമായും ഇതും ഭരണഘടനയുടെ അന്തസ്സത്തയ്ക്കു നിരക്കുന്ന നിലപാടല്ല. ഗവര്‍ണറുടെ പ്രീതി ഉള്ളിടത്തോളംകാലം മാത്രമേ ഒരാള്‍ക്കു മന്ത്രിസഭയില്‍ തുടരാന്‍ കഴിയുകയുള്ളൂ എന്ന വാദം നിലനില്‍ക്കുന്നതല്ല.ഭരണഘടനയുടെ അനുച്ഛേദം 163(1) അനുസരിച്ച്‌ ഗവര്‍ണര്‍ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച്‌ എടുക്കേണ്ട തീരുമാനങ്ങള്‍ ഒഴികെയുള്ള കാര്യങ്ങളിലാണ് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടത്. 163(2) അനുസരിച്ച്‌ ഗവര്‍ണറുടെ വിവേചനാധികാര പ്രകാരമുള്ള തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. അതുകൊണ്ട് ഗവര്‍ണറുടെ പ്രീതി ഉണ്ടാകുന്ന കാലം മാത്രമേ മന്ത്രിമാര്‍ക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുകയുള്ളൂ എന്ന വാദം പലപ്പോഴും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കള്‍ ഉയര്‍ത്താറുണ്ട്. ഈ വാദം ഭരണഘടനാ ധാര്‍മികതയെയും ജനാധിപത്യത്തിന്റെ വികാസചരിത്രത്തെയും നിഷേധിക്കുന്നതാണ്.

‘പ്രീതിതത്വം’ കൊളോണിയല്‍ ഇംഗ്ലണ്ടില്‍ ഉത്ഭവിച്ചതാണ്. ഇംഗ്ലിഷ് രാജ്ഞിയുടെ കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥനും രാജ്ഞിയുടെ ‘പ്രീതി’ ഉണ്ടായാല്‍ മാത്രമേ ആ സ്ഥാനത്തു തുടരാന്‍ കഴിയുകയുള്ളൂ. ഒരാള്‍ക്ക് ഒരു പദവി വഹിക്കാന്‍ യോഗ്യതയില്ലെന്ന് രാജ്ഞിക്ക് എപ്പോള്‍ തോന്നുന്നുവോ, അപ്പോള്‍ അയാളെ പിരിച്ചുവിടാന്‍ കഴിയും. അതിനു പ്രത്യേകിച്ച്‌ കാരണമൊന്നും വേണ്ടതില്ല. ‘രാജാവിനൊരിക്കലും തെറ്റുപറ്റില്ല’ എന്ന സങ്കല്‍പത്തില്‍ നിന്നാണ് ഇതു വരുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അതിനു പ്രസക്തിയൊന്നുമില്ലല്ലോ. അനുച്ഛേദം 310ല്‍ ‘ഭരണഘടനാപരമായി നിഷ്‌കര്‍ഷിച്ചിട്ടില്ലാത്ത സാഹചര്യങ്ങളില്‍, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഗവര്‍ണറുടെയും പ്രീതി ഉള്ളിടത്തോളം കാലമാണ് ജോലിയില്‍ ഉണ്ടായിരിക്കുക’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ജീവനക്കാര്‍ക്ക് അനുച്ഛേദം 311ന്റെ സംരക്ഷണമുണ്ട്. അതനുസരിച്ചുമാത്രമേ ഒരാളെ പുറത്താക്കാന്‍ കഴിയൂ. രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ അനിയന്ത്രിതമായ അധികാരം ഇല്ല എന്നു സാരം. ഉദ്യോഗസ്ഥര്‍ക്കുപോലുമുള്ള സംരക്ഷണം ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിമാര്‍ക്കില്ല എന്നത് ജനാധിപത്യത്തില്‍ അംഗീകരിക്കാവുന്ന കാര്യമല്ല. ഗവര്‍ണറുടെ തോന്നിവാസത്തെ വിവേചനാധികാരം എന്ന വിശുദ്ധ പശുവിനെക്കൊണ്ട് രക്ഷിച്ചെടുക്കാന്‍ കഴിയില്ല.അനുച്ഛേദം 163ല്‍ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നിടത്താണ് ഗവര്‍ണറുടെ ‘വിവേചനാധികാരം’ കടന്നുവരുന്നത്. ‘ഭരണഘടനാപരമായി സ്വന്തം വിവേചനാധികാരം ഉപയോഗിക്കേണ്ടിവരാത്ത വിഷയങ്ങളിലെല്ലാം, ഗവര്‍ണറെ സഹായിക്കാനും ഉപദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ ഉണ്ടായിരിക്കണം’ എന്നാണ് അനുച്ഛേദം നിര്‍ദേശിക്കുന്നത്. ഇവിടെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടില്‍ ഗവര്‍ണറുടെ കടമ നിര്‍ദേശിച്ചിരിക്കുന്നതില്‍ നിന്നും പ്രകടമായ വ്യത്യാസം ഇന്ത്യന്‍ ഭരണഘടനയില്‍ കാണാന്‍ കഴിയും. ആക്ടിലെ സെക്ഷന്‍ 50ല്‍ ഗവര്‍ണറുടെ വിവേചനാധികാരങ്ങള്‍ വിശദീകരിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ‘വൈയക്തിക ബോധ്യം (ശിറശ്ശറൗമഹ ഷൗറഴാലി)േ’ എന്നു ചേര്‍ത്തിരിക്കുന്നതു കാണാം. എന്നാല്‍, ഭരണഘടനയില്‍ ആ പ്രയോഗമില്ല. ഗവര്‍ണറുടെ വ്യക്തിഗത ബോധ്യങ്ങള്‍ക്കനുസരിച്ചുള്ള വിവേചനാധികാരമല്ല, ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളെ സംബന്ധിച്ചുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ. ഇതു വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ഭരണഘടനാ നിര്‍മാണസഭയില്‍ അംബേദ്കര്‍ ഇതേക്കുറിച്ച്‌വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘അനുച്ഛേദം 143 (ഭരണഘടനയിലെ അനുച്ഛേദം 163, കരടു ഭരണഘടനയിലെ 143 ആയിരുന്നു), മന്ത്രിസഭയുടെ ഏതു തീരുമാനവും അവഗണിക്കാനുള്ള അധികാരം നല്‍കുന്ന പൊതുവകുപ്പല്ല എന്നും വിവേചനാധികാരം ഭരണഘടനാപരമായി അനിവാര്യമായ കാര്യങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നും അതു ഭരണഘടനയുടെ മറ്റു ഭാഗങ്ങളോടു ചേര്‍ത്തുവായിക്കേണ്ടതാണ്’ എന്നുമാണ്.

സംസ്ഥാനത്തിന്റെ എക്‌സിക്യുട്ടീവ് അധികാരം പ്രാമാണികമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണെങ്കിലും യഥാര്‍ഥ അധികാരം മന്ത്രിസഭയ്ക്കാണ് എന്നു സര്‍ക്കാരിയാ കമ്മിഷന്‍ റിപ്പോര്‍ട്ടും പറയുന്നു. വിവേചനാധികാരം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 163(1)ല്‍ ‘ൃലൂൗശൃലറ’ എന്ന വാക്ക് ഉള്ളതുകൊണ്ടുതന്നെ ഭരണഘടനാപരമായി അനിവാര്യമായ അവസരങ്ങളില്‍ മാത്രമാണ് വിവേചനാധികാരം ഉപയോഗിക്കാന്‍ സാധിക്കുക എന്നാണ് കമ്മിഷന്റെ വിശദീകരണം.
2016ല്‍ അരുണാചല്‍ പ്രദേശില്‍ നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ വിമതരുടെ സഹായത്തോടെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍ ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച നിയമപോരാട്ടങ്ങള്‍ക്കു വഴിവയ്ക്കുകയുണ്ടായി. ആ കേസില്‍ സുപ്രിംകോടതി, ഗവര്‍ണറുടെ വിവേചനാധികാരം സംബന്ധിച്ച്‌ വളരെ കൃത്യമായി വിശദീകരിക്കുന്നുണ്ട്: ‘യഥാര്‍ഥ അധികാരികളായ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ട് ഗവര്‍ണറുടെ അധികാരങ്ങള്‍ വിപുലപ്പെടുത്താനാവില്ല. മന്ത്രിസഭയുടെ നിര്‍ദേശത്തിന് എതിരായോ, മന്ത്രിസഭയുടെ ഉപദേശമില്ലാതെയോ പ്രവര്‍ത്തിക്കാനുള്ള പൊതുവായ അധികാരം അനുച്ഛേദം 163 ഗവര്‍ണര്‍ക്കു നല്‍കുന്നില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതോ, അതു മാറ്റിവയ്ക്കുന്നതോ, രാഷ്ട്രപതിയുടെയോ മുഖ്യമന്ത്രിയുടെയോ പരിഗണനയ്ക്കു വിടുന്നതോ, സഭയുടെ വിശ്വാസം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതിരിക്കുന്ന സഹചര്യമോ ഒക്കെ സംബന്ധിച്ച വിവേചനാധികാരങ്ങളേ ഗവര്‍ണര്‍ക്കുള്ളൂ. ഗവര്‍ണര്‍ക്കു പരിമിതമായ അധികാരമുള്ള ഇടങ്ങളില്‍പോലും അധികാരം സ്വേച്ഛാപരമോ, വിചിത്രമോ ആയിക്കൂടാ, യുക്തിയും അവധാനതയും അനുസരിച്ചുവേണം അതു പ്രയോഗിക്കാന്‍. ഭരണഘടനാപരമായ അനിവാര്യതയുള്ളപ്പോഴാണ് വിവേചനാധികാരം ഗവര്‍ണര്‍ പ്രയോഗിക്കേണ്ടത്. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രിസഭയുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്കു കഴിയൂ.’ കോടതി വിധിച്ചു.

അതായത്, ഭരണഘടനയും സുപ്രിംകോടതിയുടെ വ്യാഖ്യാനങ്ങളും പരിശോധിച്ചാല്‍, മന്ത്രിസഭയുടെ നിര്‍ദേശങ്ങള്‍ക്കപ്പുറം എന്തെങ്കിലും അധികാരം പ്രയോഗിക്കുന്നതിനുള്ള ഭരണഘടനാപരമായ യാതൊരു അവകാശവും ഗവര്‍ണര്‍മാര്‍ക്കില്ല. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ തമിഴ്‌നാട് ഗവര്‍ണര്‍ ടി.എന്‍ രവിയുടെ നടപടി ജനാധിപത്യത്തെ അവഹേളിക്കുന്നതാണ്.
എന്തുകൊണ്ടാണ് ഗവര്‍ണര്‍മാര്‍ക്ക് ഇങ്ങനെ പെരുമാറേണ്ടി വരുന്നത്? ഗവര്‍ണര്‍ എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കേവലമൊരു ജോലിക്കാരനല്ല എന്നു സുപ്രിംകോടതി വിവിധ വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിവില്‍ സര്‍വിസ് ജീവനക്കാരേക്കാള്‍ കുറഞ്ഞ തൊഴില്‍സുരക്ഷ മാത്രമേ ഗവര്‍ണര്‍ക്കുള്ളൂ എന്നതാണു സത്യം. സിവില്‍ സര്‍വിസുകാരെ നീക്കംചെയ്യണമെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണം. ഗവര്‍ണറെ നീക്കംചെയ്യുന്നതിന് ഇത്തരം യാതൊരു നടപടിക്രമങ്ങളുമില്ല.

ആര്‍ട്ടിക്കിള്‍ 156(1) അനുസരിച്ച്‌ പ്രസിഡന്റിന് തൃപ്തികരമായിരിക്കുവോളം മാത്രമാണ് ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാനാവുക. കേന്ദ്ര ഭരണസംവിധാനത്തിന് അനഭിമതനായാല്‍ ഏതു നിമിഷവും നീക്കം ചെയ്യപ്പെടാം. ഇത് ഗവര്‍ണര്‍ പദവിയ്ക്കു വല്ലാത്തൊരു അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. കേന്ദ്രസര്‍ക്കാരിനെ തൃപ്തിപ്പെടുത്താതെ നിലനില്‍ക്കാനാകില്ല എന്നുവരുന്നു. പലപ്പോഴും കേന്ദ്രത്തില്‍ പുതിയ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വരുമ്ബോള്‍ ഗവര്‍ണര്‍മാരുടെ കൂട്ടപ്പിരിച്ചുവിടലും പുതിയ നിയമനവുമെല്ലാം ഉണ്ടാവുന്നത് അതുകൊണ്ടാണ്. അതേകാരണം കൊണ്ടുതന്നെയാണ് കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ചില അധികാരങ്ങള്‍ ഉണ്ടെന്ന ധാരണയില്‍ ഫെഡറല്‍ ജനാധിപത്യ രാഷ്ട്രഘടനയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാവുന്നതും..