ഡൽഹിയിൽ കനത്ത മഴ
ഡൽഹി രണ്ടുദിവസമായി രാജ്യതലസ്ഥാനത്ത് മഴ കനക്കുകയാണ്. പകൽ മുഴുവൻ നിർത്താതെ പെയ്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പ്രധാന റോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്.
വേനലിലെ ശമിപ്പിക്കാൻ എത്തിയ മഴ ഡൽഹിയിൽ കനക്കുകയാണ്. ഇന്നലെയും ഇന്നുമായി തോരാത്ത മഴയാണ് ഡൽഹിയുടെ പല ഭാഗങ്ങളിലും പെയ്തത്. ന്യൂഡൽഹിയിലെ പ്രധാന ഏരിയകളിലെ റോഡുകളെല്ലാം അതുമൂലം വെള്ളത്തിനടിയിലായി. പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള സൗത്ത് അവന്യുവിലും, നോർത്ത് അവന്യൂവിലെയും റോഡുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. മന്ത്രിമാരുടെയും എംപിമാരുടെയും വസതികൾ ഉൾപ്പെടുന്ന മഹാദേവ റോഡിലും, ബിശ്വംഭരദാസ് മാർഗിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇവിടങ്ങളിൽ പൂർണമായും ഗതാഗതം നിലച്ചു.
തോരാതെ പെയ്ത മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇന്നലെ തുടങ്ങിയ മഴ നിർത്താതെ ഇന്നും പകൽ മുഴുവൻ തുടർന്നു. ശക്തിയായ ഇടിയോടുകൂടിയാണ് മഴ തിമിർത്തു പെയ്യുന്നത്. വേനൽചൂടിൽ നിന്ന് മഴ ഡൽഹി ജനതയ്ക്ക് ആശ്വാസമായി എങ്കിലും പ്രധാന റോഡുകളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് യാത്ര പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. വടക്കേ ഇന്ത്യയിൽ കനത്ത മഴയെ തുടർന്ന് രണ്ടു ദിവസത്തിനുള്ളിൽ മരിച്ചത് 12 പേരാണ്. 1982 ജൂലൈക്ക് ശേഷം ആദ്യമായാണ് പ്രതിദിന മഴ പെയ്ത നിരക്ക് ഇത്രയേറെ രേഖപ്പെടുത്തിയത്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ 155 മില്ലീ മീറ്റർ മഴയാണ് പെയ്തത്. പല മെട്രോ സ്റ്റേഷനുകളും വെള്ളത്തിനടിയിലാണ്.
പുതിയ പാർലമെന്റിന് അകത്ത് വെള്ളം കയറിയതായും ജീവനക്കാർ അറിയിച്ചു. ഇതുമൂലം മണിക്കൂറുകളോളം പുതിയ പാർലമെന്റ് മന്ദിരത്തിൽ വൈദ്യുതിയും മുടങ്ങി. സെൻട്രൽ വിസ്ഥ പദ്ധതി പുരോഗമിക്കുമ്പോഴും പാർലമെന്റിനോട് ചേർന്ന് കിടക്കുന്ന ഇടങ്ങളിലെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ യാതൊരുവിധ സംവിധാനങ്ങളും നിലവിലിൽ സർക്കാർ വൃത്തങ്ങൾ ഒരുക്കിയിട്ടില്ല.