ചാന്ദ്രയാന്‍-മൂന്ന് ;വിക്ഷേപണം നാളെ;
ബംഗളൂരു: ഐ.എസ്.ആര്.ഒയുടെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ -മൂന്നിന്റെ വിക്ഷേപണത്തിനായുള്ള 26 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിന് ഇന്ന് ഉച്ചക്ക് 1.05ന് തുടക്കമാകും. 14ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് വിക്ഷേപണ വാഹനമായ എല്‍.വി.എം-3 എം 4 കുതിക്കും. ജൂലൈ 13ന് വിക്ഷേപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനില്‍ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തിയതോടെ അതിനനുസരിച്ച് വിക്ഷേപണ തീയതിയിലും മാറ്റം വരുത്തുകയായിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാല്‍പ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങുക.
കഴിഞ്ഞ ദൗത്യത്തിലെ വീഴ്ചകള്‍ പരിഹരിച്ചതിനാല്‍ ഇത്തവണ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്താനാവുമെന്നാണ് ഐ.എസ്.ആര്.ഒയുടെ പ്രതീക്ഷ. ചാന്ദ്രയാൻ -2ന്റെ യാത്രാപഥത്തിലൂടെ തന്നെ സഞ്ചരിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാൻഡറിനെ ഇറക്കുകയാണ് ലക്ഷ്യം.