മുന്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീയ വിവസത്രയാക്കി റോഡിലൂടെ നടത്തി, വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു

മണിപ്പൂര്‍ സംഭവങ്ങള്‍ രാജ്യത്ത് അവസാനിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ ജനതയുടെ തല താഴ്ത്തുന്ന മറ്റൊരു സംഭവം കൂടി ഇന്ന് രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ആദിവാസികളുടെ സംരക്ഷണത്തിനുവേണ്ടി നിരന്തര പരിശ്രമങ്ങളാണ് നടത്തുന്നതെന്ന കേന്ദ്രവാദം വീണ്ടും പൊളിഞ്ഞുവീഴുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെ വീണ്ടും വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയില്‍ യുവതിയെ നഗ്‌നയാക്കി പരേഡ് നടത്തിയിരിക്കുകയാണ്. ജില്ലയിലെ നിചല്‍കോട്ട ഗ്രാമത്തിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ തന്നെയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതെന്നും അധികൃതര്‍ പറയുന്നു.
ഇരയായ പെണ്‍കുട്ടിയും പ്രതിയായ മുന്‍ ഭര്‍ത്താവും അയാളുടെ കുടുംബാംഗങ്ങളും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ എട്ടുപേരെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇരയുടെ മുന്‍ പിതാവും കുടുംബാംഗങ്ങളുമാണ് സ്ത്രീക്കെതിരെ ക്രൂരതകാട്ടിയിരിക്കുന്നത്. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുന്നതാണ് സാധാരണക്കാരില്‍ ഭയം ജനിപ്പിക്കുന്നത്.
ശക്തമായ നിയമമില്ലാത്തതാണ് ക്രൂരകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാലും പ്രതികളില്‍ ഭയം ലവലേശമില്ലാതെ പോകുന്നതിന് കാരണം.

സംഘ്പരിവാറിന് യഥേഷ്ഠം വളരാനുള്ള മണ്ണ് സജ്ജമാക്കുക മാത്രമാണ് കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം എന്നതുകൊണ്ടുതന്നെ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രതികള്‍ സംഘപരിവാര്‍ അനുഭാവികളാണെങ്കില്‍ പറയുക കൂടി വേണ്ട. ക്രൂരകൃത്യങ്ങള്‍ ചെയ്ത ശേഷം അതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടാന്‍ പോലും ഇവര്‍ മടിക്കുന്നില്ല.
നമുക്കും ജാഗ്രതയോടെ ഇരിക്കാം.. കേരളത്തിലേക്ക് അധികം ദൂരമില്ല. ഉയരങ്ങള്‍ കീഴടക്കുന്നതില്‍ അഭിമാനം കൊണ്ട് പുളകിതരാകുന്ന അധികാരികളുടെ കണ്ണ് സാധാരണക്കാര്‍ക്കുവേണ്ടി തുറക്കുന്നത് ഇനി എന്നായിരിക്കാം.