രളത്തിലെ ഏതാണ്ട് 7 ജില്ലകളിലായി 60% ജനങ്ങളെ വെള്ളത്തിൽ മുക്കിയിട്ടപെരുമഴയാണ് കഴിഞ്ഞദിവസം ഉണ്ടായത്… വീടും വീട്ടുസാധനങ്ങളും നഷ്ടപ്പെട്ട ജനം പരിഭ്രാന്തിയോട് ഓടി നടക്കുകയായിരുന്നു…. എല്ലാ ജില്ലകളിലെയും പ്രധാന റോഡുകൾ മാത്രമല്ല ഇടവഴികൾ വരെ അരയോളം വെള്ളത്തിൽ മുങ്ങിത്താണു…. അപ്രതീക്ഷിതമായി ഉണ്ടായ ഈ മഴ 2018ലെ മഹാപ്രളയത്തിന്റെ അതേ അനുഭവമാണ് ഉണ്ടാക്കിയത്…. വീടുകളിൽ മൂന്നും നാലും അടി ഓളം വെള്ളം കയറിയ സ്ഥിതി വന്നപ്പോൾ ഭക്ഷണം പാചകം ചെയ്യാൻ പോലും കഴിയാതെ വന്നു…. പല വീടുകളിലെയും വാർദ്ധക്യത്തിൽ എത്തിയ ആൾക്കാർ ആണ് കൂടുതൽ ദുരിതം അനുഭവിച്ചത്….. കാലാവസ്ഥക്കാർ യാതൊരു മുന്നറിയിപ്പും ന
ൽകാത്ത പെരുമഴയാണ് കഴിഞ്ഞദിവസം ഉണ്ടായത്….. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ മേഘ വിസ്ഫോടനം ഉണ്ടായതിന് ശേഷം കാലാവസ്ഥ പ്രവചനക്കാർ പറയുകയുണ്ടായി…. ഏതായാലും പിന്നീടാണെങ്കിലും ഈ കാര്യം പുറത്തുപറഞ്ഞ കാലാവസ്ഥ പ്രവചനക്കാർക്ക് ഒരു അവാർഡ് കൊടുക്കേണ്ടതാണ് ….ഇതിനേക്കാളൊക്കെ ഖേദകരമായി തോന്നുന്നത് ഏതു വിഷയം പൊതുവായി ഉണ്ടായാലും ചർച്ചയ്ക്ക് എടുക്കുന്ന മലയാളത്തിലെ ചാനലുകൾ കേരളത്തിലെ ജനങ്ങൾ ഇന്നലെ അനുഭവിച്ച പ്രളയ ദുരിതത്തെ കണ്ടതായി പോലും നടിച്ചില്ല എന്നതാണ് വസ്തുത
രാത്രിയായാൽ കേരളീയരുടെ കാഴ്ചകളിൽ ഓടിയെത്തുന്നത് ചാനൽ ചർച്ചകൾ എന്ന വേഷം കെട്ടലുകളാണ്…. ഒരു ആങ്കറും കുറെ ക്ഷണിതാക്കളും ചുറ്റും കൂടിയിരുന്ന പരസ്പരം ചെളി വാരിയെറിയുകയും തെറി വിളിക്കുകയും ഒക്കെ ചെയ്യുന്ന ചർച്ചകളാണ് രാത്രി 8 മണി മുതൽ എല്ലാ ചാനലുകളിലും തുടർന്നുകൊണ്ടിരിക്കുന്നത്…. സാധാരണഗതിയിൽ അപ്പപ്പോൾ ഉണ്ടാകുന്ന പൊതുവായ വിഷയങ്ങൾ ചർച്ച ചെയ്യുക പതിവാണെങ്കിലും ഇന്നലെ ആ കാര്യത്തിൽ ഒരു ചാനൽ പ്രമാണിയും നീതി കാണിച്ചില്ല…. കേരളം ഒട്ടാകെയായി വെള്ളത്തിൽ മുങ്ങി കിടന്നപ്പോൾ രാത്രി ചർച്ചയിൽ കണ്ടെത്തിയ വിഷയങ്ങൾ മറ്റു പലതും ആയിരുന്നു…. പ്രമുഖ മലയാളം ചാനലുകൾ ആയ ഏഷ്യാനെറ്റ്കാർ മോദി മൂന്നാമതും വരുമോ എന്ന വിഷയവും മനോരമ ചാനലുകാർ ഭക്ഷ്യസുരക്ഷ നടപടികൾ ഫലപ്രദമാണോ എന്നും കൈരളി ചാനലുകൾ നരേന്ദ്രമോദിയുടെ കന്യാകുമാരി ധ്യാനവും മീഡിയ വൺ ചാനലുകാർക്ക് എക്സൈസും മദ്യനയവും 24 ചാനലുകാർ ഗുണ്ടാ പോലീസ് കൂട്ടുകെട്ടും റിപ്പോർട്ടർ ചാനലുകാർ മോദി ഭരണത്തിന് അന്ത്യം ഉണ്ടാകുമോ എന്നും ഒക്കെ തുടങ്ങിയുള്ള വിഷയങ്ങളാണ് ഗൗരവത്തോടെ ചർച്ച ചെയ്തത്…. ആകെ എടുത്തു പറയാവുന്നത് മാതൃഭൂമി ന്യൂസ് നടത്തിയ വെള്ളക്കെട്ട് സംബന്ധിച്ച ചർച്ച ആയിരുന്നു… എന്നാൽ ഈ ചർച്ചയിൽ മാതൃഭൂമി ന്യൂസ് ശ്രദ്ധ പതിപ്പിച്ചത് കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് വിഷയം ആയിരുന്നു… കൊച്ചിയിലെ ആൾക്കാർ മാത്രമാണ് ഈ ചർച്ചയിൽ പങ്കെടുത്തത്…. യഥാർത്ഥത്തിൽ കൊച്ചി മാത്രമല്ല തിരുവനന്തപുരവും കൊല്ലവും തൃശ്ശൂരും അടക്കമുള്ള പല നഗരങ്ങളും ഇന്നലെ അപ്രതീക്ഷിത വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്നു
2018ലെ പ്രളയത്തിനുശേഷം തുടർന്നുള്ള എല്ലാ വർഷവും കേരളത്തിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളും കാലവർഷത്തിൽ മുങ്ങിപ്പോകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്….. കേരളം കടലോര പ്രദേശമാണ്…. കുറെ ഭാഗങ്ങളിൽ കായൽ തീരപ്രദേശമായും ഉണ്ട്…. ഇതെല്ലാം കൊണ്ടു തന്നെ കേരളം എന്ന ചെറിയ സംസ്ഥാനം ഏറെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം തന്നെയാണ്…. എന്നാൽ ഈ തരത്തിൽ വലിയ ഉയരത്തിൽ വെള്ളം പൊങ്ങുന്ന അനുഭവങ്ങൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ല
ഈ വിഷയത്തിൽ ഗൗരവമായി ഇടപെടേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്… വെള്ളപ്പൊക്കം ഉണ്ടായിക്കഴിയുമ്പോൾ ദുരന്ത നിവാരണ സേനയിലെ ആൾക്കാരോട് വെള്ളത്തിൽ മുങ്ങിയ വീട്ടുകാരെ കരക്ക് എത്തിക്കാൻ നിർദ്ദേശിക്കൽ അല്ല പ്രളയകാലത്ത് നടത്തേണ്ടത്…. കേരളം കടുത്ത വെള്ളപ്പൊക്കത്തിലേക്ക് എത്തും എന്ന് ഏകദേശം ഉറപ്പുണ്ടായിട്ടുപോലും ഒരു മുൻകരുതലും സർക്കാർ സംവിധാനങ്ങളിൽ ഉണ്ടായില്ല എന്നത് സത്യമാണ്
കേരളം ജനം തിങ്ങിപ്പാർക്കുന്ന ഒരു ഭൂപ്രദേശമാണ്…. പത്തുവർഷംകൊണ്ടുതന്നെ കേരളത്തിലെ വീടുകളുടെ എണ്ണവും കെട്ടിടങ്ങളുടെ എണ്ണവും ഇരട്ടിയോളം വർധിച്ചിട്ടുണ്ട്…. തരിശായി കിടന്ന ഭൂമികളിലെല്ലാം കെട്ടിടങ്ങൾ ഉയർന്നുപൊങ്ങിയപ്പോൾ വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെയായി… പ്രാദേശികമായി രൂപപ്പെടുന്ന വെള്ളം ചെറിയ തോടുകളും കാനകളും വഴി ഒഴുകി കായലിലും കടലിലും എത്തുക എന്ന പതിവുകൾ ഇപ്പോൾ ഇല്ലാതായി…. എല്ലായിടത്തും റോഡുകളും മതിൽക്കെട്ടുകളും കെട്ടിടങ്ങളും ഉണ്ടായതോടുകൂടി കനത്ത മഴയിൽ ഉണ്ടാകുന്ന വലിയ അളവിലുള്ള വെള്ളം അവിടങ്ങളിൽ തന്നെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് വന്നുചേർന്നിരിക്കുന്നത്
ഈ സ്ഥിതി മാറ്റുവാൻ സംസ്ഥാനത്ത് ഒട്ടാകെ പ്രാബല്യത്തിൽ വരുന്ന പദ്ധതികൾ ആവിഷ്കരിച്ച് അത് ശാസ്ത്രീയമായി മാത്രമല്ല സമയബന്ധിതമായി കൂടി പൂർത്തീകരിക്കാൻ സർക്കാരിന് കഴിയണം…. വലിയ വിദഗ്ധരായ ശാസ്ത്രജ്ഞന്മാരും സാങ്കേതികവിദഗ്ധരും ഒക്കെ ഉള്ള നാടാണ് നമ്മുടെ കേരളം…. എന്നിട്ടും പെയ്തു വീഴുന്ന മഴവെള്ളം ഒഴുക്കി വിടാൻ ഒരു മാർഗ്ഗം കണ്ടെത്താൻ കഴിയുന്നില്ല എന്നത് ഗതികേട് തന്നെ ആണ്
ഒന്നരലക്ഷം കോടി രൂപയുടെ മുതൽമുടക്ക് വരുന്ന റെയിൽവേ പദ്ധതിക്ക് വേണ്ടി ധൃതി കൂട്ടി ഓടി നടന്ന സർക്കാർ സാമാന്യജനത്തിന് മഴക്കാലത്ത് സൗകര്യമായി വീട്ടിൽ കിടക്കാൻ ഉള്ള സൗകര്യമെങ്കിലും ഒരുക്കാൻ കഴിയാതെ വരുന്നു എന്നത് പ്രതിഷേധാർഹമാണ്….. മെട്രോ നഗരങ്ങളും വൻകിട പദ്ധതികളും ഒക്കെ നാടിൻറെ വികസനത്തിന് ആവശ്യമാണ്…. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ അവർക്ക് അവരുടെ വീടുകളിൽ സ്വര്യ ജീവിതം നയിക്കാൻ കഴിയുന്നില്ല എങ്കിൽ മറ്റെന്ത് അത്ഭുതം ഉണ്ടായിട്ടും കാര്യമില്ലല്ലോ
കാലങ്ങളായി കരഞ്ഞ് കരഞ്ഞ് നടക്കുന്ന ജനതയാണ് കേരളത്തിൻറെ തീരദേശങ്ങളിൽ കഴിയുന്നവർ…. കടൽ കലിതുള്ളിയാൽ തകർന്നു വീഴുന്ന അവരുടെ വീടുകൾക്ക് സുരക്ഷ ഒരുക്കാൻ ഇത്രകാലമായിട്ടുപോലും നമുക്ക് കഴിഞ്ഞിട്ടില്ല…. തീര മേഖലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ആൾക്കാർ ഉറക്കമില്ലാതെ കഴിയുകയാണ്
ഇത്തരം പ്രശ്നങ്ങൾ കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുമ്പോൾ അതിന് ആക്കം കൂട്ടുന്ന പ്രളയ സമാനമായ മഴ ഉണ്ടാവുകയും മിക്കവാറും എല്ലാ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തു ജനംവലഞ്ഞപ്പോൾ ആ ദിവസത്തെ വിഷയം ചർച്ചയ്ക്ക് പരിഗണിച്ചുകൊണ്ട് അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ചാനൽ പ്രമാണിമാർ തയ്യാറാവേണ്ടതായിരുന്നു… എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു അലസത പ്രമുഖ ചാനല്കാരു പോലും കാണിച്ചത് എന്നത് അവർ പരിശോധിക്കേണ്ട കാര്യമാണ്….. ചാനൽ റേറ്റിംഗ് കൂട്ടുക എന്നത് ചാനൽ മുതലാളിമാരുടെ ലക്ഷ്യമാണ്… അതിന് ഉതകുന്ന പ്രേക്ഷകരെ കിട്ടുന്ന വിഷയങ്ങളാണ് സാധാരണഗതിയിൽ അന്തി ചർച്ചയ്ക്കായി കൊണ്ടുവരാറുള്ളത്…. എന്നാൽ ഇന്നലെ മഹാപ്രളയം പോലെ മഴ പെയ്തപ്പോൾ കേരളത്തിലെ ജനങ്ങൾ മഹാ ദുരിതം അനുഭവിച്ചപ്പോൾ അതൊന്നു പങ്കുവെക്കാനും ഇവയൊന്നും കാണാതെ ഉറങ്ങിയിരിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാനും ഉള്ള ബാധ്യത ചാനലുകൾ ഏറ്റെടുക്കേണ്ടതായിരുന്നു എന്നാണ് ഞങ്ങളുടെ അഭിപ്രായം
രാവിലെ എട്ടുമണിയോടുകൂടി പെയ്തു തുടങ്ങിയ മഴ 11 മണിയായപ്പോൾ കേരളത്തെ വെള്ളത്തിൽ മുക്കി പല ജില്ലകളിലെയും വെള്ളപ്പൊക്ക വാർത്തകൾ ചാനലുകൾ ദൃശ്യവൽക്കരിച്ച് അവതരിപ്പിക്കുന്നുണ്ടായിരുന്നു…. ഇത് നല്ലതു തന്നെയാണ്…. എന്നാൽ ഈ കാഴ്ച കൊണ്ട് ജനങ്ങൾക്ക് ആശ്വാസം കിട്ടുകയില്ല…. പ്രശ്നം ഗൗരവമായി കണ്ടുകൊണ്ട് പ്രളയക്കെടുതികൾ അവസാനിപ്പിക്കുന്നതിന് ഈ മേഖലകളുമായി ബന്ധപ്പെട്ടിട്ടുള്ള വിദഗ്ധന്മാരെ വിളിച്ചിരുത്തി ആങ്കർമാരുടെ ചോദ്യം ഉത്തര വിശകലനങ്ങളിലൂടെ ശാശ്വത പരിഹാരത്തിനുള്ള നിർദ്ദേശം ഭരണാധികാരികൾക്ക് മുന്നിലേക്ക് കൈമാറുവാൻ ഉള്ള ചാനലുകളുടെ ഉത്തരവാദിത്വം നിറവേറ്റപ്പെട്ടില്ല എന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്