ഐപിഎല്ലിൽ നാടകീയ സംഭവങ്ങൾ, നേർക്കുനേർ ഏറ്റുമുട്ടി ഗംഭീറും കോഹ്ലിയും

ഇന്ത്യൻ ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലിയും, ഗൗതം ഗംഭീറും തമ്മിലുള്ള വൈരം പണ്ട് മുതൽക്കേ ഉള്ളതാണ്. ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്ന‌ സമയത്താണ് അന്ന് ആർസിബി ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയുമായി ഫീൽഡിൽ വെച്ച് ആദ്യം കയർത്തത്. ഇതിന് ശേഷം ഇവർ തമ്മിലുള്ള ബന്ധം അത്ര നല്ലതല്ല. അതിന്റെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ് ഇന്നലെ ലക്നൗ സൂപ്പർ ജയന്റ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടന്ന മത്സരത്തിന് ശേഷമുണ്ടായ വിവാദ സംഭവങ്ങൾ. മത്സരശേഷം ആർസിബി സൂപ്പർ താരം വിരാട് കോഹ്ലി ഗ്യാലറിയെ നോക്കി ആവേശം പ്രകടിപ്പിച്ച ശേഷം നടക്കുമ്പോൾ ലക്നൗ ഓൾ റൗണ്ടർ കൈൽ മെയേഴ്സ് അദ്ദേഹത്തോട് എന്തോ സംസാരിക്കുകയായിരുന്നു. എന്നാൽ ഈ സമയം ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായ ഗൗതം ഗംഭീർ മെയേഴ്സിനെ കോഹ്ലിക്കരികിൽ നിന്ന് വിളിച്ചു കൊണ്ടു പോയി. ഇതിന് ശേഷമാണ് വിരാട് കോഹ്ലിയും ഗംഭീറും തമ്മിൽ പരസ്പരം വാക്ക് പോർ നടത്തിയത്.
എന്തായാലും ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായിരിക്കുകയാണ് ഈ സംഭവം. രാജ്യം കണ്ട മികച്ച താരങ്ങളായ കോഹ്ലിയും ഗംഭീറും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഇതു പോലെ പരസ്പരം വഴക്കിൽ ഏർപ്പെട്ടത് മറ്റ് ക്രിക്കറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയ്ക്ക് അപമാനം തന്നെയാണ്. എന്നാൽ ഇന്നലെ നടന്ന സംഭവത്തിൽ പ്രശ്നം തുടങ്ങിയത് ആരെന്നോ എന്താണ് പ്രശ്നങ്ങൾക്കുള്ള കാരണമെന്നോ ഇതു വരെ വ്യക്തമായിട്ടില്ല. പക്ഷേ ഒരിക്കലും സംഭവിക്കരുതാത്ത ഒന്നായിരുന്നു അതെന്ന കാര്യത്തിൽ ഒരു സംശയത്തിന് പോലും ഇടയില്ല.