മുട്ടില്‍ മരം മുറിക്കേസ്; പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒളിച്ചുകളി

കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ മുട്ടില്‍ മരം മുറിക്കേസിന്റെ അന്വേഷണവും നടപടിയും അനിശ്ചിതത്വത്തില്‍. അന്വേഷണം ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ഇരുട്ടില്‍ത്തപ്പുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത കോടിക്കണക്കിനു രൂപയുടെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയതാണ് വിവാദമായ മുട്ടില്‍ മരംമുറിക്കേസ്. 2021-ല്‍ തുടങ്ങിയ പോലീസ് അന്വേഷണവും വനംവകുപ്പിന്റെ തുടര്‍ നടപടികളും പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്ന തരത്തില്‍ ഇഴഞ്ഞുനീങ്ങുകയാണ്. പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരം സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള കുപ്പാടിയിലെ ഫോറസ്റ്റ് ഡിപ്പോയില്‍ മഴയും വെയിലും കൊണ്ട് നശിക്കുകയാണ്. പ്രതികള്‍ക്കെതിരേ കേരള ലാന്‍ഡ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കാന്‍ റവന്യൂവകുപ്പിന് അവകാശമുണ്ടെങ്കിലും ഒരു നടപടിയുമില്ല. മാത്രമല്ല കോടതി ഉത്തരവുള്ളതിനാല്‍ മരങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാനുമാകുന്നില്ല. ഇതിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശ വാദം. മരംമുറിക്കേസില്‍ പ്രതികളായവരെയും ആരോപണം നേരിട്ട ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് തുടക്കത്തിലേ സ്വീകരിച്ചതെന്ന് വിമര്‍ശനമുണ്ടായിരുന്നു. അതിനെ ശരിവെക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ മെല്ലെപ്പോക്കെന്നാണ് പ്രധാന ആക്ഷേപം.

വാഴവറ്റ മുങ്ങനാനിയില്‍ റോജി അഗസ്റ്റിന്‍, സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരാണ് മരംമുറി കേസിലെ മുഖ്യപ്രതികളും മുഖ്യ സൂത്രധാരന്‍മാരും. മരംമുറി കണ്ടെത്തിയതുമുതല്‍ കേസിന്റെ ഓരോ ഘട്ടത്തിലും വീഴ്ചയുണ്ടായതായി അന്നത്തെ ജില്ലാ സര്‍ക്കാര്‍ പ്ളീഡറായിരുന്ന അഡ്വ. ജോസഫ് മാത്യു പറയുന്നു. മരംമുറിക്കെതിരേ ആദ്യം പരാതി നല്‍കിയ ആളുടെ മൊഴിപോലും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, മരത്തിന്റെ പ്രായം കണക്കാക്കുന്നതിനുള്ള പ്ലാന്റ് ഡി.എന്‍.എ. റിപ്പോര്‍ട്ട് ലഭിക്കാത്തതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കേസില്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും ഉത്തരമേഖലാ സി.സി.എഫ്. കെ.എസ്. ദീപ പറയുന്നു. എ.ഡി.ജി.പി. എസ്. ശ്രീജിത് തലവനായാണ് അന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി ചുമതലയേല്‍ക്കുകയും സംഘത്തില്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്തതോടെ അന്വേഷണം പാതിവഴിയില്‍ നിലച്ച മട്ടാണ്.