സതീശന്റെയും ചെന്നിത്തലയുടെയും വലിയേട്ടൻ പോര്

ലീഗും ജോസഫ് കേരളയും പ്രതിഷേധത്തിൽ

പ്പോൾ പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസ് പാർട്ടിയുടെ നേതാവായിരിക്കും പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടുക. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ലഭിച്ചത് വി.ഡി. സതീശന് ആയിരുന്നു. ഒരു രാത്രി കൊണ്ട് പല അന്തർ നാടകങ്ങളും നടത്തിയാണ് സതീശൻ ചെന്നിത്തലയിൽ നിന്നും പ്രതിപക്ഷ നേതാവിന്റെ കസേര തട്ടിയെടുത്തത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് പ്രതിപക്ഷത്തെ നയിച്ചത് രമേശ് ചെന്നിത്തല ആയിരുന്നു. ആ കാലത്ത് പിണറായി സർക്കാരിൻറെ നിരവധി അഴിമതി കേസുകൾ പുറത്തുകൊണ്ടുവരുവാനും നിയമസഭയിലും പുറത്തും ശക്തമായ പോരാട്ടം നടത്തുവാനും ചെന്നിത്തലയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിന് തോൽവി ഉണ്ടായപ്പോൾ പ്രതിപക്ഷ നേതാവായി ഒരിക്കൽ കൂടി തനിക്ക് പദവി കിട്ടും എന്ന് കരുതിയിരുന്നതാണ് രമേശ് ചെന്നിത്തല. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ജയിച്ചു വന്ന യുവ നേതാക്കളായ എംഎൽഎമാരുടെ രഹസ്യ യോഗം വിളിച്ചു അവരുടെ കൂടി പിന്തുണ ഉറപ്പാക്കി ചെന്നിത്തലയിൽ നിന്നും പ്രതിപക്ഷ കസേര തട്ടിയെടുക്കുകയാണ് സതീശൻ ചെയ്തത്. അന്നുമുതൽ തന്നെ സതീശനും ചെന്നിത്തലയും തമ്മിലുള്ള അകൽച്ചയും പരസ്പരമുള്ള പകരം വീട്ടിലും തുടർന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും ആ സ്ഥിതി ആവർത്തിക്കുന്നു.

മൂന്നര കൊല്ലത്തോളം ആയി പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന വി.ഡി സതീശൻ സ്വീകരിച്ചിട്ടുള്ള ഏകപക്ഷീയ നിലപാടുകളിലും അധികാരപരമായ ശൈലിയിലും ഘടകകക്ഷികളിൽപെട്ട പല നേതാക്കൾക്കും ശക്തമായ എതിർപ്പുണ്ട്. യാതൊരു കൂടിയാലോചനയും നടത്താതെ സ്വന്തം തീരുമാനങ്ങൾ യുഡിഎഫിന്റേതായി പ്രഖ്യാപിക്കുന്നതാണ് സതീശന്റെ സ്ഥിരം ശൈലി. ഇതിനെതിരെയാണ് യുഡിഎഫിലെ കോൺഗ്രസ് കഴിഞ്ഞാലുള്ള പ്രധാന കക്ഷികളായ മുസ്ലിംലീഗിലെയും ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിലെയും മുതിർന്ന ചില നേതാക്കൾ പരസ്യമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ രണ്ടു പാർട്ടികളെയും കൂടാതെ ഷിബു ബേബി ജോൺ നയിക്കുന്ന ആർ എസ് പി എന്ന പാർട്ടിക്കും സതീശന്റെ ഇപ്പോഴത്തെ പ്രവർത്തന രീതികളിൽ കടുത്ത അമർഷം ഉണ്ട്. ലീഗിലെ ഒരുപറ്റം നേതാക്കളും ജോസഫ് കേരളയിലെ നേതാക്കളും സംയുക്തമായി സതീശനെതിരെ കോൺഗ്രസ് ഹൈക്കമാന്റിനെ സമീപിക്കാനും നേരിട്ട് പരാതി നൽകാനും തീരുമാനിച്ചതായി വാർത്തകൾ ഉണ്ട്.

ഇതിനിടയിലാണ് കോൺഗ്രസിലെ എല്ലാ കാലത്തും ഉള്ള ഗ്രൂപ്പ് പോരുകളുടെ ബാധ നിലനിൽക്കുന്നത് നിലവിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന സതീശനെ കുറിച്ച് പലതരത്തിലുള്ള പരാതികളാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. ഇത്തരം പരാതികൾക്ക് പിന്നിൽ ചെന്നിത്തലയുടെ ഇടപെടലുകൾ കൂടിയുണ്ട് എന്ന സംശയവും ഉയരുന്നുണ്ട്. പ്രതിപക്ഷ നേതാവായ സതീശൻ രാഷ്ട്രീയപ്രവർത്തനം അല്ല വെറും മാധ്യമ പ്രേമവും അതുവഴി നടത്തുന്ന പബ്ലിസിറ്റിയും മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് പൊതുവിൽ ഉയരുന്ന പരാതികൾ. സതീശൻ എന്ന നേതാവ് വെറും മാധ്യമങ്ങൾക്ക് മുന്നിലെ പൗഡർ കുട്ടപ്പൻ ആണ് എന്ന് വരെ ആക്ഷേപത്തോടെ സംസാരിക്കുന്നവർ ഉണ്ട്. രാവിലെ 9 മണി കഴിഞ്ഞാൽ പ്രതിപക്ഷ നേതാവായ സതീശൻ തിരുവനന്തപുരത്ത് മാധ്യമ സമ്മേളനം നടത്തുക, ഉച്ചയ്ക്ക് മുൻപ്രതിപക്ഷ നേതാവ് ചെന്നിത്തല കൊച്ചിയിൽ മാധ്യമപ്രവർത്തകരെ കാണുക, വൈകിട്ടായാൽ കോഴിക്കോട് എത്തി രണ്ടു പേരും രണ്ടു സ്ഥലങ്ങളിലായി മാധ്യമ സംഗമം നടത്തുക, ഇതായിരിക്കുന്നു ഇപ്പോൾ പ്രതിപക്ഷ നേതാവിനെയും മുൻപ്രതിപക്ഷ നേതാവിന്റെയും സ്ഥിരം പ്രവർത്തനരീതി എന്ന ആക്ഷേപമാണ് ഉയരുന്നത്.

ഓരോ ദിവസവും പത്രക്കാരെ വിളിച്ചിരുത്തി എന്തെങ്കിലും ഒക്കെ സർക്കാർ വിരുദ്ധ പ്രസ്താവനകൾ നടത്തി ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവർത്തന പല്ലവി നടത്തിയ ശേഷം ചുറ്റിക്കറങ്ങി നടക്കുകയാണ്. ഈ രണ്ടു നേതാക്കളുടെയും ഏർപ്പാട് എന്നാണ് പരാതി. കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളെ നേരിടേണ്ട സ്ഥിതിയാണ്. മുന്നിൽ ഉള്ളത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും അതിന് പിറകേ നിയമസഭ തെരഞ്ഞെടുപ്പും വരികയാണ്. ഈ തെരഞ്ഞെടുപ്പുകളെ നേരിടുവാൻ കഴിയുന്ന വിധത്തിൽ പാർട്ടിയുടെ പ്രവർത്തകരെ സജ്ജമാക്കാനുള്ള നിർദ്ദേശം പാർട്ടിൽ ഹൈക്കമാന്റെ പല ആവർത്തി നൽകിയെങ്കിലും ഒരു പരിപാടിയും ഇതുവരെ നടന്നിട്ടില്ല. കെപിസിസിയുടെ പ്രസിഡന്റായ സുധാകരൻ പാർട്ടി പുനസംഘടനയ്ക്ക് ഏത് ആലോചന നടത്തിയാലും അതുമായി ഒട്ടും സഹകരിക്കാതെ പ്രസ്താവന വിളമ്പൽ കൊണ്ട് രാഷ്ട്രീയം കളിക്കുക എന്ന രീതി മാത്രമാണ് നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടാം പിണറായി സർക്കാരിൻറെ അവസാനം അടുത്തിരിക്കുന്ന അവസരത്തിൽ പോലും എല്ലാ തരത്തിലുമുള്ള നികുതി വർദ്ധനവും വിലക്കയറ്റവും മൂലം ഒരു ദിവസം പോലും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത വിധത്തിലുള്ള ദുരിതത്തിലാണ് കേരളത്തിലെ ജനങ്ങൾ. ഇത്തരത്തിൽ ഗുരുതരമായ ഒരു സാഹചര്യവും നിലനിൽക്കുമ്പോൾ പോലും സർക്കാരിന് വിറപ്പിക്കാൻ കഴിയുന്ന ഒരു ജനകീയ സമരം പോലും യുഡിഎഫ് എന്ന പ്രതിപക്ഷ മുന്നണിക്ക് നടത്തുവാൻ കഴിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവു തന്നെയാണ് യുഡിഎഫ് സംസ്ഥാന ചെയർമാൻ അതുകൊണ്ടുതന്നെ പ്രതിപക്ഷ മുന്നണിയെ സമരസജ്ജമാക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിനാണ്. സ്വന്തം പാർട്ടിയെ പോലും ശക്തിപ്പെടുത്തുവാൻ ഒരു പ്രയത്നവും നടത്താതെ പ്രതിപക്ഷ നേതാവിനെ പദവിയും സൗകര്യങ്ങളും ഉപയോഗിച്ച് വെറും മാധ്യമ രാഷ്ട്രീയക്കാരനായി കളിക്കുകയാണ് സതീശൻ എന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപങ്ങൾ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സും യുഡിഎഫും വലിയ വിജയം നേടി. ഇത് കോൺഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ശക്തമായ പ്രവർത്തനം കൊണ്ട് ആയിരുന്നില്ല. ഈ ഉപതിരഞ്ഞെടുപ്പ് വിജയങ്ങൾ ഇടതു സർക്കാരിനോടും പിണറായി വിജയനോടും ജനങ്ങൾക്കുള്ള കടുത്ത വിരോധത്തിന്റെ സാഹചര്യമാണ് യുഡിഎഫ് വിജയം ഉണ്ടാക്കിയത്. തൃക്കാക്കര മണ്ഡലത്തിലും പുതുപ്പള്ളിയിലും ഒടുവിൽ ഇപ്പോൾ പാലക്കാടും തെരഞ്ഞെടുപ്പ് വിജയം ഉണ്ടായപ്പോൾ അതെല്ലാം തൻറെ സ്വന്തം കഴിവുകൊണ്ട് ആണ് എന്നും, തന്നെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്നും ഉള്ള അഹങ്കാരത്തിലും ധിക്കാരത്തിലും മുന്നോട്ടുപോവുകയാണ് പ്രതിപക്ഷ നേതാവ്. അതുകൊണ്ട് തന്നെ കേരളത്തിലെ മുൻ കെ പി.സി സി പ്രസിഡന്റുമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും അടങ്ങുന്ന മുതിർന്ന എല്ലാ നേതാക്കളും ഇപ്പോൾ മൗനത്തിൽ കഴിയുകയാണ്. അവസരം കിട്ടുമ്പോൾ പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് മുന്നിൽ പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പ്രവർത്തന വൈകല്യങ്ങൾ അവതരിപ്പിക്കുക എന്ന നിലപാടിലാണ് ഈ മുതിർന്ന നേതാക്കൾ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഇത്തരത്തിൽ ഒരു നീക്കം നടത്തിയാൽ അതിനൊപ്പം നിൽക്കാൻ മുസ്ലിം ലീഗിലെ ചില നേതാക്കളും, ജോസഫ് കേരളായിലെ മുതിർന്ന നേതാക്കളും തയ്യാറാകും എന്നും അറിയുന്നുണ്ട്. ഇത്തരത്തിൽ ഒരു സംയുക്തമായ നീക്കം നടത്തിയാൽ ഹൈക്കമാന്റിന്റെ ഇടപെടൽ ഉണ്ടാകുമെന്നും, വി ഡി സതീശൻ കൈകാര്യം ചെയ്യുന്ന പ്രതിപക്ഷ നേതാവ് എന്ന പദവിയിൽ നിന്നും പുറത്താക്കപ്പെടും എന്നും ഉള്ള സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.