ബിജെപി എന്ന പാർട്ടിയുടെയും, കേരള ഘടക നേതാക്കളുടെയും മാറ്റം മറിച്ചിലുകൾക്കായി തലപുകഞ്ഞ് മടുത്തവരാണ് പാർട്ടിയുടെ ദേശീയ നേതാക്കൾ. കഴിഞ്ഞ കുറേക്കാലമായി പലതരത്തിലുള്ള പരീക്ഷണങ്ങൾ കേരളത്തിലെ പാർട്ടിക്കകത്ത് ബിജെപി കേന്ദ്ര നേതൃത്വം നടത്തിയിരുന്നു . കാര്യമായ ഫലം കാണാതെ വന്നപ്പോൾ നിരാശയിൽ ആയ കേന്ദ്രനേതൃത്വം ഒരു നടപടിക്കും തയ്യാറാവാതെ കാത്തിരിക്കുകയായിരുന്നു. എന്നാൽ സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ കേരളത്തിൽ കടന്നുവരുന്നതിനാൽ പാർട്ടിക്ക് അനുകൂലമായ അന്തരീക്ഷം മുതലെടുക്കുന്നതിന് കരുത്തുള്ള ഒരു പാർട്ടി സംസ്ഥാന പ്രസിഡണ്ടും, പാർട്ടി ഭാരവാഹികളും ഉണ്ടാകണമെന്ന് തീരുമാനിച്ച കൊണ്ടാണ് ഒടുവിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിക്കുന്നതിന്. നിലവിലെ ബിജെപിയുടെ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ പാർട്ടിയുടെ ദേശീയ സെക്രട്ടറി ആകും എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇനിയും നീട്ടിക്കൊണ്ടുപോകാതെ ഈ മാസം പതിനഞ്ചാം തീയതിക്കുള്ളിൽ പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നതിനുള്ള ആലോചനയാണ് കേന്ദ്ര നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്.
ആറുമാസം മുൻപ് കേരളത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞ അവസരത്തിൽ സംസ്ഥാനത്ത് പുതിയ പ്രസിഡണ്ടിനെ വെച്ചുകൊണ്ട് പുനസംഘടന നടത്തുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം ആലോചിച്ചതാണ്. എന്നാൽ പ്രസിഡൻറ് പദവിയിലേക്ക് പലരും രംഗത്ത് വരികയും അതിൻറെ പേരിൽ നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമാവുകയും ചെയ്തതോടെ ആലോചന മരവിപ്പിക്കുകയാണ് ഉണ്ടായത് .അന്ന് ആലോചന അവസരത്തിൽ എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ശോഭാസുരേന്ദ്രനും രാധാകൃഷ്ണനും പലതരത്തിലുള്ള ആരോപണങ്ങളിലും പരാതികളിലും പെട്ടതോടുകൂടി ആണ് പ്രസിഡണ്ടു കാര്യത്തിൽ ഒരു തീരുമാനത്തിലേക്ക് കേന്ദ്ര നേതൃത്വത്തിന് എത്തുവാൻ കഴിയാതത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡൻറ് ജെ. പി. നദ്ദയും, നേരത്തെ തന്നെ ശോഭാസുരേന്ദ്രനെ പ്രസിഡൻറ് ആക്കുന്ന കാര്യത്തിൽ യോജിപ്പിൽ എത്തിയിരുന്നതാണ്. നിയമസഭയിലേക്കും ലോകസഭയിലേക്കും പലതവണ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു എങ്കിലും ഒരിക്കൽ പോലും ശോഭാ സുരേന്ദ്രൻ വിജയിച്ചില്ല. എന്നാൽ യാതൊരു പരിചയവും ബന്ധവുമില്ലാത്ത മണ്ഡലങ്ങളിൽ പോലും സ്ഥാനാർത്ഥിയായി നിയോഗിച്ചുകൊണ്ട് ശോഭാസുരേന്ദ്രനെ പാർട്ടി മത്സരിപ്പിച്ചപ്പോൾ ആ മണ്ഡലങ്ങളിൽ എല്ലാം ഒരിക്കലും ഉണ്ടാകാത്ത വിധത്തിൽ വോട്ട് നേടി മുന്നിലെത്താൻ ശോഭാ സുരേന്ദ്രന് കഴിഞ്ഞിരുന്നു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച ശോഭാസുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയത് പാർട്ടിക്ക് വലിയ അഭിമാനമായി മാറുകയുണ്ടായി.
പാർട്ടിയിലെ എല്ലാ വിഭാഗം ആൾക്കാരെയും യോജിപ്പിച്ച് കൊണ്ടുപോകുവാനും, പ്രവർത്തകർക്കിടയിൽ രാപകൽ ഭേദമില്ലാതെ ഇറങ്ങിച്ചെന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കുവാനും, പ്രചാരണ രംഗത്ത് അത്ഭുതം സൃഷ്ടിക്കുവാനും പ്രത്യേക കഴിവുള്ള ഒരു നേതാവാണ് ശോഭ സുരേന്ദ്രൻ. പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ പലർക്കും ഇല്ലാത്ത നല്ല ശൈലിയിലുള്ള ഗംഭീരമായ പ്രസംഗവും ശോഭാസുരേന്ദ്രന്റെ സവിശേഷത ആണ്. ഇത്തരത്തിലുള്ള നേതൃഗുണങ്ങൾ കണ്ടു കൊണ്ടാണ് ദേശീയ നേതൃത്വം ശോഭ സുരേന്ദ്രനെ പ്രസിഡൻറ് പദവിയിലേക്ക് പരിഗണിച്ചത്.
ബിജെപി എന്ന പാർട്ടിയുടെ എല്ലാ ജില്ലയിലെയും നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ശോഭ സുരേന്ദ്രൻ. മാത്രവുമല്ല പാർട്ടിയുടെ മറ്റു പല സംസ്ഥാന നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ പാർട്ടിയുടെ ശക്തി കേന്ദ്രമായ ആർ എസ് എസ് മായി വലിയ അടുപ്പം പുലർത്തുന്ന ആൾ കൂടിയാണ് ശോഭാസുരേന്ദ്രൻ. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയിലേക്ക് ഉയർന്നു വരുന്നതിനു മുൻപ് ആർ എസ് എസിൻ്റെ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു ശോഭാ സുരേന്ദ്രൻ. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രസിഡൻറ് പദവിയിലേക്കുള്ള ശോഭയുടെ നിർദ്ദേശം കേരളത്തിലെ ആർ എസ് എസ് നേതാക്കളും പൂർണ്ണമനസ്സോടെ അംഗീകരിക്കും എന്നാണ് അറിയുന്നത്.
കേരളത്തിൽ ഒരു വർഷത്തിനുള്ളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ബിജെപി വലിയ പരിഗണനയോടെ കാണുന്നത്. പാർട്ടിയുടെ എല്ലാ പ്രദേശങ്ങളിലും ഉള്ള സാധാരണ പ്രവർത്തകർക്ക് അവസരം ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ നിലവിലുള്ളതിനേക്കാൾ വലിയതോതിൽ സീറ്റുകൾ നേടിയെടുക്കുവാനും മുന്നേറുവാനും കഴിഞ്ഞാൽ അത് പാർട്ടിയുടെ സാധാരണ പ്രവർത്തകരിൽ ഉണ്ടാക്കുന്ന ആവേശം വലിയതോതിൽആയിരിക്കും. ഇത്തരത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ 25% എങ്കിലും പാർട്ടിക്ക് വിജയിക്കുവാൻ കഴിഞ്ഞാൽ തീർച്ചയായും പിന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 15 സീറ്റ് എങ്കിലും നേടുവാൻ കഴിയും എന്ന ആത്മവിശ്വാസവും കേന്ദ്ര നേതാക്കൾക്ക് ഉണ്ട്. 2031 ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി കേരളത്തിൽ കൂടി ഭരണത്തിൽ എത്തുക എന്നതാണ് പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ബിജെപി എന്ന പാർട്ടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും വലിയ തോതിൽ ശക്തി നേടുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം ഭരണത്തിൽ എത്തുകയും ചെയ്തിട്ടും ദക്ഷിണേന്ത്യയിൽ കാര്യമായി വേരുറപ്പിക്കാൻ പാർട്ടിക്ക് കഴിയാത്തത് കേന്ദ്ര നേതൃത്വത്തിന് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളിൽകൂടി കേരളത്തിലും തമിഴ്നാട്ടിലും ചെറിയതോതിൽ എങ്കിലും സീറ്റുകൾ നേടി കഴിഞ്ഞാൽ ഇപ്പോൾ ദേശീയ പാർട്ടി ആണെങ്കിലും ദക്ഷിണേന്ത്യയിൽ കാലുകുത്താൻ കഴിയാത്ത പാർട്ടി എന്ന പേരുദോഷം മാറ്റുവാൻ കഴിയും എന്നതാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഈ കാര്യത്തിൽ ദേശീയ നേതൃത്വം വലിയ പ്രതീക്ഷ വയ്ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. കാരണം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പതിവിന് വിപരീതമായി പല മണ്ഡലങ്ങളിലും 20% ത്തോളം വോട്ടുകൾ നേടിയെടുക്കുവാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു .ഇതിനുപുറമെയാണ് ബിജെപി നേതാവും സിനിമാതാരവുമായ സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ ജയിക്കുകയും ചെയ്തത്. ഇത്തരത്തിലുള്ള അനുകൂലമായരാഷ്ട്രീയ സാഹചര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നേട്ടം ഉണ്ടാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പുതിയ സംസ്ഥാന പ്രസിഡൻറിൻ്റെ നിയമനവും സംസ്ഥാന ഘടകത്തിന്റെ പുനസംഘടനയുമാണ് ബിജെപിയുടെ കേന്ദ്രനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് നിലവിൽ കൂടുതൽ വലിയ പ്രതിഷേധങ്ങൾ ഇല്ലാത്ത ആൾ എന്ന നിലയിൽ ശോഭാസുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് ആക്കുന്നതിനുള്ള ധാരണയിലേക്ക് കേന്ദ്ര നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത് .