വിവാഹത്തിന് ഫോട്ടോയെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് ഫോട്ടോഗ്രാഫറെ സമീപിച്ചിരിക്കുകയാണ് യുവതി.

ദക്ഷിണാഫ്രിക്ക:  വിവാഹ മോചനം നേടുമ്പോൾ ജീവനാംശം ആവിശ്യപ്പെടുന്നത് നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഇവിടെ ഒരു യുവതി വിവാഹ മോചനം നേടിയെന്നും വിവാഹത്തിന് ഫോട്ടോയെടുക്കാന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് ഫോട്ടോഗ്രാഫറെ സമീപിച്ചിരിക്കുകയാണ്.യുവതിയും ഫോട്ടോഗ്രാഫറും തമ്മിലുള്ള വാട്ട്‌സ്‌ആപ്പ് ചാറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഈ വിചിത്ര സംഭവം.നിങ്ങള്‍ ഇപ്പോഴും എന്നെ ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. 2019 ല്‍ ഡര്‍ബനില്‍ നടന്ന എന്റെ വിവാഹത്തിന്റെ ഫോട്ടോ എടുത്തത് നിങ്ങളാണ്. അതിമനോഹരമായി വിവാഹ നിമിഷങ്ങള്‍ നിങ്ങള്‍ പകര്‍ത്തി. എന്നാല്‍ ഇപ്പോള്‍ എന്റെ ബന്ധം പിരിഞ്ഞു. വിവാഹ ചിത്രങ്ങള്‍ എനിക്കും എന്റെ മുന്‍ ഭര്‍ത്താവിനും ഇനി ആവശ്യമില്ല, അവ പാഴായി. ആയതിനാല്‍ ഞാന്‍ നല്‍കിയ തുക എനിക്ക് തിരികെ നല്‍കണം..”

ലാന്‍സ് റോമിയോ എന്ന ഫോട്ടോഗ്രാഫര്‍ വാട്‌സ്‌ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തമാശയാണെന്നാണ് ഫോട്ടോഗ്രാഫര്‍ ആദ്യം കരുതിയത്. എന്നാല്‍ സ്ത്രീ കാര്യമായാണ് പറയുന്നതെന്ന് പിന്നീട് മനസ്സിലാക്കി. വിവാഹമോചിതയായതിനാല്‍ റീഫണ്ടിന് അര്‍ഹതയുണ്ടെന്നാണ് യുവതിയുടെ വാദം. എന്നാല്‍ അസാധാരണമായ അഭ്യര്‍ത്ഥന ഫോട്ടോഗ്രാഫര്‍ നിരസിച്ചു.എന്നാല്‍ യുവതി വഴങ്ങിയില്ല. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നേരിട്ട് കാണണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇതും ഫോട്ടോഗ്രാഫര്‍ നിരസിച്ചു. അതേസമയം യുവതിയുടെ മുന്‍ ഭര്‍ത്താവ് ഫോട്ടോഗ്രാഫറുമായി ബന്ധപ്പെടുകയും സ്ത്രീക്ക് വേണ്ടി മാപ്പ് പറയുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇപ്പോള്‍ ആകെ ഫീസിന്റെ 70 ശതമാനമെങ്കിലും തിരികെ ലഭിക്കാന്‍ കേസെടുക്കാനൊരുങ്ങുകയാണ് യുവതി .