ഗൂഗിൾ സുരക്ഷാവീഴ്ച കണ്ടെത്തി; മലയാളിക്ക് ഒരു കോടി രൂപ സമ്മാനം
തിരുവനന്തപുരം: ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തിയതിന്, മലയാളിക്ക് ഒരു കോടിയിലേറെ രൂപ പാരിതോഷികം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ എൽ ശ്രീറാമാണ് ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി വൾനറബിലിറ്റി റിവാർഡ് പ്രോഗാം 2022ൽ 2,3,4 സ്ഥാനങ്ങൾ സ്വന്തമാക്കിയത്. 1,35,979 യുഎസ് ഡോളർ അതായത് ഏകദേശം 1.11 കോടി രൂപയാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്നതാണ് വൾനറബിലിറ്റി റിവാർഡ് പ്രോഗാം. ശ്രീറാമും സുഹൃത്ത് ശിവനേഷ് അശോകും ചേർന്ന് നാല് റിപ്പോർട്ടുകളാണ് ഇതിലേക്ക് അയച്ചത്. ഇതിൽ മൂന്നെണ്ണവും സമ്മാനാർഹമായി. സ്ക്വാഡ്രൺ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം. സൈബർ കടന്നുകയറ്റങ്ങളിൽ നിന്നും സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. ചെന്നൈ സ്വദേശിയാണ് ശിവനേഷ് അശോക്.