ട്വിറ്ററിന് പകരം “ത്രെഡ്സ്” അവതരിപ്പിച്ച് മെറ്റ
ട്വിറ്ററിനോടെതിരിടാൻ ത്രെഡ്സ് അവതരിപ്പിച്ച് മെറ്റ. ഇന്നു രാവിലെയായിരുന്നു ത്രെഡ്സിന്റെ ലോഞ്ചിങ്. ആദ്യ ഏഴ് മണിക്കൂറുകൊണ്ട് പത്ത് ലക്ഷം ഉപഭോക്താക്കള്‍ അക്കൗണ്ട് ആരംഭിച്ചുവെന്ന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് . ട്വിറ്ററിന് സൗഹാര്‍ദ്ദപരമായ ഒരു എതിരാളിയായിരിക്കും ത്രെഡ്സ് എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
വളരെ ലളിതമായൊരു ഡിസൈനാണ് മെറ്റ ത്രെഡ്സിനായി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായി ത്രെഡ്സ് മാറുമെന്നും, താമസിയാതെ 1 ബില്ല്യന്‍ ഉപയോക്താക്കളെ കിട്ടുമെന്നും സക്കർബർഗ് പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനിടെ മെറ്റയുടെ കുടക്കീഴിലുള്ള ത്രെഡ്സ്, ഉപയോക്താക്കളിൽ നിന്ന് ആവശ്യത്തിലധികം വിവരങ്ങൾ ശേഖരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോഴ്സി രംഗത്തെത്തിയിരുന്നു . ഉപയോക്താക്കളുടെ ധനകാര്യവിവരങ്ങൾ, വ്യക്തിവിവരങ്ങൾ, ബ്രൗസിങ് ഹിസ്റ്ററി, സേർച് ഹിസ്റ്ററി, ലൊക്കേഷൻ തുടങ്ങിയ വിപുലമായ വിവരശേഖരണമാണ് ത്രെഡ്സ് നടത്തുന്നതെന്ന് സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടും ഡോർസി പങ്കുവച്ചു. ട്വിറ്ററിന്റെ ഇപ്പോഴത്തെ ഉടമ ഇലോൺ മസ്ക് അത് ശരിവയ്ക്കുകയും ചെയ്തു.
പ്രതിസന്ധി നേരിടുന്ന ട്വിറ്ററിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന അവസരം നോക്കിയാണ് ഇൻസ്റ്റഗ്രാം ത്രെഡ്സ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് . ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കാണ് പ്രാധാന്യമെങ്കിൽ ത്രെഡ്സിൽ വാക്കുകളാണ് മുഖ്യം. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെത്തന്നെ ത്രെഡ്സിലും ഫോളോ ചെയ്യുകയുമാകാം.ഇന്ത്യ ഉള്‍പ്പടെ 100 ലേറെ രാജ്യങ്ങളില്‍ ത്രെഡ്സ് ലഭിക്കും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും. ട്വിറ്ററില്‍ അടുത്തിടെയുണ്ടായ മാറ്റങ്ങളില്‍ അസ്വസ്ഥരായ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ത്രെഡ്സിന് സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.