ന്യൂയോര്‍ക്കില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്
ന്യൂയോർക്ക് : മാൻഹാട്ടനില്‍ കൂറ്റൻ കണ്‍സ്ട്രക്ഷൻ ക്രെയിൻ തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്കേറ്റു. 16 ടണ്‍ കോണ്‍ക്രീറ്റ് വഹിച്ചിരുന്ന ക്രെയിനില്‍ തീപിടിച്ചതിനെത്തുടര്‍ന്ന് പൊട്ടിവീഴുകയായിരുന്നു.
ക്രെയിനിന്‍റെ കൈ ആഞ്ഞുവീശി സമീപത്തെ കെട്ടിടത്തിന്‍റെ ചില്ല് തകര്‍ത്ത ശേഷമാണ് നിലത്തേക്ക് പതിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ(പ്രാദേശിക സമയം) ആണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെസ്റ്റ് മാൻഹാട്ടൻ പത്താം അവന്യുവിലെ സ്ട്രീറ്റ് 41-ലാണ് അപകടം നടന്നത്. ബഹുനിലക്കെട്ടിടത്തിന്‍റെ 45-ാം നിലയിലേക്ക് കോണ്‍ക്രീറ്റ് കൊണ്ടുപോയ ക്രെയിനാണ് തകര്‍ന്നുവീണത്. ക്രെയിനിലുണ്ടായ തീപിടത്തം മൂലം കേബിള്‍ ചൂടായി കത്തിനശിച്ച് ക്രെയിൻ പൊട്ടിവീഴുകയായിരുന്നു.
തീപിടിത്തം ആരംഭിച്ചയുടൻ ക്രെയിൻ ഓപ്പറേറ്റര്‍ തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സമീപ കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് അഗ്നിരക്ഷാ സേന ക്രെയിനിലേക്ക് വെള്ളം സ്പ്രേ ചെയ്തെങ്കിലും ക്രെയിൻ പൊട്ടിവീണു.