പ്രശസ്ത ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ കെ. രവീന്ദ്രനാഥ് അന്തരിച്ചു

കൊല്ലം: മലയാള സിനിമയ്ക്ക് ലോകസിനിമയിൽ ഇടം നേടിക്കൊടുത്ത ഒരുപിടി ചിത്രങ്ങളുടെ നിർമാതാവ് കെ. രവീന്ദ്രനാഥ് (90) അന്തരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. ആകെ നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്.
1967-ൽ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു ജനറൽ പിക്‌ചേഴ്‌സ് ആരംഭിച്ചത്. പി.ഭാസ്കരൻ ആയിരുന്നു സംവിധാനം. 68-ൽ ‘ലക്ഷപ്രഭു’, 69-ൽ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്കരൻ ജനറൽ പിക്‌ചേഴ്‌സിനുവേണ്ടി സംവിധാനം ചെയ്തു. 73-ൽ എ.വിൻസെന്റിന്റെ ‘അച്ചാണി’, 77-ൽ ‘കാഞ്ചനസീത’, 78-ൽ ‘തമ്പ്’, 79-ൽ ‘കുമ്മാട്ടി’ 80-ൽ ‘എസ്തപ്പാൻ’, 81-ൽ ‘പോക്കുവെയിൽ’ എന്നീ ചിത്രങ്ങൾ അരവിന്ദൻ ഒരുക്കി. 82-ൽ എം.ടി.വാസുദേവൻ നായർ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ൽ ‘മുഖാമുഖം’, 87-ൽ ‘അനന്തരം’, 94-ൽ ‘വിധേയൻ’ എന്നീ ചിത്രങ്ങൾ അടൂർ ഗോപാലകൃഷ്ണനും സാക്ഷാത്‌കരിച്ചു.

ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയിൽ പിന്നണിയിൽ പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ദാനിയേൽ പുരസ്കാരം നേടിയ രവീന്ദ്രനാഥൻ നായർ ദേശീയ ചലചിത്ര അവാർഡ് കമ്മിറ്റി അംഗമായും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗമായും ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിൽ പബ്ളിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, സോപാനം കലാകേന്ദ്രം, ചിൽഡ്രൻസ് ലൈബ്രറി, ആർട്ട് ഗാലറി, ബാലഭവൻ കെട്ടിടം, തിയേറ്ററുകൾ അങ്ങനെ പോകുന്നു ആ മുദ്രകൾ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ എന്നിവരാണ് മക്കൾ. രാജശ്രീ, സതീഷ്‌നായർ, പ്രിയ എന്നിവർ മരുമക്കളും.