ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ മുഖ്യ ഘടക കക്ഷികളും കമ്മ്യൂണിസ്റ്റ് പാർട്ടികളുമാണ് സിപിഐയും സിപിഎമ്മും. ഈ രണ്ടു പാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ തുറന്നുപറഞ്ഞ വാചകങ്ങൾ കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകൾക്കിടയിൽ വലിയ ചർച്ചയ്ക്ക് ഇടവരുത്തിയിരിക്കുന്നു. രണ്ടു പാർട്ടികളുടെയും ട്രേഡ് യൂണിയനുകളിൽ അംഗങ്ങൾ ആയിട്ടുള്ള തൊഴിലാളികൾ പാർട്ടിയോട് കൂറു കാണിക്കാതെ അകന്നു മാറിക്കൊണ്ടിരിക്കുന്നു എന്ന ആശങ്കയാണ് രണ്ടു നേതാക്കളും പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ട്രേഡ് യൂണിയനുകളിൽ അംഗങ്ങൾ ആയിട്ടുള്ള ആൾക്കാർ ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്നുവെങ്കിൽ ഇടതുമുന്നണി വലിയ വിജയത്തിൽ എത്തുമായിരുന്നു എന്നും ഈ തെരഞ്ഞെടുപ്പിൽ അത് ഉണ്ടായില്ല എന്നും ആണ് നേതാക്കൾ വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റ് തൊഴിലാളി വർഗ്ഗം പാർട്ടി ബന്ധം ഉപേക്ഷിച്ച് വോട്ട് മാറി ചെയ്യുന്ന സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും ഇത് തടയാൻ കഴിഞ്ഞില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കാര്യമായ ആഘാതം ഉണ്ടാകും എന്നുമാണ് രണ്ടു നേതാക്കളും അഭിപ്രായപ്പെടുന്നത്.
സിപിഎമ്മിന്റെ കേന്ദ്രീകൃത ട്രേഡ് യൂണിയൻ ആണ് സി ഐ ടി യു കേന്ദ്ര ട്രേഡ് യൂണിയനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി സംഘടനകൾ ആണ് സിപിഎമ്മിന്റെ തണലിൽ പ്രവർത്തിച്ചുവരുന്നത്. തൊഴിലാളി സംഘടനകളും സർവ്വ സംഘടന അംഗങ്ങളും ഉൾപ്പെടെ 12 ലക്ഷത്തോളം അംഗസംഖ്യയുള്ള തൊഴിലാളി സംഘടനകൾ ആണ് സിഐടിയു വിനു കീഴിൽ പ്രവർത്തിച്ചുവരുന്നത്. അതുപോലെതന്നെ മറ്റൊരു കമ്മ്യൂണിസ്റ്റ് പാർട്ടിയായ സിപിഐയുടെ കേന്ദ്ര ട്രേഡ് യൂണിയൻ എ ഐ ടി യു സി ആണ്. ഈ കേന്ദ്ര സംഘടന അഫിലിയേറ്റ് ചെയ്ത പ്രവർത്തിക്കുന്ന സംഘടനകളുടെ അംഗസംഖ്യ ഏതാണ്ട് നാല് ലക്ഷത്തിലധികം വരും. അപ്പോൾ രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടെ പ്രവർത്തകർ വോട്ട് ചെയ്തിരുന്നെങ്കിൽ തന്നെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വലിയ വിജയം നേടുവാൻ കഴിയുമായിരുന്നു എന്നാണ് സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും സിപിഐ സെക്രട്ടറി ബിനോയ് വിശ്വവും തുറന്നു പറഞ്ഞിരിക്കുന്നത്.
രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും തൊഴിലാളി സംഘടനകളുടെ സമ്മേളനങ്ങൾക്കിടയിലാണ് രണ്ടു നേതാക്കളും ട്രേഡ് യൂണിയനുകളിൽ നിന്നും അംഗങ്ങൾ കൊഴിഞ്ഞു പോകുന്നതിന്റെ ഗൗരവം തുറന്നു പറഞ്ഞത്. എന്നാൽ ഈ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്ന തൊഴിലാളി യൂണിയനുകളുടെ നേതാക്കൾ വിശദീകരിച്ചത് മറ്റുചില യാഥാർത്ഥ്യങ്ങൾ ആയിരുന്നു. രണ്ടാം പിണറായി സർക്കാരിൻറെ പ്രവർത്തനങ്ങളിൽ തൊഴിലാളി വർഗ്ഗം ഒന്നടങ്കം പ്രതിഷേധത്തിലാണ് എന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയത്.
കേരളത്തിലെ പരമ്പരാഗത തൊഴിൽമേഖലകൾ എല്ലാം തകർന്നു കിടക്കുകയാണ്. കയർ കശുവണ്ടി മത്സ്യബന്ധനം ഖാദി കെട്ടിട നിർമ്മാണം തുടങ്ങിയ എല്ലാ മേഖലയിലും തൊഴിലാളികൾ ജീവിത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളി വർഗ്ഗം നിറഞ്ഞുനിൽക്കുന്ന ഒരു തൊഴിൽ മേഖലയും സംരക്ഷിക്കാൻ സർക്കാരിന് കഴിയാതെ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ സമസ്ത മേഖലയിലും തൊഴിൽ രംഗത്ത് പ്രവർത്തിക്കുന്നവർ സർക്കാർ വിരുദ്ധ മനോഭാവത്തിൽ എത്തിയിരിക്കുന്നു. ഈ യാഥാർത്ഥ്യം കണ്ടറിയാതെ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല എന്നാണ് ട്രേഡ് യൂണിയൻ നേതാക്കൾ പാർട്ടി സെക്രട്ടറിമാരോട് വിശദീകരിച്ചത്. മാത്രവുമല്ല പല ഘട്ടങ്ങളിലായി തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. എങ്കിലും അനുകൂലമായ ഒരു നടപടിയും ഭരണരംഗത്ത് നിന്ന് ഉണ്ടാകാതെ വരുന്നതാണ് തൊഴിലാളിവർഗ്ഗം പാർട്ടി കൂറ് മാറ്റിവെച്ച് മറ്റു ചിന്തകളിലേക്ക് വഴിമാറാൻ കാരണം എന്നും നേതാക്കൾ പറഞ്ഞു.
ഏതായാലും ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായ കനത്ത തോൽവി കാര്യമായി ബാധിച്ചിരിക്കുന്നത് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളെയും ആണ്. പാർട്ടിയിൽ നേതൃത്വവും മന്ത്രിമാരും ജനങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും അകന്നു മാറിയിരിക്കുന്നു എന്നും തൊഴിലാളി വർഗ്ഗത്തിൻറെ ആവശ്യങ്ങൾക്കു മുമ്പിൽ കണ്ണടച്ചിരിക്കുന്നു എന്നും കൃത്യമായി കണക്കുകൾ നിരത്തി ട്രേഡ് യൂണിയനുകൾ വിഷയം അവതരിപ്പിച്ചപ്പോൾ സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാർക്ക് ഉത്തരം മുട്ടുന്ന സാഹചര്യമാണ് ഉണ്ടായത്. എന്ത് ന്യായങ്ങൾ പാർട്ടി സെക്രട്ടറിയും നേതാക്കളും പറഞ്ഞാലും സർക്കാർ വിരുദ്ധ വികാരം കേരളത്തിൻറെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്.
പൊതുസമൂഹത്തിന്റെ മുഖ്യ പങ്കായി കാണാൻ കഴിയുക തൊഴിലാളി വർഗ്ഗത്തെയാണ്. ഈ തൊഴിലാളികൾ പലതരത്തിലുള്ള ജീവിത ദുരിതങ്ങൾ നേരിടുന്നതുകൊണ്ട് ആയുഷ്കാലം മുഴുവൻ കയ്യിലേന്തിയ ചെങ്കൊടി താഴെ വെക്കാൻ തയ്യാറായിരിക്കുന്നു എന്നതാണ് വാസ്തവം. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നേതാക്കന്മാർ പങ്കാളികളായി നടന്നുകൊണ്ടിരിക്കുന്ന വലിയ തോതിലുള്ള വ്യാപകമായ സാമ്പത്തിക തട്ടിപ്പുകളും അഴിമതിയും കോഴയും എല്ലാം താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരിൽ നിരാശ ഉണ്ടാക്കി കഴിഞ്ഞു. ജീവനുതുല്യം കണ്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളും ആശയങ്ങളും പൂർണമായും നാശത്തിന്റെ വഴിയിൽ വീണതായി തൊഴിലാളി വർഗ്ഗം ചിന്തിക്കുന്നുണ്ട്. മറ്റു പാർട്ടികളിലേക്ക് ഇവർ മാറിയില്ല എങ്കിലും പാർട്ടി പ്രവർത്തനങ്ങളിലും പാർട്ടിക്ക് വേണ്ടി സമയം ചെലവഴിക്കുന്നതിലും ഇവർ മടി കാണിച്ചു കൊണ്ടിരിക്കുകയാണ്. നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്ന സഖാക്കൾ ആയ നേതാക്കന്മാരുടെ സാമ്പത്തിക തട്ടിപ്പ് കഥകൾ ജനങ്ങൾ തുറന്നു ചോദിക്കുമ്പോൾ ഉത്തരം പറയാൻ കഴിയാത്ത ഗതികേടിലാണ് സാധാരണ പാർട്ടി പ്രവർത്തകർ എത്തിയിരിക്കുന്നത്.
കേരള സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടിയും സിപിഐ എന്ന പാർട്ടിയും ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെ നേരിടുന്നു എന്നതാണ് വാസ്തവം. ജനസമൂഹം പൊതുവായി പറയുന്ന വിഷയങ്ങൾ സത്യസന്ധമായി പഠിച്ചു കൊണ്ട് തെറ്റ് തിരുത്താൻ തയ്യാറായില്ല എങ്കിൽ രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും കൂടുതൽ കൂടുതൽ തകർച്ചയിലേക്ക് വീഴുന്ന സാഹചര്യം ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.