ഇത്തരത്തിൽ ഒരു ചതിയും വഞ്ചനയും തൃശ്ശൂരുകാർ മാത്രമല്ല കേരളത്തിലെ ഒരു മലയാളിയും പ്രതീക്ഷിച്ചില്ല. കേരളത്തിൽ ബിജെപി എന്ന പാർട്ടിക്ക് കാലുകുത്താൻ കഴിയാതിരുന്ന കാലമാണ് കടന്നുപോയത്. ഈ തെരഞ്ഞെടുപ്പിലാണ് തൃശ്ശൂരിൽ നിന്നും വില്ലാളിവീരനായ ചലച്ചിത്രതാരം സുരേഷ് ഗോപി ബിജെപിക്ക് കേരളത്തിൽ ഇരിപ്പിടം ഉണ്ടാക്കി ജയിച്ചു പോയത്. കേരളത്തിലെ രാഷ്ട്രീയ കെങ്കേമന്മാരായ ഇടതുമുന്നണിയെയും കോൺഗ്രസ് മുന്നണിയെയും മലർത്തിയടിച്ചാണ് സുരേഷ് ഗോപി തൃശ്ശൂർ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചത്.
ബിജെപിക്കാർ മാത്രമല്ല തൃശ്ശൂരിലെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും വരെ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിരുന്നു. സുരേഷ് ഗോപി മിടുക്കൻ ആണെന്നും ജയിച്ചു പോയാൽ മോദി സർക്കാരിൽ മന്ത്രിയാകുമെന്നും അതോടുകൂടി തൃശ്ശൂരിന്റെ ഇന്നത്തെ രൂപം എല്ലാം മാറിമറിയും എന്നും ഒക്കെയുള്ള പ്രതീക്ഷ അവിടുത്തെ പാവം ജനങ്ങൾക്ക് ഉണ്ടായിരുന്നു. തൃശ്ശൂരിൽ ജയിച്ച് ഡൽഹിക്ക് വിമാനം കയറിയ സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാത്തിരുന്നവരാണ് മലയാളികൾ. അവിടെ ചെന്നപ്പോൾ ആണ് രണ്ടാം തരം മന്ത്രിയാണ് എന്ന കാര്യം അറിയുന്നത്. ഇതിൻറെ പേരിൽ സുരേഷ് ഗോപി കുറച്ചുനേരം മുഖം കുനിച്ച് ഇരിക്കുകയൊക്കെ ചെയ്തെങ്കിലും ഒടുവിൽ കിട്ടിയത് ആകട്ടെ എന്ന് കരുതി സഹമന്ത്രിയുടെ കസേരയിൽ കയറിയിരുന്നു സത്യപ്രതിജ്ഞകഴിഞ്ഞ്
കേരളത്തിൽ കാലുകുത്തിയപ്പോൾ കേന്ദ്രത്തിൽ നിന്നും വലിയ ആനുകൂല്യങ്ങളുടെ കുത്തിയൊഴുക്ക് ഉണ്ടാകും എന്നും ആ ഒഴുകിവരുന്ന കേന്ദ്ര പദ്ധതികളുടെ മുന്നിൽ എയിംസ് എന്ന സ്ഥാപനവും ഉണ്ടാകും എന്നൊക്കെ മന്ത്രിയായ സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഏതായാലും പുതിയ മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ധനകാര്യ മന്ത്രി അവതരിപ്പിച്ചു. ഇപ്പോൾ വരും കേരള വണ്ടി എന്നൊക്കെ ഓർത്ത് കാത്തിരുന്ന അവരെല്ലാം നിരാശരായി ഒന്നരമണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ കേരളം എന്ന ഒരു വാക്ക് പോലും ധനമന്ത്രി പറഞ്ഞില്ല. ബജറ്റ് അവതരണം ഒക്കെ കഴിഞ്ഞപ്പോൾ യഥാർത്ഥത്തിൽ നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്തവരായി മാറിയത് കേരളത്തിലെ ബിജെപി നേതാക്കളാണ്. പാർട്ടിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയുകയും കേരളത്തിൽ നിന്നും രണ്ടു മന്ത്രിമാർ ഉണ്ടാവുകയും ചെയ്തപ്പോൾ നേരത്തെ കിട്ടിക്കൊണ്ടിരുന്ന കഞ്ഞിയും പയറും പോലുമില്ലാതെ ഇല്ലാതായ സ്ഥിതിയാണ് ഉണ്ടായത്. ഈ ഗതികേടിൽ നാട്ടുകാർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയും എന്ന് പിടികിട്ടാതെ വലയുകയാണ് ഇവിടുത്തെ ബിജെപി നേതാക്കൾ.
ലോകം മുഴുവൻ ഒഴുകിയെത്തുന്ന തൃശൂർ പൂരത്തിന്റെ നാട്ടിൽ നിന്നാണ് സുരേഷ് ഗോപി ജയിച്ചു പോയി മന്ത്രിയായത്. ആ തൃശ്ശൂരിൽ നിരന്നു നിൽക്കുന്ന ആനകൾ പൂരത്തിന്റെ പെരുമ കാണിച്ചിരുന്നു എങ്കിൽ അവിടെ നിന്നും ജയിച്ചു പോയ സാക്ഷാൽ ഗജവീരൻ സുരേഷ് ഗോപി വിചാരിച്ചിട്ട് ഒരു കുഴിയാന പോലും പൂരപ്പറമ്പിൽ എത്തിയില്ല എന്നതാണ് സങ്കടകരം. മൂന്ന് നൂറ്റാണ്ടുകൾ എങ്കിലും കഴിഞ്ഞിട്ടുണ്ട് കേരളം ഒരു എയിംസ് സ്ഥാപനത്തിൻറെ ആവശ്യവുമായി കേന്ദ്രസർക്കാരിൻറെ പിറകെ നടക്കാൻ തുടങ്ങിയിട്ട്. ലോട്ടറി വില്പനക്കാരൻ പറഞ്ഞു നടക്കുന്നതുപോലെ ഇന്നാണ് നാളെയാണ് എന്നൊക്കെ പല പാർട്ടി നേതാക്കളും മന്ത്രിമാരും പറഞ്ഞിട്ടുണ്ടെങ്കിലും സംഗതി ഒന്നും നടന്നില്ല എന്നതാണ് വാസ്തവം.
ഈ ബജറ്റ് അവസരത്തിലും കേരളത്തിൽ നിന്നും ഇത്തരത്തിൽ ആവശ്യങ്ങൾ ഉന്നയിക്കാഞ്ഞിട്ടല്ല. കിട്ടാതെ പോയത് 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുക വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നൽകേണ്ട 5000 കോടി അനുവദിക്കുക എയിംസ് ആശുപത്രി അനുവദിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിൽ നിന്നുള്ള എംപിമാരും സംസ്ഥാന സർക്കാരും എത്രയോ മുൻപുതന്നെ സർക്കാരിന് അപേക്ഷകൾ കൈമാറിയിട്ടുള്ളതായിരുന്നു.
ദേശീയ പ്രതിപക്ഷ പാർട്ടികൾ പറയുന്നതുപോലെ രാജ്യത്തിൻറെ ആയുസ്സും ആരോഗ്യവും സംരക്ഷിക്കാൻ അല്ല. സർക്കാരിൻറെ ആയുസ്സും ആരോഗ്യവും സംരക്ഷിക്കാൻ വേണ്ടിയുള്ള ബജറ്റ് ആണോ കേന്ദ്രമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. അതല്ല എങ്കിൽ ഈ ബജറ്റിൽ ആകെ പരിഗണന ലഭിച്ചത് ആന്ധ്രപ്രദേശ് ബീഹാർ സംസ്ഥാനങ്ങൾക്ക് ആണ്. ഈ രണ്ടു സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന തെലുങ്കുദേശം പാർട്ടിയും ജെ.ഡി.യു പാർട്ടിയും ആണ് മോദി സർക്കാരിനെ പിന്തുണച്ച് രക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ആ പാർട്ടികൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം വലിയ പരിഗണന നൽകുവാൻ പ്രധാനമന്ത്രി തന്നെ ഇടപെട്ടു എന്നതായിരിക്കണം കാരണം.
സർക്കാർ കേന്ദ്രത്തിൽ അധികാരം ഏറ്റിട്ട് രണ്ടുമാസം ആയിട്ടേ ഉള്ളൂ. അതിനിടയിലാണ് പുതിയ സർക്കാരിൻറെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബജറ്റിൽ കേരളം മാത്രമല്ല തമിഴ്നാട് സർക്കാരും പൂർണമായ അവഗണനയാണ് നേരിട്ടത്. ബിജെപി ശക്തമല്ലാത്ത സംസ്ഥാനങ്ങളെ അവഗണനയോടെ കാണുക എന്ന സർക്കാർ നിലപാടാണ് ബജറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. ഏതായാലും കേരളത്തിൽ നിന്നും പുതിയ സർക്കാരിൽ ബിജെപി പ്രതിനിധികളായി രണ്ടു മന്ത്രിമാർ ഉണ്ടായിട്ടുപോലും കേരളത്തിന് നയാ പൈസയുടെ നേട്ടം ഉണ്ടാക്കാൻ കഴിയാതെ പോയത് നാണക്കേട് തന്നെയാണ്. കഴിഞ്ഞകാലം അത്രയും ബിജെപിയുടെ കേരള നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നത് ഞങ്ങളുടെ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധിയെ തരൂ കേന്ദ്രസർക്കാർ കേരളത്തിന് എല്ലാം വാരിക്കോരി തരും എന്നൊക്കെയാണ് ഇത്തരത്തിൽ വീരവാദം മുഴക്കിയ കേരളത്തിലെ ബിജെപി നേതാക്കൾ എല്ലാരും തന്നെ ബജറ്റ് പുറത്തുവന്നശേഷം നാണക്കേടുകൊണ്ട് മാളത്തിൽ ഒളിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.