ലോകസഭാ തിരഞ്ഞെടുപ്പിൽ അത്ഭുതകരമായ വിജയം നേടിയ കോൺഗ്രസ് പാർട്ടിയും യുഡിഎഫും ആ അനുകൂല സാഹചര്യങ്ങൾ നിലനിർത്തി ഭാവി തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കുക എന്നതെല്ലാം മറന്ന് തമ്മിലടിക്കുന്ന കാഴ്ചകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മുതിർന്ന നേതാവ് കെ മുരളീധരന്റെ വലിയ തോൽവിക്ക് ശേഷം കോൺഗ്രസ് പാർട്ടിയുടെ തൃശ്ശൂർ ജില്ലാ ഘടകത്തിൽ തുടങ്ങിയ ചേരിതിരിവുകളും ഗ്രൂപ്പ് തർക്കങ്ങളും സംഘർഷവും ഇപ്പോഴും അവസാനിക്കാതെ തുടരുകയാണ്. ഇതിനിടയിലാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യുഡിഎഫ് ബന്ധം ഉലയുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പാർട്ടിയുടെ 5 കൗൺസിലർമാർ യുഡിഎഫ് വിട്ട് സിപിഎമ്മിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുകയും എൽഡിഎഫ് സ്ഥാനാർഥി ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്ത സാഹചര്യം ഉണ്ടായത്. ഇതേ തുടർന്ന് മുനിസിപ്പൽ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും മുസ്ലീം ലീഗ് പ്രവർത്തകരും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും പോലീസിന് ഇടപെടേണ്ടി വരുകയും ചെയ്ത സ്ഥിതിയും ഉണ്ടായി. സംഭവത്തിനുശേഷം തൊടുപുഴയിൽ ആരം
ഭിച്ച കോൺഗ്രസ് ലീഗ് സംഘർഷം ജില്ലാതലത്തിൽ വ്യാപിച്ചിരിക്കുകയാണ്. അവിടെ മാത്രമല്ല സമീപ ജില്ലകളായ കോട്ടയത്തും, പത്തനംതിട്ടയിലും വരെ കോൺഗ്രസ് ലീഗ് ബന്ധത്തിന് വിള്ളൽ ഉണ്ടായതായി വാർത്തകൾ പുറത്തുവരുന്നുണ്ട്
തൊടുപുഴ മുൻസിപ്പൽ ചെയർമാൻ തിരഞ്ഞെടുത്ത് യുഡിഎഫിനെ തഴഞ്ഞ് സിപിഎമ്മിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് ചതിയൻ ചന്തുവിനെ ഏർപ്പാടാണ് കാണിച്ചത് എന്ന് ഇടുക്കി ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സിപി മാത്യു പരസ്യമായി പ്രസ്താവിച്ചതോടുകൂടിയാണ് സംഘർഷം രൂക്ഷമായത്.ഇത് മാത്രമല്ല ഇടുക്കിയിൽ യുഡിഎഫിൽ മുസ്ലിംലീഗ് പാർട്ടിയുമായി കോൺഗ്രസ് സഹകരിക്കുന്ന പ്രശ്നമേ ഇല്ല എന്നും ഏതു നേതൃത്വം ഇടപെട്ടാലും കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനം തകർത്ത മുസ്ലിം ലീഗ് നിലപാടിനോട് ഇനി അയവ് കാണിക്കുന്ന പ്രശ്നമേ ഇല്ല എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് പാർട്ടിക്ക് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കനത്ത തിരിച്ചടി നൽകുമെന്നും ജില്ലാ കോൺഗ്രസ് പ്രസിഡൻറ് തുറന്നടിച്ചു.
ഇടുക്കി ജില്ലയിൽ കോൺഗ്രസ് നേതൃനിരയിൽ മുസ്ലീംലീഗിനെതിരായ നീക്കങ്ങൾ ഒറ്റക്കെട്ടായി നടത്തിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിൽ ഗ്രൂപ്പ് തർക്കങ്ങളും മറ്റും നിലനിന്നിരുന്നു എങ്കിലും മുസ്ലിംലീഗ് വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ എല്ലാവരും ഒരുമിച്ചു നിന്ന് പ്രതിഷേധിക്കുന്നു എന്നാണ് അവിടെനിന്നും വരുന്ന വാർത്തകൾ. കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റി യോഗം ചേർന്നു മുസ്ലിംലീഗിനെ തള്ളിപ്പറയുന്ന സാഹചര്യവും ഉണ്ടായി.
ഇടുക്കിയിലെ കോൺഗ്രസ് ലീഗ് ബന്ധത്തിൽ ഉണ്ടായിട്ടുള്ള തകർച്ച പരിഹരിക്കുന്നതിന് മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഇതൊന്നും കാര്യമായി പരിഗണിച്ചിട്ടില്ല. മാത്രവുമല്ല മുസ്ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശം പോലും ഇടുക്കി ജില്ലയിലെ മുസ്ലിം ലീഗ് നേതാക്കൾ തള്ളിക്കളഞ്ഞത് കോൺഗ്രസിനെ വലിയ പ്രതിഷേധത്തിൽ നിലനിർത്തുന്നുണ്ട്.
കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏതുകാലത്തും പാർട്ടിക്കകത്തുള്ള തലവേദനകൾ പ്രശ്നമായി മാറാറുണ്ട്. എന്നാൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗ് എപ്പോഴും കോൺഗ്രസ് പാർട്ടിയുമായി പരിപൂർണ്ണ സഹകരണത്തിൽ മുന്നോട്ട് നീങ്ങുന്ന സാഹചര്യമാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇടുക്കി ജില്ലയിൽ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ ലീഗിൻറെ സംസ്ഥാന നേതൃത്വത്തിന് കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
കോൺഗ്രസ് പാർട്ടി ആണെങ്കിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഉണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയാത്ത സ്ഥിതിയിൽ നിൽക്കുമ്പോഴാണ് ഇടുക്കിയിൽ നിന്നും യുഡിഎഫ് ബന്ധം പോലുംതകരുന്ന പുതിയ പ്രതിസന്ധി വന്നുചേർന്നിരിക്കുന്നത്. മാത്രവുമല്ല വയനാട്, പാലക്കാട്, ചേലക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അവിടെ കോൺഗ്രസ് സ്ഥാനാർഥികളെ കണ്ടെത്തുന്നതു തന്നെ വലിയ തലവേദനയായി നിലനിൽക്കുകയാണ്. നിരവധി നേതാക്കളാണ് സ്ഥാനാർത്ഥി മോഹവുമായി രംഗത്ത് വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള തലവേദനകൾ തുടരുന്നതിനിടയിലാണ് ഇടുക്കി വിഷയം കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.