തിരിച്ചടികൾ തുടർന്നാൽ കോൺഗ്രസ് പഴയ ഗതിയിലാകും.

സ്നേഹത്തിൻറെ കട മാത്രമല്ല വികസനത്തിന്റെ കടയും തുറക്കണം

റുമാസം മുമ്പ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും പാർട്ടി നേതൃത്വം കൊടുത്ത ഇന്ത്യ മുന്നണിയും കാര്യമായ തിരിച്ചുവരവ് നേടിയതാണ്. എന്നാൽ അതേ വിജയവും കരുത്തും നിലനിർത്തി മുന്നോട്ടു പോകാൻ കഴിയാതെ വരുന്നു എന്നത് കോൺഗ്രസ് പ്രവർത്തകരിൽ മാത്രമല്ല പൊതുജനങ്ങളിൽ തന്നെ നിരാശ ഉണ്ടാക്കുന്നുണ്ട്. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചവരാണ് ഇന്ത്യൻ ജനത. നരേന്ദ്രമോദിയുടെ ഭരണവും ബിജെപിയുടെ ജനദ്രോഹ നിലപാടുകളും അത്രകണ്ട് ജനങ്ങളെ ആശങ്കയിൽ എത്തിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ് പാർട്ടി വീണ്ടും തകർച്ചയിലേക്കും തളർച്ചയിലേക്കും വീഴുന്നതിന്റെ തെളിവുകളാണ് കാണുന്നത്.

മാസങ്ങൾക്കു മുൻപ് ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന പ്രതീക്ഷിച്ചിരുന്നു എങ്കിലും ഫലം പുറത്തുവന്നപ്പോൾ മറിച്ചാണ് സംഭവിച്ചത്. പാർട്ടിക്ക് വലിയ തിരിച്ചടിയാണ് അവിടെ നേരിടേണ്ടി വന്നത്. ഇപ്പോൾ അതിനു ശേഷം ഇന്ത്യയിലെ സുപ്രധാന സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസിന്റെ അവസ്ഥ കൂടുതൽ മോശമാകുന്ന അനുഭവമാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ നിലവിൽ അധികാരത്തിൽ ഉണ്ടായിരുന്ന ബിജെപി പണം വാരിയെറിഞ്ഞ് മറ്റു പാർട്ടികളിൽ പിളർപ്പ് ഉണ്ടാക്കുകയും നിരവധി എം എൽ എ മാരെ വിലയ്ക്കുവാങ്ങുകയും ഒക്കെ ചെയ്തു എന്ന ആരോപണം സ്ഥിരമായി നിലനിന്നിരുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള രാഷ്ട്രീയ നെറികേടുകൾ തെരഞ്ഞെടുപ്പ് രംഗത്ത് കാര്യമായി ഏശിയില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തോൽവി എന്ന് പറഞ്ഞാൽ വലിയ തോൽവിയാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് ഏറ്റുവാങ്ങിയത്. കോൺഗ്രസ് മാത്രമല്ല ഒപ്പം നിന്നിരുന്ന മറ്റു പല പ്രധാന പാർട്ടികളും കനത്ത തോൽവിയിൽ തകിടം മറിഞ്ഞു, ശരത് പവർ നേതൃത്വം കൊടുത്ത എൻ സി പി എന്ന പാർട്ടി തകർന്നു തരിപ്പണമായി, കോൺഗ്രസ് മുന്നണി യഥാർത്ഥത്തിൽ പ്രതിപക്ഷ നേതൃകക്ഷി ആകാൻ പോലും കഴിയാത്ത വിധത്തിലുള്ള അവസ്ഥയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല ആയിരുന്നു. അവിടെ ഫലം പുറത്തുവന്നു കഴിഞ്ഞപ്പോൾ ചെന്നിത്തല പറഞ്ഞ ന്യായങ്ങളും തോൽവിയുടെ കാരണങ്ങളും ഒരു തരത്തിലും ആരും അംഗീകരിക്കുന്നത് അല്ല. തോൽവി തീരുമാനിക്കുന്നത് ജനങ്ങൾ രേഖപ്പെടുത്തുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ്. അവിടെ കോൺഗ്രസ് മുന്നണി വലിയ തോൽവി ഏറ്റുവാങ്ങിയത് ജനങ്ങൾ വോട്ടു ചെയ്യാഞ്ഞതുകൊണ്ടാണ് എന്നതാണ് വാസ്തവം. ഇതിനുള്ള കാരണവും ചെന്നിത്തലയ്ക്ക് അറിയാവുന്നതാണ്. കോൺഗ്രസ് നേതൃത്വം കൊടുത്ത മുന്നണിയിൽ പങ്കാളികളായ കക്ഷികൾ എല്ലാം പിളർപ്പൻ പാർട്ടികൾ ആയിരുന്നു. ശിവസേനയും എൻസിപിയും പിളർന്ന പിളർന്ന ശേഷിച്ചവയാണ്. അതുകൊണ്ടുതന്നെ ഇത്തരം പാർട്ടികളിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായി എന്നതാണ് തോൽവിയുടെ മുഖ്യ കാരണം. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് തോൽവി സമ്മതിക്കുകയാണ് ഏല്ലാ നേതാവും ചെയ്യേണ്ടത്.

ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടിക്ക് ക്ഷീണത്തിന്റെ ആഘാതം പകരുന്നതാണ് ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ. അതുകൊണ്ടുതന്നെ ലോകസഭാ തെരഞ്ഞെടുപ്പിൽ നേടിയെടുത്ത കരുത്ത് അതേപോലെ നിലനിർത്തി പോകുന്നതിന് ആശയപരമായ ചില തീരുമാനങ്ങളിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിച്ചേരണം. കോൺഗ്രസിന്റെ ശക്തനായ പോരാളിയാണ് രാഹുൽ ഗാന്ധി. എല്ലാ ദിവസവും നരേന്ദ്രമോദിയെയും അംബാനി അദാനി ഗ്രൂപ്പുകളെയും വിമർശിക്കുന്ന രാഹുൽ ഗാന്ധി ആശൈലി മാറ്റണം. കാരണം ഇപ്പോഴും ഇന്ത്യൻ ജനത ഭാരതത്തിൻറെ വികസനത്തിനും ജനക്ഷേമത്തിനും മുഖ്യപങ്ക് വഹിക്കാൻ കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കാണ് എന്ന് വിശ്വസിക്കുന്നുണ്ട്. രാജ്യത്ത് നടപ്പിലാക്കേണ്ട വികസന കാര്യങ്ങളും അതുപോലെ തന്നെ രാജ്യത്തിൻറെ മത സൗഹാർദ്ദവും ഐക്യവും നിലനിർത്തി പോകുന്നതിനും തങ്ങൾക്ക് ബാധ്യതയുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിലുള്ള പുതിയ നയങ്ങളും നിലപാടുകളും കോൺഗ്രസ് നേതൃത്വത്തിൽ നിന്നും പുറത്തുവരണം. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പിന്നീട് ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി തുടങ്ങിയവരും രാഷ്ട്രീയ ശത്രുക്കളെ നേരിടുന്നതിനോടൊപ്പം രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങളെ ഉയർത്തിക്കാട്ടുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ പിതാവായ രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ ഐടി രംഗത്തും വാർത്താവിനിമയ രംഗത്തും മഹാ അത്ഭുതങ്ങൾ വരുത്തി മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇത് അദ്ദേഹത്തിൻറെ ശൈലിയായിരുന്നു. ശാസ്ത്രീയ സാങ്കേതിക വൈദഗ്ധ്യം സാധാരണ ജനങ്ങൾക്ക് ഉപയോഗപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോകണം എന്ന് നിലപാട് രാജീവ് ഗാന്ധി കൈക്കൊണ്ടപ്പോൾ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശില്പിയായി രാജീവ് ഗാന്ധിയെ ജനങ്ങൾ കണ്ടത്.

ലോകരാജ്യങ്ങൾ നിമിഷങ്ങൾ തോറും പല മേഖലകളിലായി മുന്നോട്ട് കുതിക്കുകയാണ്. അതിനൊപ്പം നമ്മുടെ രാജ്യത്തിനും നീങ്ങുവാൻ കഴിയുന്ന വിധത്തിലുള്ള ആധുനികമായ ആശയങ്ങളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയണം. സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ മാത്രമായി മാറരുത് കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ. ജനങ്ങൾ കാതോർത്തിരിക്കുന്നത് കോൺഗ്രസ് നേതാക്കളിൽ നിന്നും വരുന്ന സദുദ്ദേശപരവും ക്രിയാത്മകവുമായ നിർദ്ദേശങ്ങൾ കൂടിയാണ്. അത് ജനങ്ങൾക്ക് ആവേശവും ആശ്വാസവും പകരുന്നതായി മാറും എന്ന കാര്യത്തിൽ തർക്കമില്ല.സ്വതന്ത്ര ഭാരതത്തിൻറെ കഴിഞ്ഞകാല ചരിത്രത്തിൽ രാഷ്ട്ര പുരോഗതിക്ക് എന്നും പങ്കാളിത്തം നൽകിയിട്ടുള്ളത് കോൺഗ്രസ് പാർട്ടിയും അതിൻറെ ദേശീയ നേതാക്കളും ആണ്. അവർ കടന്നുപോയ കാലത്തിനിടയിൽ നമുക്ക് കൈമാറിത്തന്ന വലിയ വലിയ മാതൃകാപരമായ ആശയങ്ങളും വഴിത്താരകളും ഉണ്ട്. അവയിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് പൂർവ്വകാല നേതാക്കൾ പകർന്നു തന്ന മാതൃകകൾ ഏറ്റു പറയുന്നതിനും അതിലൂടെ ജനങ്ങളിൽ സ്വാധീനം വീണ്ടെടുക്കുന്നതിനും കോൺഗ്രസിന്റെ നേതാക്കൾ തന്നെ തയ്യാറാകണം. അതല്ല ഉണ്ടാകുന്നതെങ്കിൽ ഇപ്പോൾ അനുഭവിച്ചത് പോലെയുള്ള തിരിച്ചടികൾ ഏറ്റുവാങ്ങുന്ന ഗതികേടിലേക്ക് കോൺഗ്രസ് മാറും.