വയനാട്ടിൽ സ്ഥിര താമസത്തിന് ഒരുങ്ങി പ്രിയങ്ക ഗാന്ധി.

വയനാട്ടിൽ സ്ഥിര താമസത്തിന് ഒരുങ്ങി പ്രിയങ്ക ഗാന്ധി.

അഞ്ചുവർഷം സഹോദരനായ രാഹുൽഗാന്ധി പ്രതിനിധീകരിച്ച കേരളത്തിലെ വയനാട് പാർലമെൻറ് മണ്ഡലം ഇനി പ്രിയങ്ക ഗാന്ധിയ്ക്ക് സ്വന്തമാകും. ഡൽഹിയിൽ സ്ഥിരതാമസമാക്കി ഇടയ്ക്കിടെ വയനാട്ടിൽ വന്നിരുന്ന രാഹുൽ ഗാന്ധിയുടെ രീതി മാറ്റി വയനാട്ടിൽ തന്നെ സ്ഥിരതാമസമാക്കി വയനാട്ടുകാരിയായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക ഗാന്ധി. വയനാട് ജനത പ്രിയങ്ക ഗാന്ധി എന്ന കോൺഗ്രസ് നേതാവിന് ആദ്യമായിട്ടാണ് പാർലമെൻററി പദവിയിൽ എത്തുന്നതിനുള്ള അവസരം നൽകിയിരിക്കുന്നത്. സ്വന്തം സഹോദരനായ രാഹുൽഗാന്ധിക്ക് നേടുവാൻ കഴിഞ്ഞതിനേക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ വിജയിച്ചത്. ആദ്യമായിട്ടാണ് അവർ ഒരു തെരഞ്ഞെടുപ്പ് മത്സരവേദിയിൽ സ്ഥാനാർഥിയായി പ്രത്യക്ഷപ്പെട്ടത്. വയനാട് ജനത തങ്ങളെ വിജയിപ്പിക്കും എന്ന് രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും വിശ്വാസം ഉണ്ടായിരുന്നു. എങ്കിലും പോളിംഗ് കഴിഞ്ഞപ്പോൾ ശതമാനത്തിൽ വന്ന കുറവുമൂലം ഭൂരിപക്ഷം കുറയും എന്ന് ഒരു ആശങ്ക വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ തള്ളി കൊണ്ടാണ് വമ്പൻ ഭൂരിപക്ഷത്തിൽ വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വിജയം ഉറപ്പാക്കിയത്.

വയനാട്ടിലെ ജനങ്ങൾ സ്നേഹസമ്പന്നരും സൗഹാർദ്ദം നിലനിർത്തുന്ന വരും ആണ് എന്ന കാര്യം പലവട്ടം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുറന്നു പറഞ്ഞിരുന്നതാണ്. അതിൻറെ പ്രത്യക്ഷത്തിൽ ഉള്ള പ്രകടനമാണ് വലിയ ഭൂരിപക്ഷത്തിലുള്ള വിജയത്തിലൂടെ പുറത്തുവന്നത്. അതുകൊണ്ടുതന്നെ വയനാട്ടിലെ ജനങ്ങളും ആയിട്ടുള്ള ആത്മബന്ധം അതേപോലെ തുടർന്ന് പോകണം എന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ സമർപ്പണ വേളയിൽ പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ ഭർത്താവും മകനും പങ്കെടുത്തിരുന്നു. ഭർത്താവായ റോബർട്ട് വധേര വയനാടിന്റെ പ്രകൃതി സൗന്ദര്യത്തിലും കാലാവസ്ഥയിലും വലിയ തോതിൽ ഇഷ്ടവും ആവേശവും കാണിക്കുകയും ചെയ്തിരുന്നു. ഇത് കോൺഗ്രസ് നേതാക്കളോട് വധേര തുറന്നു പറയുകയും ചെയ്തിരുന്നു. അങ്ങനെ ഭർത്താവിനും താല്പര്യമുള്ള പ്രദേശം എന്ന നിലയിൽ കൂടി ആണ് പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ വയനാട്ടിൽ സ്ഥിരതാമസമാക്കുക എന്ന ആലോചനയിൽ എത്തിച്ചേർന്നത് എന്നാണ് അറിയുന്നത്. വയനാട്ടിൽ സ്ഥിരമായി താമസിക്കുന്നതിന് ഭർത്താവും മകനും യോജിപ്പ് പ്രകടിപ്പിച്ചു എന്നും അറിയുന്നുണ്ട്.

സഹോദരനായ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെ എംപി ആയിരുന്ന അഞ്ചുവർഷക്കാലവും ഡൽഹിയിൽ സ്ഥിരതാമസമാക്കി ഇടയ്ക്കിടയ്ക്ക് വയനാട്ടിൽ സന്ദർശനം നടത്തുക എന്ന രീതിയാണ് തുടർന്നത്. അത് മാറ്റി സ്ഥിരമായി വയനാട്ടിൽ താമസം ആക്കുകയും ഇടയ്ക്കിടയ്ക്ക് ഡൽഹിയിലേക്ക് പോവുകയും ചെയ്യുക എന്ന കാര്യവുമായിട്ടാണ് പ്രിയങ്ക ഗാന്ധി ഇപ്പോൾ മുന്നോട്ടു നീങ്ങുന്നത്. വലിയ സെക്യൂരിറ്റി സംവിധാനങ്ങൾ ഉള്ള ഒരു നേതാവാണ് പ്രിയങ്കാ ഗാന്ധി. നെഹ്റു കുടുംബത്തിലെ എല്ലാവരും കനത്ത സുരക്ഷയിലാണ് ഇപ്പോഴും എപ്പോഴും കഴിയാറുള്ളത്. വയനാട്ടിൽ സ്ഥിരതാമസം എന്ന കാര്യം പൂർണമായും തീരുമാനിച്ചു കഴിഞ്ഞാൽ പ്രിയങ്ക ഗാന്ധി താമസിക്കുവാൻ കഴിയുന്ന വലിയ വീടും സൗകര്യങ്ങളും ഒക്കെ കണ്ടുപിടിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ പരിശോധന നടത്തുന്നതിന് കോൺഗ്രസ് പാർട്ടിയുടെ വയനാട്ടിലെ നേതാക്കളുമായി ആലോചിച്ചുവരുന്നതായി വാർത്തകൾ വരുന്നുണ്ട്.പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിക്കഴിഞ്ഞു. ഈ സമ്മേളനത്തിൽ തന്നെ പ്രിയങ്ക ഗാന്ധി ലോകസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്യും. അതിനുശേഷമായിരിക്കും വയനാട്ടിൽ വിജയാഹ്ലാദ പരിപാടികളിൽ പങ്കെടുക്കുന്നതിന് പ്രിയങ്ക ഗാന്ധി എത്തിച്ചേരുക. സഹോദരനായ രാഹുൽഗാന്ധിയുടെയും അതുപോലെതന്നെ കോൺഗ്രസ് പ്രസിഡണ്ട് ആയ ഖാർഗെയുടെയും സൗകര്യം കൂടി വയനാട് യാത്രയിലേക്ക് പരിഗണിക്കുന്നുണ്ട്. അവർക്കും കൂടി എത്തുവാൻ കഴിയുമെങ്കിൽ അവരോടൊപ്പം ആയിരിക്കും പ്രിയങ്കാ ഗാന്ധി വിജയ ആഘോഷത്തിൽ പങ്കെടുക്കുന്നതിനും വയനാട്ടിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നതിനും എത്തിച്ചേരുക എന്നാണ് അറിയുന്നത്.

ഏതായാലും വയനാട്ടിലെ ജനങ്ങൾ പലപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത് പോലെ പരമാവധി ജനങ്ങൾക്ക് അരികിൽ തങ്ങളുടെ പാർലമെൻറ് പ്രതിനിധി ഉണ്ടാകണമെന്ന ആഗ്രഹം കൂടി പരിഗണിച്ചാണ് പ്രിയങ്കാ ഗാന്ധി വയനാട്ടിൽ സ്ഥിരതാമസമാക്കുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുന്നത്. കുടുംബവും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഏറെ വൈകാതെ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തിൽ സ്ഥിരതാമസക്കാരിയായി മാറും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.