ജി സുധാകരൻ കോൺഗ്രസിലേക്ക്

ഇ പി ജയരാജൻ ബിജെപിയിലേക്ക്

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ നയിക്കുന്ന സിപിഎം എന്ന പാർട്ടി ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുന്നു. പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പല ജില്ലകളിലും പാർട്ടി പദവികളിൽ ഉള്ള പല നേതാക്കളും സിപിഎം വിടുകയും മറ്റു പാർട്ടികളിലേക്ക് കടക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. മുതിർന്ന നേതാക്കൾ വരെ സിപിഎമ്മും ആയിട്ടുള്ള ബന്ധം ഉപേക്ഷിക്കുന്നതിന് തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സിപിഎം മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിവേരുണ്ടായിരുന്ന ആലപ്പുഴയിൽ സിപിഎമ്മിനകത്ത് പൊരിഞ്ഞ പോര് തുടരുകയാണ്. ആലപ്പുഴ ജില്ലയിലെ ഏറ്റവും മുതിർന്ന ജനസ്വാധീനമുള്ള നേതാവായ ജി സുധാകരനെ ഔദ്യോഗിക പക്ഷം വെട്ടി വീഴ്ത്തിയതാണ് ആ ജില്ലയിൽ പാർട്ടിയിൽ രൂക്ഷമായ പ്രതിസന്ധിയെ ക്ഷണിച്ചുവരുത്തിയത്. സുധാകരന്റെ വീടിൻറെ സമീപത്ത് നടന്ന ബ്രാഞ്ച് സമ്മേളനത്തിലേക്ക് സുധാകരനെ ക്ഷണിക്കാതെ ഔദ്യോഗിക പക്ഷം നോട്ടീസ് ഇറക്കിയതിൽ സാധാരണക്കാരായ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ വലിയ പ്രതിഷേധത്തിൽ ആണ്. എല്ലാത്തരത്തിലും ഏറെക്കാലമായി പാർട്ടിയിൽ നിന്നും തുടർന്നുകൊണ്ടിരിക്കുന്ന അവഗണനയിൽ മനസ്സു മടുത്ത സുധാകരൻ സിപിഎം ബന്ധം ഉപേക്ഷിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തു എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയും സംഘടനാകാര്യ ചുമതലയുള്ള ആളുമായ കെ സി വേണുഗോപാൽ ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചത്. ഈ സന്ദർശനവും ഇരുവരും തമ്മിലുള്ള ചർച്ചകളും ആലപ്പുഴയിൽ മാത്രമല്ല കേരളത്തിലെ സിപിഎം നേതൃത്വ നിരയിൽ ഇപ്പോൾ വലിയ ചർച്ചയായി നിലനിൽക്കുകയാണ് സിപിഎം വിടാൻ തയ്യാറാക്കുന്ന ജി സുധാകരൻ കോൺഗ്രസിലേക്ക് കടക്കും എന്ന് വിലയിരുത്തലും നടക്കുന്നുണ്ട്.

ആലപ്പുഴ ജില്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമാണ്. അതുപോലെതന്നെയാണ് കണ്ണൂർ ജില്ലയിലെയും സ്ഥിതി കണ്ണൂർ കമ്മ്യൂണിസ്റ്റ് കോട്ട എന്ന് മാത്രമല്ല സിപിഎമ്മിന്റെ ചുറ്റുമതിലിൽ നിലനിൽക്കുന്ന ജില്ല എന്ന പേരുകൂടി ഉണ്ട്. നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ണൂർ ജില്ലയിൽ പാർട്ടിയെ നയിച്ചിട്ടുണ്ട്. ഇപ്പോഴും കേരളത്തിലെ സിപിഎം പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കി നയിക്കുന്നത് കണ്ണൂരിലെ നേതാക്കൾ ആണ്.എന്നാൽ കഴിഞ്ഞ കാലങ്ങളിൽ സിപിഎം എന്ന പാർട്ടി ഏക ശില രൂപത്തിൽ പ്രവർത്തിച്ചിരുന്ന കണ്ണൂർ ജില്ലയിൽ പൊട്ടിത്തെറികൾ തുടങ്ങിയിട്ട് നാളുകൾ കുറെയായി. ജില്ലയിലെ പാർട്ടിയെ കൊണ്ട് നടക്കുന്ന പല സിപിഎം നേതാക്കളും പല ചേരികളിൽ ആയി പരസ്പരം കണ്ടാൽ മിണ്ടാത്ത നിലയിൽ പ്രവർത്തിച്ചു പോവുകയാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനർ ആയിരുന്ന ഇ പി ജയരാജൻ കുറേക്കാലമായി പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ പുറം തള്ളലിൽ സഹികെട്ട് മുന്നോട്ടു പോവുകയാണ്. ജയരാജൻ മകൻറെ വീട്ടിൽ വച്ച് ബിജെപി നേതാവിനെ കണ്ടതും ചർച്ച നടത്തിയതും വലിയ വിവാദം ഉണ്ടാക്കുകയും ജയരാജൻ ഒറ്റപ്പെടുന്ന സ്ഥിതി വരികയും ചെയ്തിരുന്നു . ഇതിൽ നിന്നും കുറെയൊക്കെ മാറിവന്ന സ്ഥിതിയിൽ നിൽക്കുമ്പോഴാണ് കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ ജയരാജൻ എഴുതി തയ്യാറാക്കി എന്ന് പറയുന്ന വിമർശന സ്വഭാവമുള്ള ആത്മകഥയുടെ ചില ഭാഗങ്ങൾ പുറത്തുവന്നത്. വലിയ വിവാദമായി മാറിയത്, ഈ ആത്മകഥ വിവാദത്തിലും ജയരാജൻ ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്. ആത്മകഥ വ്യാജമാണ് എന്നൊക്കെ ജയരാജൻ പറഞ്ഞു എങ്കിലും കേരളത്തിലെ ജനങ്ങൾ അത് വിശ്വസിച്ചിട്ടില്ല. എന്നതാണ് വാസ്തവം. ജയരാജന്റെ കുട്ടിക്കാലത്തെ കഥകളും ചിത്രങ്ങളും ഒക്കെ ആത്മകഥയിൽ വന്നു എങ്കിൽ അത് ജയരാജൻ അറിയാതെ എങ്ങനെ സംഭവിക്കും എന്ന ചോദ്യമാണ് കേരളത്തിലെ പാർട്ടി സഖാക്കളും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും ആത്മകഥ വിവാദത്തിൽ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ജയരാജനെ ന്യായീകരിക്കാൻ മുന്നോട്ടു വരാതിരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

തന്നെ ഓരോ അവസരത്തിലും അപമാനിക്കുവാൻ പാർട്ടിയിലുള്ള ഒരു വിഭാഗം തന്നെ വഴികൾ ഉണ്ടാക്കുകയും തനിക്കെതിരെ അതെല്ലാം തിരിച്ചുവിടുകയും ചെയ്യുന്നതിൽ വലിയ അമർഷവുമായി നീങ്ങുകയാണ് ജയരാജൻ. വലിയ കാലതാമസം ഇല്ലാതെ ജയരാജൻ രാഷ്ട്രീയമായി ഒരു കടുത്ത തീരുമാനത്തിലേക്ക് മാറും എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജയരാജന് കണ്ണൂരിലെ മാത്രമല്ല കേരളത്തിലെ പല ബിജെപി നേതാക്കളുമായി ഏറെക്കാലമായി വലിയ അടുപ്പം ഉണ്ട്. അതുകൊണ്ടുതന്നെ സിപിഎം ബന്ധം ഉപേക്ഷിച്ചാൽ ജയരാജൻ പെരുവഴിയിലാകും എന്ന ഭയവും അദ്ദേഹത്തിന് ഇല്ല.

കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ എല്ലാ ജില്ലാ കമ്മിറ്റികളിലും അതി രൂക്ഷമായ വിഭാഗീയതയും വിമത പ്രവർത്തനവും നടന്നുകൊണ്ടിരിക്കുകയാണ്. പല ജില്ലകളിലും എതിർപ്പുമായി നിലവിറപ്പിച്ചിട്ടുള്ള സഖാക്കൾ പ്രത്യേക യോഗം ചേരുകയും ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അടുത്തിടയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് ഉണ്ടായ പരാജയവും എതിർപക്ഷം എടുത്തു കാണിക്കുന്നുണ്ട്. ഏതായാലും കേരള രാഷ്ട്രീയത്തിൽ അവിശ്വസനീയം എന്നു കരുതാവുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ വേദിയൊരുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ മുതിർന്ന നേതാക്കളായ ജി സുധാകരനും ഇ പി ജയരാജനും പാർട്ടി വിടാൻ ഒരുങ്ങുകയാണ്. ജി സുധാകരൻ കോൺഗ്രസിലേക്കും ഇ.പി ജയരാജൻ ബിജെപിയിലേക്കും കടന്നുകയറിയാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇത് സംബന്ധിച്ചുള്ള രഹസ്യ ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.