മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും കുറ്റക്കാരുടെ പട്ടികയിൽപ്പെട്ടിട്ടുള്ള മാസപ്പടി കേസിൽ, രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണവും മേൽ നടപടികളും അവസാനഘട്ടത്തിൽ എത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് കേസ് നടക്കുന്ന ഡൽഹി ഹൈക്കോടതിയിൽ രജിസ്ട്രാർ ഓഫ് കമ്പനിയുടെ അധികൃതരാണ് അന്വേഷണങ്ങൾ അവസാനഘട്ടത്തിൽ എത്തി എന്നും രണ്ടാഴ്ചക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും എന്നും അറിയിച്ചിട്ടുള്ളത്. കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്നും അവിഹിതമായി ഒന്നേ മുക്കാൽ കോടി രൂപ കൈപ്പറ്റി എന്നതാണ് കേസ്. ബാംഗ്ലൂർ സ്ഥാനമാക്കി വീണാ വിജയൻ നടത്തുന്ന എക്സാ ലോജിക് എന്ന കമ്പനിയുടെ പേരിലാണ് വീണ വിജയൻ തുക കൈപ്പറ്റിയത്. കരിമണൽ കമ്പനി രജിസ്ട്രാർ ഓഫ് കമ്പനിയിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടുകളിൽ നിന്നും ആണ് ഈ മാസപ്പടി നൽകിയ വിവരം പുറത്തുവന്നത്. ഇതിനെതിരെ അന്വേഷണം നടത്തുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ എംഎൽഎ ആയ മാത്യു കുഴൽനാടൻ ആണ് ആദ്യം പരാതിയുമായി കോടതിയിൽ എത്തിയത്. കുഴൽനാടൻ്റെ കേസ് ഇപ്പോഴും ഹൈക്കോടതിയിൽ തുടരുന്നുണ്ട്. ഇതിനിടയിലാണ് മാസപ്പടി കേസിൽ വിശദമായ അന്വേഷണവും കുറ്റക്കാർക്ക് എതിരെ നടപടിയും ആവശ്യപ്പെട്ട് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് കോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതിയിൽ ആണ് ഈ കേസ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് രജിസ്ട്രാർ ഓഫ് കമ്പനി അധികൃതർ രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നു എന്ന് പറഞ്ഞിട്ടുള്ളത്.
വിവാദമായ മാസപ്പടി കേസിൽ വീണ വിജയൻ അടക്കം 20 പേരിൽ നിന്നും വിശദമായ മൊഴി എടുത്തു എന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കേസിൽ കുറ്റക്കാർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആവശ്യമെങ്കിൽ അതിന് നിർദ്ദേശം നൽകാൻ സാധിക്കും എന്ന് രജിസ്ട്രാർ സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ മാസപ്പടി കേസിൽ എസ് എഫ് ഐ ഒ ഏജൻസിയുടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയിൽ ഷോൺ ജോർജ് ഹർജിയുമായി എത്തിയത്. രജിസ്ട്രാർ ഓഫ് കമ്പനിയുടെ ആസ്ഥാനം ഡൽഹിയിൽ ആയതിനാലാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഇതിനുള്ള അന്വേഷണ ആവശ്യം തള്ളിക്കളയണം എന്ന് കരിമണൽ കമ്പനിയായ സി എം ആർ എൽ അധികൃതർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇത് പരിശോധിക്കുകയാണ്. കരിമണൽ കമ്പനിയുടെ ഈ ആവശ്യം കഴമ്പില്ലാത്തതാണ് എന്ന് രജിസ്ട്രാർ ഓഫ് കമ്പനീസും ഷോൺ ജോർജും ആവശ്യപ്പെട്ടിട്ടുണ്ട്.
മാസപ്പടി കേസിൽ രജിസ്ട്രാർ ഓഫ് കമ്പനി അടക്കം വിവിധ ഏജൻസികൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ട വിഭാഗങ്ങളുടെ അന്വേഷണങ്ങൾ തുടരാം എന്നും എന്നാൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടി കോടതി തീരുമാനിക്കുന്നത് വരെ ഉണ്ടാകാൻ പാടില്ല എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കരിമണൽ കമ്പനിയുടെ സംഭാവനയായി വാങ്ങിയ തുകയിൽ വീണ വിജയൻ അടയ്ക്കേണ്ട ആദായ നികുതി സംബന്ധിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസ് ഇൻററിം സെറ്റിൽമെൻറ് ബോർഡ് തീരുമാനമെടുത്തു കഴിഞ്ഞതാണെന്നും ഇനി ആ കാര്യത്തിൽ പുതിയ അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്നും ഒക്കെയാണ് കരിമണൽ കമ്പനി കോടതിയിൽ വാദിച്ചത്.ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ കുറ്റക്കാരിയായി പറയപ്പെടുന്ന കേസിൽ വിധി എതിരായാൽ വീണ വിജയനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണഏജൻസികൾ നീങ്ങാൻ സാധ്യതയുണ്ട്. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കാൻ സാധ്യതയുള്ള ഒരു സംഭവവുമായി ഇതു മാറാനും സാധ്യതയുണ്ട്.
വീണ വിജയന്റെ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികൾ ഇടപെടുന്നത് ഒഴിവാക്കുവാൻ വേണ്ടി മുഖ്യമന്ത്രി ആർ എസ് എസ് മേധാവികൾ വഴി ഇടപെടൽ നടത്തി എന്നത് പുറത്തുവന്ന ഒരു ആരോപണമാണ്. ആഭ്യന്തര വകുപ്പിലെ തലപ്പത്തുള്ള എ ഡി ജി പി അജിത് കുമാർ ബിജെപി നേതാക്കളുമായും ആർ എസ് എസ് നേതാക്കളുമായും രഹസ്യ ചർച്ച നടത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു എന്നും ഈ ചർച്ചയുടെ ലക്ഷ്യം വീണ വിജയന്റെ പേരിൽ ഉയർന്നിട്ടുള്ള മാസപ്പടി കേസിന്റെ അന്വേഷണത്തിൽ നിന്നും കേന്ദ്ര ഏജൻസികളെ പിൻവലിക്കുന്ന തീരുമാനം ആയിരുന്നു എന്നും ആക്ഷേപങ്ങൾ ഉയർന്നതാണ്. ഈ കാര്യത്തിൽ ഇതുവരെ മുഖ്യമന്ത്രി ഒരു അഭിപ്രായവും രേഖപ്പെടുത്തിയിട്ടില്ല എന്നത് ഈ നീക്കത്തിന്റെ സാധ്യത വെളിപ്പെടുത്തുന്നതും ആണ്.
ഇടതുമുന്നണിയുടെ രണ്ടാം സർക്കാർ അധികാരത്തിൽ വന്നശേഷം, മുഖ്യമന്ത്രിയായി തുടർന്ന് പിണറായി വിജയൻ പലതരത്തിലുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും കുടുങ്ങുന്ന സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരന്തരം മുഖ്യമന്ത്രിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെ പാർട്ടി യോഗത്തിൽ കാര്യങ്ങൾ തുറന്നു പറയും എന്നു വരെ വാർത്തകൾ വന്നിരുന്നതാണ്. എന്നാൽ പിണറായി വിജയൻ എന്ന സർവ്വാധിപതിയായ നേതാവിനോട് എന്തെങ്കിലും ചോദിക്കാൻ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്കും ധൈര്യമുണ്ടാകാതെ വന്നതാണ് മുഖ്യമന്ത്രി ഒരു വിശദീകരണവും നൽകാതെ മുന്നോട്ടുപോയതിന്റെ കാരണം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും റിപ്പോർട്ടിൽ വീണ വിജയൻ അനധികൃതമായി പണം സമ്പാദിച്ചു എന്ന് വ്യക്തമാക്കപ്പെടുകയും ചെയ്താൽ കുറ്റക്കാർക്കുമേൽ ശിക്ഷാ നിയമം പ്രകാരമുള്ള അറസ്റ്റിനു വരെ സാധ്യത ഉണ്ടാകും എന്നാണ് നിയമ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വരുന്ന ഒരു മാസത്തിനുള്ളിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നും ഈ കേസിൽ അന്തിമ വിധി വരും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.