പെരുവഴിയിൽ ആയ അൻവർ ഇനി കോൺഗ്രസിലേക്ക്

കാലുപിടിച്ച് മടുത്തപ്പോൾ പഴയ തറവാട്ടിലേക്ക്

പി വി അൻവർ എന്ന എം എൽ എ, സിപിഎമ്മിന്റെ സ്വതന്ത്ര നിയമസഭാംഗമാണ്. നിലമ്പൂരിൽ നിന്നാണ് അദ്ദേഹം ജയിച്ചു വന്നത്. കഴിഞ്ഞ കുറച്ചുനാൾ മുമ്പ് വരെ, അൻവർ കേരളത്തിലെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇടതുപക്ഷ സർക്കാരിനെയും, പിണറായി വിജയനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും, അതുപോലെതന്നെ ക്രമസമാധാന ചുമതലയുള്ള എ ഡിജിപി അജിത് കുമാറിനെയും നിരന്തരം ആക്രമിച്ച് ഷൈൻ ചെയ്തു നിന്നിരുന്ന അൻവർ, പിന്നീട് ഗതികിട്ടാപ്രേതം പോലെ അലഞ്ഞുതിരിയുന്ന കാഴ്ചയും കേരളം കണ്ടു. മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും എതിരെ വലിയ തെളിവുകളെല്ലാം നിരത്തി കൊണ്ടാണ് അൻവർ ആരോപണങ്ങൾ തൊടുത്തു വിട്ടത്. ഇപ്പോൾ’ പിണറായി വിജയനെ താഴെ ഇറക്കിക്കളയും എന്നൊക്കെ ഉഗ്ര ശബ്ദത്തിൽ അൻവർ ഒരിടയ്ക്ക് പറഞ്ഞിരുന്നു. എവിടെ ചെന്ന് ഭരണ വിരുദ്ധ പ്രസംഗം ആരു നടത്തിയാലും, അത് കേട്ടിരിക്കാൻ കുറച്ചു പേരൊക്കെ ഉണ്ടാകും. അൻവറിൻറെ ചുറ്റും കൂടിയവരൊക്കെ അത്തരത്തിലുള്ള ആൾക്കാരായിരുന്നു. രാഷ്ട്രീയത്തിലും പൊതു വിഷയങ്ങളിലും ഞാൻ ഒരു മഹാത്ഭുതമാണ് എന്ന് സ്വയം കരുതി കൊണ്ടാണ് അൻവർ മുന്നോട്ടുപോയത്. യഥാർത്ഥത്തിൽ വെറും വട്ടപ്പൂജ്യം ആയിരുന്നു എന്ന് ജനം തിരിച്ചറിഞ്ഞത് കേരളത്തിൽ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെയാണ്. ഇടതുമുന്നണിയെ മാത്രമല്ല, കോൺഗ്രസ് പാർട്ടിയെ വരെ ഒരു പാഠം പഠിപ്പിക്കും എന്ന് അൻവർ വീരവാദം മുഴക്കിയിരുന്നു. ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ ഒരു മുൻ കോൺഗ്രസ് നേതാവിനെ സ്വന്തം പാർട്ടിയായ ഡി എം കെ യുടെ സ്ഥാനാർഥിയാക്കി മത്സരിപ്പിച്ച്, കെട്ടിവെച്ച കാശു പോലും കിട്ടിയില്ലായെന്നതും യാഥാർത്ഥ്യം.

ഇതിനെ തുടർന്ന്, നിലനിൽപ്പിനായി മറ്റേതെങ്കിലും പാർട്ടികളുടെ കേരള ഘടകം ഉണ്ടാക്കി അതിൻറെ തലവൻ ആകാനാണ് പി വി അൻവർ ശ്രമം നടത്തിയത്. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ എന്ന പാർട്ടിയുടെ കേരളഘടകം ഉണ്ടാക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ചർച്ച നടത്തിയെങ്കിലും, അതും വിജയിച്ചില്ല. കേരളത്തിൽ ഇതൊന്നും പച്ച പിടിക്കില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അൻവർ ഡൽഹിക്ക് വണ്ടികയറി. അവിടെ ചെന്ന് ബി എസ് പി എന്ന പാർട്ടിയുടെ നേതാവിനെ കണ്ടു സംസാരിച്ചു. അവരും അൻവറിനെ തള്ളിക്കളഞ്ഞു. അതുകഴിഞ്ഞപ്പോൾ പശ്ചിമബംഗാളിലെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ചർച്ച നടത്തി. മമതയും അൻവറിനോട് ഒരു മമതയും കാണിച്ചില്ല. ഇതോടെ പെരുവഴിയിൽ ആകുന്ന സ്ഥിതിയിലായി അൻവർ.

രാഷ്ട്രീയമായി ഭാവി അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞ അൻവർ, ഡൽഹിയിൽ വച്ചുതന്നെ എങ്ങനെയെങ്കിലും കോൺഗ്രസ് പാർട്ടിയിലേക്ക് തിരിച്ചെത്താൻ നീക്കം നടത്തി. കോൺഗ്രസ് പാർട്ടി നിലമ്പൂരിൽ സീറ്റ് നൽകാതെ വന്നപ്പോഴാണ് പാർട്ടി മാറി, സിപിഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. അതുകൊണ്ട് കോൺഗ്രസ് കുടുംബത്തിൽ നിന്നും വന്ന അൻവറിന് പഴയ തറവാട്ടിലേക്ക് തിരികെ പോകുന്നതിന് വലിയ ആശങ്കയും ഉണ്ടായില്ല. ഡൽഹിയിൽ രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ തുടങ്ങിയവരുമായി ചർച്ച നടത്തി. ഇതിന് അൻവറിന് വഴിയൊരുക്കി കൊടുത്തത് കെപിസിസി പ്രസിഡൻറ് സുധാകരൻ ആണെന്നും പറയുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ കടന്നു വരികയാണ്. തദ്ദേശ തെരഞ്ഞെടുപ്പും പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും. ഇത്തരം പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട്, പാർട്ടിയിൽ നിന്നും അകന്നു നിൽക്കുന്ന മുഴുവൻ നേതാക്കളെയും കോൺഗ്രസ് തറവാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണം എന്നത് ഹൈക്കമാന്റിന്റെകൂടി നിർദ്ദേശം ആയിരുന്നു. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് നേതാക്കൾ അൻവറുമായി ചർച്ച നടത്തിയത്. ഏതായാലും കോൺഗ്രസ് നേതൃത്വം പാർട്ടിയിലേക്ക് കടക്കുവാനുള്ള പച്ചക്കൊടി കാണിക്കും എന്ന പ്രതീക്ഷയിലാണ് ഏറ്റവും ഒടുവിൽ അൻവർ എത്തിയിരിക്കുന്നത്. എന്നാൽ മലപ്പുറം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് ഈ തീരുമാനത്തോട് വലിയ യോജിപ്പില്ല. ഒരിക്കൽ കോൺഗ്രസ് നേതാക്കളെ മുഴുവൻ ചീത്ത വിളിച്ച് സിപിഎമ്മിനൊപ്പം പോയ ആളെ തിരികെ ചുമക്കേണ്ടതില്ല എന്ന അഭിപ്രായത്തിലാണ്, ഡിസിസി പ്രസിഡൻറ് ജോയിയും മുതിർന്ന നേതാവ് ആര്യാടൻ ഷൗക്കത്തും. ഇവർ അൻവറിനെ കോൺഗ്രസിൽ എടുക്കുന്നതിനെതിരഭിപ്രായം നേതാക്കളെ അറിയിച്ചു എന്നും പറയുന്നുണ്ട്.

പി വി അൻവറിനെ കോൺഗ്രസിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ, പ്രതിപക്ഷ നേതാവ് സതീശനും ഒട്ടും താല്പര്യത്തിൽ അല്ല. സിപിഎമ്മിനൊപ്പം നിന്നപ്പോൾ നിയമസഭയിൽ, സതീശൻ 150 കോടിയുടെ അഴിമതി നടത്തി എന്നും വിജിലൻസ് അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ചീത്ത വിളിച്ച ആളാണ് അൻവർ. അതുകൊണ്ടുതന്നെ സതീശൻ ഇക്കാര്യത്തിൽ യോജിപ്പ് കാണിക്കുവാൻ ഇടയില്ല എന്നും പറയുന്നുണ്ട്.

ഇതൊക്കെ ആണെങ്കിലും കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം അൻവറിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകുമെന്ന് തന്നെയാണ് അൻവർ പ്രതീക്ഷിക്കുന്നത്. ചെന്നിത്തലയും വേണുഗോപാലും സുധാകരനും അനുകൂലമായ നിലപാട് എടുത്താൽ സതീശന്റെ മാത്രം എതിർപ്പുകൾ തള്ളിക്കളയുന്ന സ്ഥിതി ഉണ്ടാകും. ഏതായാലും വലിയ വീര ശൂര പരാക്രമിയായി പാഞ്ഞു നടന്നിരുന്ന പി വി അൻവർ എന്ന നേതാവ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു വട്ടപ്പൂജ്യം തന്നെയാണ്. ഒരു പാർട്ടിയും കേരളത്തിൽ ഇപ്പോൾ അൻവറിനെ അംഗീകരിക്കുന്നില്ല. സമയം പോലെ തോന്നിയതൊക്കെ വിളിച്ചു കൂവുന്ന തരംതാണ രാഷ്ട്രീയക്കാരന്റെ പട്ടികയിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും പി വി അൻവറിനെ ഇപ്പോൾ നിർത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഒരു പാർട്ടിയും അൻവറിനെ ചുമക്കുവാൻ തയ്യാറാവില്ല. ഈ തിരിച്ചറിവ് കൊണ്ടാണ് പലതരത്തിൽ ബന്ധമുള്ള പഴയ കോൺഗ്രസ് പാർട്ടിയിലേക്ക് തന്നെ തിരികെ പോകാൻ അൻവർ തയ്യാറെടുക്കുന്നത്.