ആരോഗ്യ വകുപ്പിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം

ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കണം

ഫേസ് റെകഗ്നിഷൻ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിംഗ് വിഷയത്തിൽ സർക്കാർ ഉത്തരവിൽ( സ ഉ ( സാധാ ) No 3589/ 2024 /GAD / തിയ്യതി തിരുവനന്തപുരം 9/8/24 ) നിഷ്കർഷിച്ചതിനപ്പുറം കടന്ന് നിലവിൽ പഞ്ചിംഗ് ആരംഭിക്കുക പോലും ചെയ്യാത്ത ആരോഗ്യ വകുപ്പിനു കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഫേസ് റെകഗ്നിഷൻ സംവിധാനം നടപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവായിരിക്കുന്നു. പഞ്ചിംഗ് ഇതിനോടകം ആരംഭിച്ച സ്ഥാപനങ്ങളിലാണ് താത്കാലിക സംവിധാനം എന്ന നിലയിൽ ഫേസ് റെകഗ്നിഷൻ അധിഷ്ഠിത ബയോ മെട്രിക് പഞ്ചിംഗിലേക്ക് മാറാൻ സർക്കാർ ഉത്തരവായിട്ടുള്ളത്. ഡോക്ടർമാരുടെ വ്യത്യസ്തമായ വിവിധ ഡ്യൂട്ടികൾ കണക്കിലെടുത്ത് ആവശ്യമായ തിരുത്തലുകളും ക്രമീകരണങ്ങളും നടത്തിയ ശേഷമേ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിൽ വരുത്തുകയുള്ളൂ എന്ന് സർക്കാർ തന്നെ കെ.ജി.എം.ഒ.എ യെ രേഖാമൂലം അറിയിച്ചിരുന്നതുമാണ്. സമാനമായ ഡ്യൂട്ടി സാഹചര്യങ്ങൾ ഉള്ള പോലീസ് , ഫോറസ്ട്രി, ഫയർ ഫോഴ്സ്, എക്സൈസ് വിഭാഗങ്ങളെ ജോലിയുടെ സവിശേഷ സ്വഭാവം കണക്കിലെടുത്ത് ബയോ മെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുമുണ്ട്. ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയാണ് ഇപ്പോൾ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാൻ ഉത്തരവായിരിക്കുന്നത്.
ആരോഗ്യവകുപ്പിൽ ഫേസ് റെകഗ്നിഷൻ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം അടിയന്തിരമായി നടപ്പാക്കാനുള്ള തീരുമാനം വിവിധ പ്രായോഗിക പ്രശ്നങ്ങൾ ഉയർത്തുന്നവയും ആവശ്യമായ മുന്നൊരുക്കത്തോടെ അല്ലാത്തതുമാണെന്നു കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) അഭിപ്രായപ്പെടുന്നു. ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ നിർവ്വഹിക്കുന്ന ജോലികളുടെ വൈവിധ്യം, അനിശ്ചിതമായ ജോലിസമയങ്ങൾ, എമർജൻസി ഡ്യൂട്ടികൾ എന്നിവ പരിഗണിക്കാതെയും, ആവശ്യമായ പരിശീലനവും സാങ്കേതിക സംവിധാനവും ഏർപ്പെടുത്താതെ ധൃതിപ്പെട്ടുമാണ് ആണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

വ്യത്യസ്ത കേഡറുകളിലായി ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരുടെ ജോലി സമയവും, ജോലിയുടെ സ്വഭാവവും തികച്ചും വ്യത്യസ്തമാണ്. വ്യത്യസ്ത ജോലി സമയങ്ങൾ (വിവിധ ഷിഫ്റ്റുകൾ) ,വിവിധ ജോലി ക്രമീകരണങ്ങൾ, വർക്കിംഗ് അറേഞ്ചുമെൻ്റുകൾ, സ്ഥാപനത്തിന് പുറത്തുള്ള മറ്റ് നിരവധി ഡ്യൂട്ടികൾ, ഓൺലൈൻ – ഓഫ് ലൈൻ മീറ്റിംഗുകൾ, ട്രെയിനിംഗുകൾ, കോമ്പൻസേറ്ററി ഹോളിഡേ , കോമ്പൻസേറ്ററി ഓഫ് തുടങ്ങി മറ്റ് ഓഫീസ് ജീവനക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായ ജോലി സാഹചര്യങ്ങളും വ്യവസ്ഥകളുമാണ് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർക്ക് ഉള്ളത്. എമർജൻസി കോളുകൾ അറ്റൻഡ് ചെയ്യുന്ന ഗൈനക്കോളജി, സർജറി , അനസ്തേഷ്യോളജി, പീഡിയാട്രികസ്, കാർഡിയോളജി, ന്യൂറോളജി ഉൾപ്പടെയുള്ള വിവിധ സ്പെഷ്യലിസ്റ്റുകൾ സാധാരണ ജോലി സമയത്തിന് പുറമേ ഇത്തരം എമർജൻസി കേസുകൾ അറ്റന്റ് ചെയ്യുന്നതിനായി അധിക സമയം. ചെലവിടേണ്ടി വരുന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ഒരേ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പോലും വ്യത്യസ്ത ഡ്യൂട്ടി സമയങ്ങളും ഡ്യൂട്ടി ഷെഡ്യൂളും ഉത്തരവാദിത്തങ്ങളുമാണ് നിലവിൽ ഉള്ളത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ നിശ്ചിത സമയം പാലിക്കാതെതന്നെ ജോലി ചെയ്യേണ്ടി വരുന്ന വിഭാഗമാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. മാത്രമല്ല ഒരു സ്റ്റാൻഡേർഡൈസ് സ്റ്റാഫ് പാറ്റേൺ ഉള്ള വകുപ്പല്ല ആരോഗ്യ വകുപ്പ്. അതു കൊണ്ട് തന്നെ ഒരേ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്കിടയിലും വ്യത്യസ്ത തരത്തിലുള്ള ഡ്യൂട്ടി ക്രമീകരണങ്ങൾ ജീവനക്കാർക്കിടയിൽ നടപ്പിലാക്കിയാണ് പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ സേവനം നൽകി മുന്നോട്ട് പോകുന്നത്.

പഞ്ചിംഗ് സംവിധാനം നടപ്പിൽ വരുത്തുന്നതിന് മുൻപ് ഇത്തരത്തിൽ ജീവനക്കാരുടെ വ്യത്യസ്ത ജോലി ക്രമങ്ങൾ സിസ്റ്റത്തിൽ ഉറപ്പു വരുത്താൻ സാധിക്കുന്നതാണോ എന്ന് ജീവനക്കാരുടെ സംഘടനകളുമായി ഒരു ആശയ വിനിമയവും നടത്തിയിട്ടില്ല. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള സ്മാർട്ട് ഫോണുകളിൽ മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഫേസ് റെകഗ്നിഷൻ സംവിധാനം, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഫോൺ ഉള്ളവർക്കും പ്രയോജനകരമല്ല എന്നതും, സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത നിരവധി ജീവനക്കാർ എന്ത് ചെയ്യണം എന്നു വ്യക്തത വരുത്താത്തതും ഈ സംവിധാനത്തിന്റെ പരിമിതിയാണ്. കൂടാതെ,വ്യക്തിഗത ഫോണിൽ സെക്യൂരിറ്റി റിസ്ക് ഉള്ള അപരിചിത ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന സുരക്ഷാ പിഴവുകളും, സ്വകാര്യതാ ഭീഷണിയും , വിവര ചോർച്ചയെക്കുറിച്ചുമുള്ള ആശങ്കകളും പരിഹരിക്കേണ്ടതാണ്. അതിനാൽ, ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിൽ സർക്കാർ ഉറപ്പുനൽകിയ പ്രശ്നപരിഹാരങ്ങൾ അവശ്യ സർവ്വീസായ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സവിശേഷ ജോലി സാഹചര്യങ്ങൾ പരിഗണിച്ച് സാധ്യമാണെങ്കിൽ മാത്രമെ ഇത് പ്രാബല്യത്തിൽ വരുത്താവൂ എന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. ആരോഗ്യവകുപ്പിലെ സേവനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത വിധത്തിൽ ദീർഘ വീക്ഷണത്തോടു കൂടി എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ട്, നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു മുന്നോട്ട് പോകണമെന്നും സംഘടന ആവശ്യപ്പെടുന്നു.