പുനരധിവാസപ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കും

പുനരധിവാസം സംബന്ധിച്ച്‌ ഒരുവിധ വൈകലും സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാവില്ല

വയനാട്ടിലെ ആശങ്കയുടെ കാർമേഘമാണ് കോടതി വിധിയോടെ ഒഴിഞ്ഞത് എന്നും കോടതിവിധി മനുഷ്യന്‍റെ ഹൃദയം അറിഞ്ഞ ഒന്നാണെന്നും ഭൂവുടമകള്‍ക്ക് അർഹമായ നഷ്ടപരിഹാരം ഭൂമി ഏറ്റെടുക്കല്‍-പുനരധിവാസ നിയമപ്രകാരം നല്‍കുമെന്നും മന്ത്രി കെ. രാജൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
പുനരധിവാസം സംബന്ധിച്ച്‌ ഒരുവിധ വൈകലും സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടാവില്ല. എല്‍.എ.ആർ.ആർ നിയമപ്രകാരമേ ദുരന്തബാധിതർക്കായി ഭൂമി ഏറ്റെടുക്കാൻ കഴിയൂ. അതില്‍ പറയുന്ന നഷ്ടപരിഹാരത്തുക പൂർണമായും നല്‍കുകയും വേണം. നിരവധി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി വരുമ്പോഴേക്കും കാലതാമസം വരുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം കൂടി ഉപയോഗിച്ച്‌ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചത്. മുൻകൂറായി ഭൂമി ഏറ്റെടുക്കല്‍ നടത്തുമ്പോള്‍ പണം കിട്ടാതെ വരുമോ എന്ന ആശങ്കയിലാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്.
ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസ്ത്ര പഠന സംഘത്തിന്‍റെ റിപ്പോർട്ടനുസരിച്ച്‌ ഒൻപത് കേന്ദ്രങ്ങള്‍ സുരക്ഷിത വാസയോഗ്യമായി കണ്ടെത്തി. ദുരന്തബാധിതരുടെയും വയനാട്ടെ സർവകക്ഷി യോഗത്തിന്‍റെയും അഭിപ്രായമനുസരിച്ച്‌ മേപ്പാടിയോട് ചേർന്ന നെടുംമ്പാല, എല്‍സ്ട്രോണ്‍ എസ്റ്റേറ്റുകളാണ് ഇതിനായി സർക്കാർ നിശ്ചയിച്ചത്. ശേഷിക്കുന്നവരെയെല്ലാം ഒരിടത്ത് താമസിപ്പിക്കണമെന്ന അവരുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പുനരധിവാസപ്രവർത്തനങ്ങള്‍ ഉടൻ ആരംഭിക്കും. ഇതിനായുള്ള നടപടികള്‍ക്ക് പ്രത്യേക മന്ത്രിസഭാ യോഗം നേരത്തേ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. പുതുവർഷത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ വീട്, ഭൂമി സ്പോണ്‍സർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. ജനുവരിയില്‍ പൂർത്തിയാക്കുന്ന രണ്ടാംഘട്ട പട്ടികയില്‍ അർഹരായ മുഴുവൻ ആളുകള്‍ മാത്രമല്ല, തകർന്ന ലയങ്ങളില്‍ താമസിച്ചിരുന്നവരും ഉള്‍പ്പെടുമെന്നും കെ. രാജൻ പറഞ്ഞു. പുനരധിവാസത്തിന്‍റെ ഭാഗമായി ദുരന്തബാധിതരുടെ ആദ്യ പട്ടിക ഇതിനകം വയനാട് കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്‍റും ഉള്‍പ്പെടുന്ന ഡി.ഡി.എം.എ പരിശോധിച്ച്‌ പുറത്തുവിട്ടിരുന്നു. ഇതില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദേശിക്കാൻ 15 പ്രവർത്തിദിനങ്ങളും അനുവദിച്ചിട്ടുണ്ട്.