കോൺഗ്രസ് നേതാക്കളെ കുരുക്കിലാക്കി ആത്മഹത്യയും മരണവും

വയനാട്ടിലെ നേതാവിന്റെയും മകൻറെയും ആത്മഹത്യ

യനാട് ഡിസിസിയുടെ ട്രഷറർ ആയിരുന്ന എൻ എം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവത്തിൽ, വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ പ്രതിസ്ഥാനത്ത് വരുന്നതായി പരാതികൾ ഉയരുന്നു. വയനാട്ടിലെ കോൺഗ്രസ് എംഎൽഎ ആയ, ഐ.സി ബാലകൃഷ്ണനെതിരെ പോലീസ് കേസെടുക്കണം എന്ന്, വയനാട്ടിലെ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ഭരണസമിതി ഭരിച്ചുകൊണ്ടിരിക്കുന്ന, പുൽപ്പള്ളി സഹകരണ ബാങ്കിൽ നടന്നതായി പറയുന്ന, സാമ്പത്തിക തട്ടിപ്പുകൾ ആണ്, ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്യാൻ കാരണമായത്, എന്നാണ് ഉയർന്നുവരുന്ന ആരോപണം. ഇതിന് പുറമെയാണ്, സുൽത്താൻബത്തേരി അർബൻ ബാങ്കിൽ, നിയമനം നൽകുന്നതിനായി 13 പേരിൽ നിന്നും, ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഡിസിസി നേതാക്കൾ, കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണം ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ, നിയമനത്തിലെ കോടികളുടെ കോഴ വിവാദം ഉയർന്നു വന്നപ്പോൾ, എംഎൽഎ ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ, ഈ കുറ്റങ്ങളെല്ലാം ഡിസിസി ട്രഷറർ ആയിരുന്ന വിജയൻറെ ചുമലിലേക്ക് വയ്ക്കുകയാണ് ചെയ്തതെന്നും ഇതിൽ മനം നൊന്താണ് മകനുംകൂടി വിഷം കൊടുത്ത്, വിജയൻ മരണത്തിലേക്ക് കടന്നത് എന്നുമുള്ള പരാതികളാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിൽ, സിപിഎം ജില്ലാ നേതൃത്വം അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സംഭവത്തിൽ, വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി ഇറങ്ങിയിട്ടുണ്ട്. യാതൊരു തട്ടിപ്പും നടത്താത്ത, അഴിമതിക്ക് കൂട്ടുനിൽക്കാത്ത വിജയൻ, ആത്മഹത്യ ചെയ്യേണ്ടിവന്നുവെങ്കിൽ, ഇതിനു കാരണം ജില്ലയിലെ ഡിസിസി നേതാക്കളാണ്- എന്നാണ് പ്രവർത്തകർ കുറ്റപ്പെടുത്തുന്നത്. കോൺഗ്രസ് പ്രവർത്തകർ ആരോപണവുമായി രംഗത്തുവന്നതോടുകൂടി, പ്രശ്നം കോൺഗ്രസ് പാർട്ടിക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

വയനാട്ടിലെ ഡിസിസിയുടെ ട്രഷറർ വിജയൻറെ ആത്മഹത്യ, വ്യാപകമായി ചർച്ചയിൽ വന്നതോടുകൂടി, കെപിസിസിയുടെ മുൻ ട്രഷറർ ആയിരുന്ന, പ്രതാപചന്ദ്രന്റെ മരണകാരണവും ഇപ്പോൾ വലിയ ചർച്ചയായി ഉയർന്നു വന്നിട്ടുണ്ട്. കെ പി സി സി ട്രഷറർ ആയിരുന്ന പ്രതാപചന്ദ്രൻ പാർട്ടിയിലെ മുതിർന്ന ചില നേതാക്കളും, സംസ്ഥാന ഭാരവാഹികളും നടത്തിയ തെറ്റായ പ്രസ്താവനകളാണ്, മരണത്തിലേക്ക് എത്തുവാൻ കാരണമെന്ന്, പ്രതാപചന്ദ്രന്റെ മക്കൾ പരാതിപ്പെട്ടിരുന്നു. കെപിസിസി പ്രസിഡണ്ടിനും, പ്രതിപക്ഷ നേതാവിനും മക്കൾ ഇത് സംബന്ധിച്ചു പരാതികൾ നൽകിയെങ്കിലും, പാർട്ടി ഒരു അന്വേഷണവും ഈ കാര്യത്തിൽ നടത്തിയില്ല. മാത്രവുമല്ല, അച്ഛൻറെ മരണത്തിൽ സംശയം ഉന്നയിച്ച മക്കളുടെ നീക്കത്തിനെതിരെ, ചില കോൺഗ്രസ് നേതാക്കൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന്റെ ശേഷമാണ് പ്രതാപചന്ദ്രന്റെ മക്കൾ, മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട്, മരണത്തിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട്, പരാതി സമർപ്പിച്ചത്. ഈ പരാതിയിലും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ല.

വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലും, കെപിസിസിയിലും, ചില നേതാക്കൾ അനുഭവിച്ച ദുരന്തങ്ങളും ദുരിതങ്ങളും, ഇപ്പോൾ പാർട്ടിയിൽ ചേരിതിരിഞ്ഞുള്ള തർക്കങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. വയനാട്ടിൽ ട്രഷറർ മകനോടൊപ്പം ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പിന്നിൽ കാരണക്കാരായി മാറിയത്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതാക്കൾ തന്നെയാണെന്നാണ് ഉയരുന്ന ആരോപണം. മാത്രവുമല്ല, വയനാട്ടിലെ കോൺഗ്രസ് എം എൽ എ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ, ബാങ്ക് തട്ടിപ്പും കോഴ ഇടപാടുകളുമൊക്കെ നടക്കുന്നതായിട്ടും പരാതിയുണ്ട്. ഇതിനിടയിലാണ്, പുൽപ്പള്ളി സഹകരണ ബാങ്കിൽ നടന്ന വായ്പാതട്ടിപ്പ് വിഷയവും, ഇപ്പോൾ ചർച്ചയിൽ വന്നിരിക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവായ, ജനറൽ സെക്രട്ടറി കെ. കെ എബ്രഹാം ബാങ്ക് പ്രസിഡണ്ട് ആയിരുന്ന അവസരത്തിൽ, വലിയ സാമ്പത്തിക തിരുമറികളും തട്ടിപ്പും നടത്തിയതായിട്ടാണ് കേസുകൾ ഉണ്ടായത്. 38 കർഷകരാണ് ഭരണസമിതിക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ ഇരകളായി മാറിയത്. ഭരണസമിതിക്കാരും പ്രസിഡണ്ടും വ്യാജ രേഖകൾ ചമച്ച്, ഏതാണ്ട് ഏഴര കോടി രൂപയോളം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. എബ്രഹാം കേസിൽ അറസ്റ്റിൽ ആവുകയും, ഒന്നരമാസത്തിലധികം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.

കെപിസിസി ട്രഷറർ ആയിരുന്ന പ്രതാപചന്ദ്രന്റെ ആകസ്മിക മരണത്തിൻറെ പിന്നിലും, പാർട്ടി നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുടെ കഥകൾ നിറഞ്ഞ നിൽക്കുന്നുണ്ട്. കെ സുധാകരൻ പ്രസിഡണ്ടായ ശേഷം നടത്തിയ, പാർട്ടി ഫണ്ട് പിരിവിൽ കിട്ടിയ കോടിക്കണക്കിന് രൂപയിൽ, നല്ലൊരു പങ്ക്, പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ള ആൾക്കാർ അടിച്ചുമാറ്റിയെന്നതിൽ തർക്കങ്ങൾ ഉണ്ടാവുകയും, ട്രഷറർ ആയിരുന്ന പ്രതാപചന്ദ്രൻ കണക്കുകൾ ആവശ്യപ്പെടുകയും ചെയ്തതോടുകൂടി, സംശുദ്ധനായ പ്രതാപചന്ദ്രനെതിരെ കുറ്റം ചുമത്തുന്ന ആരോപണങ്ങളാണ്, മറ്റു നേതാക്കൾ ഉയർത്തിയതെന്നും, ഇതേ തുടർന്നുണ്ടായ മാനസിക സംഘർഷമാണ്, പ്രതാപചന്ദ്രന്റെ മരണത്തിന് ഇടയാക്കിയത് എന്നുമുള്ള ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഏതായാലും കേരളത്തിലെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന്, ഒരു പുതിയ തലവേദനയായി, വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയും അതുപോലെതന്നെ, മുൻ കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ ആകസ്മിക മരണവും എത്തിയിരിക്കുന്നു, എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ രണ്ടു വിഷയങ്ങളിലും, പാർട്ടി നേതൃത്വം കാര്യമായ ഇടപെടൽ നടത്തി- പരിഹരിച്ചില്ലായെങ്കിൽ, വരുന്ന നാളുകളിൽ വിഷയം കൂടുതൽ ഗൗരവമായി മാറുകയും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിന്റെ രാഷ്ട്രീയ ശത്രുവായ സിപിഎം ഈ രണ്ടു വിഷയങ്ങളും ഉന്നയിച്ചുകൊണ്ട് ആയുധമാക്കി ഉപയോഗിക്കുന്ന സ്ഥിതിയും ഉണ്ടാകാനാണ് സാധ്യത.