എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു.അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലായിരുന്നു.

ദിവാസി യുവാവിനെ കാട്ടാന ആക്രമിച്ച്‌ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ മണ്ഡലത്തിലെ ജനപ്രതിനിധിയായ പി.വി അൻവറിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫിസിലേക്ക് ഇന്നലെ രാവിലെ 11 മണിയോടെയാണ് മാർച്ച് നടത്തിയത്. എന്നാൽ സംഭവം നടന്ന് എട്ടാമത്തെ മണിക്കൂറിൽ എം.എൽ.എയുടെ വീട്ടിലേക്ക് ഡിവൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്യാനെത്തി. വൈകാതെ അറസ്റ് ചെയ്തു കൊണ്ടുപോവുകയും പുലർച്ചെ രണ്ടുമണിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിലിലടക്കുകയുംചെയ്തു. ഇങ്ങനെ നിയമം നടപ്പാക്കുന്നതിലെ കേരളാ പൊലിസിന്റെ ഈ വേഗതയെ മലയാളികൾ ആരും പ്രശംസിച്ചുപോകും. എന്നാൽ ഈ വേഗതയും ശുഷ്കാന്തിയും എല്ലാകേസിലും വേണമെന്ന് കേരളാ പോലീസിനെയും പിണറായി വിജയൻ സർക്കാരിനെയും ഈ സമയത്ത് ഓർമിപ്പിക്കേണ്ടതുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്ന പി.ഡി.പി.പി ആക്‌ട് അനുസരിച്ചാണല്ലോ അൻവർ എന്ന എം.എൽ.എക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരളാ പൊലിസ് കേസെടുത്ത് അറസ്റ്റ്ചെയ്ത് രാത്രിക്ക് രാത്രി ജയിലിലടച്ചത്.

ഇപ്പോൾ ഓർമവരുന്നത് കേരളത്തിൽ സമീപകാലത്ത് ഏറ്റവുമധികം ചർച്ചയായ, പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളാണ്. അത് എങ്ങനെ കേരളാ പൊലിസ് കൈകാര്യം ചെയ്തു എന്നു നോക്കിയാൽ, അൻവറിന്റെ കാര്യത്തിലുള്ള പൊലിസിന്റെ ശുഷ്കാന്തിക്ക് പിന്നിലെ രാഷ്ട്രീയം മനസ്സിലാകും. രണ്ട് സംഭവങ്ങളും ഏറെക്കുറേ പത്ത് കൊല്ലം മുമ്പ് നടന്നതാണ്. 2013 നവംബറിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി രൂപത നടത്തിയ ഹർത്താലിനോടനുബന്ധിച്ച്‌ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് നേർക്കുണ്ടായ ആക്രമണമാണ് ഒന്നാമത്തെ സംഭവം. ഇന്നലെ നിലമ്പൂരിലെ ഫോറസ്റ്റ് ഓഫിസ് സാക്ഷ്യംവഹിച്ചതുപോലെ അൻവറിന്റെ വിരലിലെണ്ണാവുന്ന പ്രവർത്തകർ നടത്തിയ അക്രമസംഭവങ്ങൾ ആയിരുന്നില്ല. മറിച്ച്‌ അഴിഞ്ഞാട്ടമായിരുന്നു 2013 ൽ താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് പരിസരത്തുണ്ടായത്. മലയോര മേഖലകളിൽ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായി എത്തിയ ആൾക്കൂട്ടം താമരശേരി വനംവകുപ്പ് ഓഫിസ് ആക്രമിക്കുകയും ഫയലുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വനംവകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും അതുവഴി പോയ കെ.എസ്.ആർ.ടി.സി ബസും നിരവധി വാഹനങ്ങളും അക്രമികൾ തകർക്കുകയും ജീപ്പും ഒട്ടേറെ രേഖകളും കത്തിനശിപ്പിക്കുകയും ചെയ്‌തു . ഓഫിസിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിമുറിക്കുകയും ചെയ്‌തു . മണിക്കൂറുകളോളമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം നിലനിന്നത്. മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. പൊലിസുകാർക്ക് നേരെയും ആക്രമണമുണ്ടായി. കേരളാ പൊലിസിനെ നോക്കുകുത്തികളാക്കി നിശ്ചലമാക്കിക്കൊണ്ടായിരുന്നു ഈ അഴിഞ്ഞാട്ടമത്രയും.താമരശ്ശേരിയിൽ അക്രമിക‍ൾ കെ.എസ്.ആർ.ടി.സി ബസ്സിനും പോലിസ് ജീപ്പിനും തീയിട്ടപ്പോൾ മലയോരമേഖല മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഈ അസാധാരണ അഴിഞ്ഞാട്ടക്കേസ് വളരെ അസാധാരണമായിട്ടാണ് കേരളാ പൊലിസ് കൈകാര്യംചെയ്തത്. നേതൃത്വം നൽകിയ ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയേലിനെ കേസിൽ നിന്ന് ഒഴിവാക്കി. ഒരു പെറ്റിക്കേസ് പോലും ബിഷപ്പിനെതിരേ ഉണ്ടായില്ല. അക്രമികളുടെ ദൃശ്യങ്ങളും ഇവർ എത്തിയ വാഹനങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുമടക്കം നിർണായക തെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചെങ്കിലും കേസ് ദുർബലപ്പെടുത്തുകയാണ് പൊലിസ് ചെയ്തത്. വിചാരണ നടന്നുകൊണ്ടിരിക്കെ നിർണായകമായ കേസ് ഡയറി കാണാതായി എന്ന നാടകീയ സംഭവങ്ങൾക്കും കേസ് സാക്ഷ്യംവഹിച്ചു. ആകെയുള്ള 34 പ്രതികളെയും വെറുതെവിട്ടുകൊണ്ടാണ് ഒടുവിൽ കേസിലെ വിധി വന്നത്.

രണ്ടാമത്തെ സംഭവം 2015 മാർച്ചിലാണ് നടന്നത്.
ബാർകോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനായി നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എം.എൽ.എമാർ നടത്തിയ അതിക്രമം മലയാളികൾ നേരിട്ട് കണ്ടതാണ്. കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിലെ പ്രതികൾ പിന്നീട് മന്ത്രിമാരായി. പ്രതിചേർക്കപ്പെട്ട കെ.ടി ജലീലും ഇ.പി ജയരാജനും ആദ്യ പിണറായി മന്ത്രിസഭയിൽ മന്ത്രിമാരായി. ശിവൻകുട്ടി ഇപ്പോഴത്തെ സർക്കാരിൽ വിദ്യാഭ്യാസവകുപ്പും കൈകാര്യംചെയ്യുന്നു. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ പ്രതികൾ സുപ്രിംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിടുകയാണുണ്ടായത്. ഇനി നമുക്ക് ഇന്നലത്തെ സംഭവങ്ങളിലേക്ക് വരാം.
ഇന്നലെ രാവിലെ 11.45ഓടെയാണ് നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് പരിസരത്ത് അക്രമസംഭവങ്ങളുണ്ടായത്. വൈകീട്ട് നാല് മണിയോടെ നിലമ്പൂർ പൊലീസ് കേസ് നടപടി തുടങ്ങി. ആറ് മണിയോടെ അൻവറിനെ ഒന്നാം പ്രതിയാക്കി 11 പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വൈകീട്ട് 7 മണിയോടെ അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയ പോലീസ്, ഒതായിയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ വൻ പോലീസ് സന്നാഹത്തോടെ എത്തി. രാത്രി എട്ടിന് നിലമ്പൂർ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ വീടിന്റെ കോംപൗണ്ടിലേക്ക് കടന്നതോടെ ഏത് സമയവും അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായി. 8.30ന് പൊലീസ് വീടിനുള്ളിലേക്ക് പ്രവേശിച്ചു. മാധ്യമങ്ങളുമായി സംസാരിച്ചുകൊണ്ടിരുന്ന അൻവറിനോട് 9.30ഓടെ കീഴടങ്ങാൻ ആവശ്യപ്പെട്ടു. അറസ്റ്റിന് വഴങ്ങുമെന്ന് അൻവർ പ്രഖ്യാപിച്ചു. വാറന്റിൽ ഒപ്പുവെച്ചു. വീട്ടിൽ നിന്നും അൻവറിനെ കൊണ്ടുപോയി. രാത്രി 10.40ന് വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുൻപിൽ എത്തിച്ചു. 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം 2.15 ന് അൻവറിനെ തവനൂർ സെന്ട്രൽ ജയിലിലടച്ചു.

മാസങ്ങൾക്ക് മുമ്പ് വരെ പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന പി.വി അൻവർ എം.എൽ.എ, കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് വെട്ടിത്തുറന്ന് പറഞ്ഞതോടെയാണ് മുഖ്യമന്ത്രിയുമായും സി.പി.എമ്മുമായും തെറ്റുന്നത്. അൻവർ കാണിച്ചിട്ടുള്ളത് പോലെ സമീപകാലത്തൊന്നും ഒരു നേതാവും കേരളാ പൊലിസിനെ പ്രതിരോധത്തിലാക്കിയിട്ടില്ല. ഭരണപക്ഷ എം.എൽ.എയായിരിക്കെ തന്നെ, പ്രതിപക്ഷത്തെക്കാൾ ആവേശത്തോടെ കേരളാ പൊലിസിലെ സംഘ്പരിവാർ സാന്നിധ്യം അൻവർ തുറന്നുകാട്ടിക്കൊണ്ടിരുന്നു. അങ്ങിനെ അയാൾക്ക് വേണ്ടി കേരളാ പൊലിസ് തയാറാക്കിവച്ച വലയിലേക്ക് അൻവർ ചാടിയെന്നു വേണം പറയാൻ.

വന്യമൃഗങ്ങളുടെ ആക്രമണം പോലുള്ള മലയോരമേഖലയിലെ ഏറ്റവും ജനകീയ ആവശ്യങ്ങളിലൊന്നിന്റെ പേരിൽ ജയിലിൽ പോയ പി.വി അൻവർ എം.എൽ.എ ഇനി തിരിച്ചുവരിക അതിലും ആവേശത്തോടെയും കരുത്തോടെയും ആകും. കേവലമൊരു വൈറ്റ് കോളർ പൊളിടീഷ്യന് എന്നതിനപ്പുറത്തേക്കുള്ള ഇമേജോടെയാകും അൻവറിനെ ഇനി കേരളാ രാഷ്ട്രീയത്തിൽ കാണാൻ കഴിയുക. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പഴയ വിവാദ പ്രയോഗം പി.വി അൻവർ ആവർത്തിച്ചു. എംഎൽഎ ആയതുകൊണ്ട് വഴങ്ങുന്നു.അല്ലെങ്കിൽ പിണറായിയുടെ അപ്പന്റെ അപ്പൻ വിചാരിച്ചാലും തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലായിരുന്നു എന്നായിരുന്നു അൻവറിന്റെ പ്രതികരണം. അറസ്റ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സമയത്ത് സ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകരോടായിരുന്നു അൻവറിന്റെ വാക്കുകൾ.

മാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഇതേ പ്രയോഗത്തിൽ പി.വി അൻവർ പിന്നീട് പിണറായിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞിരുന്നു. പി.വി അൻവറും മുഖ്യമന്ത്രിയും ഇടഞ്ഞതിന് പിന്നാലെ നിയമസഭാ മന്ദിരത്തിന് മുൻപിൽ മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അന്ന് അൻവറിന്റെ വാക്കുകൾ. പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ഞാൻ മറുപടി കൊടുക്കുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിയോടും കുടുംബത്തോടും ഫേസ്ബുക്ക് വീഡിയോയിലൂടെ അൻവർ മാപ്പ് ചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ പൊലീസ് അറസ്റ്റ് ഉറപ്പിച്ച ശേഷമാണ് അൻവർ അന്നത്തെ പ്രയോഗം ആവർത്തിച്ചത്. നിയമത്തിന് കീഴടങ്ങുകയാണ്. നിയമം അനുസരിക്കുന്ന ആളുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. അതാണ് അറസ്റ്റിന് വഴങ്ങിയത്. പൊലീസുകാരെ പറഞ്ഞിട്ട് കാര്യമില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയന്റെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് അവർ ചെയ്തതെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
ഒരു പക്ഷെ ജയിലിലിട്ട് തന്നെ കൊല്ലുമായിരിക്കും, എല്ലാം കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് വരുന്നുണ്ടല്ലോ, അപ്പോൾ നോക്കാം. പലരെയും കൊന്നിട്ടുണ്ട്. പലർക്കും വിഷം കൊടുത്തിട്ടുണ്ട്. ജീവൻ ബാക്കിയുണ്ടെങ്കിൽ പുറത്തിറങ്ങിയാൽ കാണിച്ചുകൊടുക്കാമെന്നും അൻവർ പറഞ്ഞു.

വന നിയമത്തിൽ പുതിയ നിയമഭേദഗതി വരികയാണ്. ഇന്ന് ഫോറസ്റ്റിനുള്ള അധികാരത്തിന്റെ പത്തിരട്ടി അമിത അധികാരം കൊടുക്കുകയാണ്. ജനങ്ങൾക്കൊന്ന് പ്രതിഷേധിക്കാൻ പോലും പറ്റാത്ത സ്ഥിതി. ഒരു ഫോറസ്റ്റുകാരന്റെ മുഖത്തേക്ക് തുറിച്ചുനോക്കിയാൽ പോലും അവനെ അറസ്റ്റ് ചെയ്യാനുള്ള നിയമഭേദഗതി നിയമസഭയിൽ കൊണ്ടുവരുമ്പോൾ, മലയോരമേഖലയിലെ ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ഒരു ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞാണ് പി.വി. അൻവർ സംസാരിച്ചു തുടങ്ങിയത്.നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവർ എംഎൽഎയെ അറസ്റ്റ് ചെയ്തത് കേസെടുത്ത് മണിക്കൂറുകൾക്കകമാണ്.135 എ വകുപ്പ് പ്രകാരമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. എംഎൽഎ ആയ ഒരാളെ അറസ്റ്റ് ചെയ്യണമെങ്കിൽ നിയമസഭ സമ്മേളനം നടക്കുമ്പോൾ സ്‌പീക്കറുടെ അനുമതി വേണം. അല്ലാത്തപക്ഷം അറസ്റ്റ് നിയമനടപടികൾ സാധാരണ പൗരന് ഉള്ളതുപോലെ തന്നെയാണ് നടപ്പാക്കുക. ഇന്ന് വൈകുന്നേരം വരെ അൻവറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് നടത്തിയിരുന്നില്ല. എന്നാൽ രാത്രിയോടെ മലപ്പുറം എടവണ്ണ ഒതായിയിലെ വീടിന് മുന്നിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം എത്തി വീട് വളയുകയായിരുന്നു. സംഭവത്തിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റേയും പി.ശശിയുടേയും ഗൂഢാലോചന നടക്കുന്നുവെന്നും ഇതിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്നും അറസ്റ്റിന് മുൻപ് പി.വി അൻവർ പ്രതികരിച്ചു.

നിയമത്തിന് വിധേയമായി നിൽക്കും. എം.എൽ.എയ്ക്ക് ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പോലീസിനെതിരേയും പി.ശശിക്കെതിരേയും പറഞ്ഞതിനാൽ എന്തെങ്കിലും അവസരം കിട്ടട്ടേ എന്ന നിലപാടിലായിരുന്നു. ആ അവസരം ഉപയോഗിക്കുകയാണെന്നും പി.വി അൻവർ പ്രതികരിച്ചു. ലക്ഷക്കണക്കിന് വരുന്ന മലയോര കർഷകർക്ക് വേണ്ടിയാണ് ഞായറാഴ്ച നിലമ്പൂരിൽ സമരം നടന്നത്. ആ പോരാട്ടം തുടരുമെന്നും അൻവർ അറിയിച്ചു. കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിലായിരുന്നു പി.വി അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക്
മാർച്ച്‌ നടന്നത്. തുടർന്ന് അടച്ചിട്ട ഡി.എഫ്.ഒ ഓഫീസിന്റെ പൂട്ട് പ്രവർത്തകർ പൊളിക്കുകയും ഉള്ളിൽ കടന്ന് സാധനങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തിരുന്നു. ഈ കേസിൽ അൻവറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു.