അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡണ്ടായി മലയാളിയായ കെ.സി വേണുഗോപാൽ ഉടൻ ചുമതലയേൽക്കുമെന്ന് അറിയുന്നു. നിലവിൽ എഐസിസിയുടെ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് വേണുഗോപാൽ. കഴിഞ്ഞ മൂന്നു വർഷക്കാലത്ത് ജനറൽ സെക്രട്ടറി പദവിയിലുള്ള പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള മതിപ്പാണ് പുതിയ പദവിയിലേക്ക് വേണുഗോപാലിനെ എത്തിച്ചിരിക്കുന്നത്. നിലവിൽ കോൺഗ്രസ് പ്രസിഡന്റായ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പിലൂടെ ജയിച്ചു വന്ന ആളാണ്.
കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും താല്പര്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പവസരത്തിൽ പ്രസിഡൻറ് പദവിയിലേക്ക് ഖാർഗെയെ നിയോഗിച്ചത്. വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒന്നര കൊല്ലമായി അദ്ദേഹമാണ് ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടിയെ നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പാർട്ടിയുടെ ദേശീയ പ്രസിഡണ്ടായ ഖാർഗെ- പ്രായാധിക്യത്തിന്റെ പേരിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയുടെ ശക്തമായ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് എല്ലായിടത്തും നിരന്തരം ഓടിനടന്ന് പ്രവർത്തിക്കുവാൻ ഖാർഗെക്ക് കഴിയാതെ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു വർക്കിംഗ് പ്രസിഡണ്ടിനെ നിയോഗിക്കുക എന്ന ആശയം സോണിയാഗാന്ധി തന്നെ മുന്നോട്ടുവച്ചു എന്നാണ് അറിയുന്നത്. സോണിയാഗാന്ധിയുടെ ഈ നിർദ്ദേശം രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും അംഗീകരിച്ചതായിട്ടും അറിയുന്നുണ്ട്. പുതിയ വർക്കിംഗ് പ്രസിഡണ്ട് എന്ന പദവിയിലേക്ക് ആര് എന്ന ചോദ്യത്തിന് ഖാർഗെ തന്നെ കെ സി വേണുഗോപാലിൻറെ പേര് നിർദ്ദേശിച്ചതായും അറിയുന്നുണ്ട്. നെഹ്റു കുടുംബത്തിൻറെ എല്ലാത്തരത്തിലുമുള്ള പിൻബലത്തിലാണ് വേണുഗോപാൽ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നത്. സോണിയ കുടുംബത്തിൻറെ വിശ്വസ്തൻ എന്നതാണ് വേണുഗോപാലിന് ഇപ്പോൾ കിട്ടിയിരിക്കുന്ന ഏറ്റവും വലിയ അംഗീകാരം. അതുകൊണ്ടുതന്നെ കോൺഗ്രസ് പാർട്ടിക്ക് കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിയുന്ന ഒരു വർക്കിംഗ് പ്രസിഡണ്ട് ഉണ്ടാവുക എന്ന ആലോചനയിൽ മുതിർന്ന നേതാക്കളെല്ലാം വേണുഗോപാലിന്റെ പേരിനോട് യോജിക്കുന്നതായിട്ടും വാർത്തയുണ്ട്.
മൂന്നാമത്തെ തവണയും ഭൂരിപക്ഷം നേടുകയും രാജ്യഭരണം സ്വന്തമാക്കുകയും ചെയ്ത ബിജെപിക്കെതിരായിട്ടുള്ള ഇന്ത്യ മുന്നണിയുടെ സഖ്യം രൂപപ്പെടുത്തുന്നതിൽ കാര്യമായ തോതിൽ ഇടപെടൽ നടത്തുകയും അത് ഫലപ്രദമാക്കുകയും ചെയ്തതിൽ മുഖ്യപങ്ക് വഹിച്ചത് വേണുഗോപാൽ ആയിരുന്നുവെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ത്യ മുന്നണിയുടെ രൂപീകരണം ഫലപ്രദമായി നടന്നത് കൊണ്ടാണ് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി എന്ന പാർട്ടിക്ക്- ഒറ്റയ്ക്ക് ഭരണം എന്ന അവസ്ഥ നഷ്ടപ്പെടുവാൻ വഴിയൊരുക്കിയത്. ഇതിന് സഖ്യകക്ഷികളുമായി എല്ലാത്തരത്തിലും ഇടപെട്ടുകൊണ്ട് മുന്നോട്ടു നീങ്ങുന്നതിനുള്ള വഴികളൊരുക്കിയത് വേണുഗോപാൽ ആയിരുന്നു. ഇന്ത്യ സഖ്യത്തിലെ മുഖ്യ ഘടക കക്ഷികളായ തൃണമൂൽ കോൺഗ്രസ് ഡി എം കെ സമാജ് വാദി പാർട്ടി അതുപോലെതന്നെ എൻസിപി തുടങ്ങിയവയുടെ നേതാക്കളെല്ലാം ഇന്ത്യ മുന്നണിയുടെ കെട്ടുറപ്പോടുകൂടെയുള്ള മുന്നോട്ട് പോക്കിന് വേണുഗോപാൽ നടത്തിയ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് എന്ന പദവിയിലേക്ക് കടന്നുവരുന്നതിന് വേണുഗോപാലിന് ഗുണം ചെയ്തിരിക്കുന്നു എന്നതാണ് വാസ്തവം.
ദേശീയ പ്രതിപക്ഷ മുന്നണിയിലെ പാർട്ടികളുടെ എല്ലാ നേതാക്കളുമായി ഇപ്പോൾ ഏറ്റവും കൂടുതൽ അടുപ്പമുള്ളത് വേണുഗോപാലിനാണ്. ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളുമായി സഖ്യം ഉണ്ടാക്കുന്നതിനും- സീറ്റ് ചർച്ചകൾ നടത്തി ഒരുമിപ്പിച്ച് നിർത്തുന്നതിലും വേണുഗോപാൽ പ്രകടമാക്കിയിട്ടുള്ള കഴിവ് കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ കാര്യങ്ങളിലും ഇപ്പോൾ ഒരു അവസാനവാക്ക് എന്നത് കെ സി വേണുഗോപാലിൽ എത്തിനിൽക്കുന്നു. കേരളത്തിലെ തന്നെക്കാൾ മുതിർന്നവരായ നേതാക്കളെ പോലും ഒപ്പം നടത്തുവാനുള്ള പക്വതയോടെയുള്ള ഇടപെടലുകൾ വേണുഗോപാൽ നടത്തിക്കൊണ്ടിരിക്കുന്നതിൽ മുതിർന്ന നേതാക്കൾക്കും അദ്ദേഹത്തെ പ്രിയമാണ്. കേരളത്തിലെ പാർട്ടിയുടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും പരമാവധി അകന്നുനിന്നുകൊണ്ട് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് ഗോപാൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കേരള നേതാക്കൾ- വേണുഗോപാലിനെ ദേശീയതലത്തിൽ പാർട്ടിയുടെ വർക്കിംഗ് പ്രസിഡണ്ട് പദവിയിലേക്ക് തീരുമാനിക്കുന്നതിൽ അനുകൂല നിലപാട് എടുക്കുവാനാണ് സാധ്യത.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ- ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിലാണ് വേണുഗോപാൽ വിജയിച്ചത്. കേരളത്തിലെ ഒരു എംപി എന്ന നിലയിൽ മണ്ഡലത്തിലെ കാര്യങ്ങൾക്ക് സജീവ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് എപ്പോഴും മണ്ഡലത്തിൽ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ തന്നെ പാർട്ടിയുടെ ദേശീയ വിഷയങ്ങളിലും ഓടിയെത്തി നിരന്തരം ഇടപെടാൻ വേണുഗോപാൽ നടത്തുന്ന തീവ്ര പരിശ്രമങ്ങൾ ശ്രദ്ധേയമാണ്. 140 വർഷക്കാലത്തെ ചരിത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ കോൺഗ്രസ് പാർട്ടിക്ക് ദേശീയതലത്തിൽ സ്വന്തമായി ഒരു ആസ്ഥാനമന്ദിരം ഉണ്ടായത് വേണുഗോപാൽ സംഘടനാകാര്യ സെക്രട്ടറി എന്ന നിലയിൽ നടത്തിയ നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു.
കഴിഞ്ഞയാഴ്ച ഇന്ദിരാ ഭവൻ എന്ന കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ ഓഫീസ് ഉദ്ഘാടനം ചെയ്തപ്പോൾ എല്ലാ നേതാക്കളും എടുത്തു പറഞ്ഞതും പുകഴ്ത്തിയതും വേണുഗോപാലിന്റെ പരിശ്രമങ്ങളെക്കുറിച്ച് ആയിരുന്നു. കോൺഗ്രസ് പാർട്ടിക്ക് ദേശീയ ആസ്ഥാനം എന്നത് സഫലമായതിൽ മുഴുവൻ ക്രെഡിറ്റും വേണുഗോപാലിന് കൈമാറുവാൻ വരെ പല നേതാക്കളും തയ്യാറായി. ഇതും പാർട്ടിയുടെ തലപ്പത്തേക്ക് വേണുഗോപാലിന് എത്തുന്നതിനുള്ള വഴികൾക്ക് ആക്കംകൂട്ടി എന്നതും എടുത്തു പറയേണ്ട കാര്യമാണ്.